കൊച്ചിയിലും ഗോവ തന്നെ; പക വീട്ടാനാവാതെ ബ്ലാസ്റ്റേഴ്സ്
text_fieldsകൊച്ചി: ഗോവയിലേറ്റ നാണക്കേടിന് പകരം വീട്ടാനിറങ്ങിയ ബ്ലാസ്റ്റേഴ്സിനെ അവരുടെ നാട്ടിലും തറപറ്റിച്ച് എഫ് സി ഗോവ. ആദ്യ പകുതിക്ക് ശേഷം 1-1 എന്ന നിലയിൽ കളിയാരംഭിച്ച ഗോവക്ക് വേണ്ടി 77ാം മിനിറ്റിൽ എഡ്വാർഡോ ബെഡിയ നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിനെ തകർത്തത്. സ്കോർ എഫ് സി ഗോവ 2 -1 കേരള ബ്ലാസ്റ്റേഴ്സ്. തോൽവിയോടെ 12 മത്സരങ്ങളിൽ 14 പോയിന്റ് മാത്രമുള്ള കേരളം ഏഴാം സ്ഥാനത്തായി. 10 മത്സരങ്ങളിൽ നിന്ന് 19 പോയിൻറുള്ള ഗോവ പട്ടികയിൽ നാലാം സ്ഥാനം നിലനിർത്തി. തുടർച്ചയായ രണ്ട് തോൽവികളോടെ കേരളത്തിെൻറ സെമി സാധ്യതയും മങ്ങി.
ഏഴാം മിനിറ്റിലെ കോറോയുടെ അതിമനോഹരമായ ഗോളിലൂടെ മുന്നിട്ട് നിന്ന ഗോവക്ക് 29ാം മിനിറ്റിൽ ചുട്ട മറുപടി നൽകി വിനീതിലൂടെ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചിരുന്നു. വെസ്ബ്രൗണിെൻറ ഹെഡർ ഏറ്റു വാങ്ങിയ സിയാം ഹംഗൽ അത് വിനീതിെൻറ കാലിലേക്ക് നൽകി, ഗോവൻ ഗോളി ലക്ഷ്മീ കാന്ത് കട്ടിമണിയെ കാഴ്ചക്കാരനാക്കി വിനീത് പന്ത് പോസ്റ്റിലേക്ക് പായിക്കുകയായിരുന്നു.
പോസ്റ്റിലേക്ക് വന്ന ബോൾ തട്ടി പുറത്താക്കിയ ജിങ്കൻ വഴി ലഭിച്ച കോർണറാണ് ഗോവൻ താരം ബെഡിയ ഗോളാക്കിയത്. നാലാമത്തെ മിനിട്ടിൽ ലാൻസറോട്ടയുടെ അപകടകരമായ ഷോട്ടിലൂടെ ഗോവ സ്േകാർ ചെയ്യുമെന്ന് കരുതിയെങ്കിലും ബ്ലാസ്റ്റേഴ്സ് രക്ഷപെടുകയായിരുന്നു. ഗോളി റചുബ്കയെ മറികടന്ന് ചാട്ടുളി പോലെ പാഞ്ഞ ബോൾ ക്രോസ് ബാറിൽ തട്ടി മാറിയത് തെല്ലൊന്നുമല്ല മഞ്ഞ പടക്ക് ആശ്വാസമായത്. എന്നാൽ ഏഴാം മിനിറ്റിൽ കൊച്ചിയിൽ തിങ്ങി നിറഞ്ഞ ആരാധകരെ നിശബ്ദരാക്കി ഗോവ ഗോളടിച്ചു. ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയെ ഒന്നും ചെയ്യാനനുവദിക്കാതെ മന്ദർറാവീ ദേശായിയുടെ പാസിലൂടെയായിരുന്നു ഫെറാൻ കോറോമിനാസിെൻറ ഗോൾ.
മികച്ച മുന്നേറ്റം നടത്തിയ ഗോവക്ക് മുമ്പിൽ ബ്ലാസ്റ്റേഴ്സ് പതറുന്ന കാഴ്ചയായിരുന്നു ആദ്യ 25 മിനിറ്റിൽ കണ്ടത്. ടീമിെൻറ മധ്യനിരയിലെ പുലിക്കുട്ടി കിസിറ്റോയുടെ അഭാവം പ്രകടമായിരുന്നു. 29ാം മിനിറ്റിൽ ഗോളടിച്ചതോടെ ടീം ഉണർന്നു. ഹ്യൂമിനും സി.കെ വിനീതിനും മികച്ച അവസരങ്ങൾ പല തവണ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല.
ഗോവയിൽ പോയപ്പോൾ 5-2 ന് നാണം കെട്ട മഞ്ഞ ജഴ്സിക്കാർ നാട്ടിൽ തിരിച്ചടിക്കാനുള്ള കഠിന ശ്രമത്തിലായിരുന്നു. കഴിഞ്ഞ കളിയിലെ പരാജയം ഗാലറിയിലും ദൃശ്യമായി. രണ്ടാം പകുതിയിൽ ഇരു ടീമുകളും ആക്രമിച്ചാണ് കളിച്ചത്. നിരവധി തവണ ഗോവയെ ഞെട്ടിക്കാൻ ആതിഥേയർക്ക് കഴിഞ്ഞെങ്കിലും ഫലം വന്നപ്പോൾ ഞെട്ടിയത് കേരള ബ്ലാസ്റ്റേഴ്സും ആരാധകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.