സ്വീഡിഷ് കരുത്തിൽ കൊറിയ വീണു (1-0)
text_fieldsമോസ്കോ: ജർമനി തോൽവിയോടെ തുടങ്ങിയ ഗ്രൂപ്പിൽ ദക്ഷിണ കൊറിയക്കെതിരെ ജയം കുറിച്ച് സ്വീഡെൻറ അരങ്ങേറ്റം. ‘വാർ’ ഒരിക്കൽക്കൂടി വിധികർത്താവായ മത്സരത്തിൽ 65ാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി ആൻഡ്രിയാസ് ഗ്രാൻക്വിസ്റ്റാണ് സ്വീഡന് വിലപ്പെട്ട മൂന്നു പോയൻറ് സമ്മാനിച്ചത്. 1958നു ശേഷം ലോകകപ്പിലെ ആദ്യ മത്സരം ജയിച്ച സ്വീഡന് ഇനി പ്രതീക്ഷ വാനോളം.
ഉടനീളം പന്തിെൻറ നിയന്ത്രണം വിടാതെ കളത്തിൽ ഒാടിനടന്ന ടീമിന് കാവ്യനീതിപോലെ കിട്ടിയ ജയമായിരുന്നു സ്വീഡേൻറത്. അവസരങ്ങളേറെ തുറന്നും കൊറിയൻ പെനാൽറ്റി ബോക്സിൽ നിരന്തരം കയറിയിറങ്ങിയും കാണികളെ വിരുന്നൂട്ടിയ ടീം പക്ഷേ, അവയിൽ പാതിയെങ്കിലും ഗോളാക്കിയിരുന്നെങ്കിൽ ഏഷ്യൻ പ്രാതിനിധ്യമായി എത്തിയ കൊറിയയുടെ പരാജയഭാരം കനത്തതാകുമായിരുന്നു. അർധാവസരങ്ങൾപോലും ഗോളാക്കി ലോകത്തെ കൊതിപ്പിച്ച സ്റ്റാർ സ്ട്രൈക്കർ സ്ലാറ്റൻ ഇബ്രാഹീമോവിച്ചിന് പകരക്കാരനെ സ്വീഡൻ ഇപ്പോഴും കാത്തിരിക്കുകയാണെന്ന് ബോധ്യപ്പെടുത്തുന്നതു കൂടിയായി മത്സരം.
സ്വീഡെൻറ ആക്രമണം, കൊറിയയുടെ പ്രത്യാക്രമണം
ജർമനിയും മെക്സിക്കോയും കളിക്കു മുേമ്പ നോക്കൗട്ട് ‘ഉറപ്പിച്ച’ ഇടമാണ് ഗ്രൂപ് എഫ്. കരുത്തും മികവും മേളിച്ച ഇരു ടീമുകളെയും കടന്ന് അടുത്ത റൗണ്ടിലെത്താൻ, നീണ്ട 12 വർഷത്തിനുശേഷം ലോകകപ്പിനെത്തിയ തങ്ങൾക്ക് നന്നായി വിയർക്കണമെന്നത് ഒാർമയിൽവെച്ചാണ് സ്വീഡൻ കളി തുടങ്ങിയത്. ആദ്യ പാതിയിൽ മൈതാനത്തിെൻറ മധ്യഭാഗത്ത് കറങ്ങിനടന്ന പന്ത് ഗോളാക്കി മാറ്റുന്നതിൽ ഇരു ടീമുകളും പരാജയമായി. സ്വീഡൻ ആക്രമണവുമായി എത്തിയപ്പോഴാവെട്ട, ഉജ്ജ്വല സേവുകളുമായി കൊറിയൻ ഗോളി ചോ കോട്ടപോലെ ഉറച്ചുനിൽക്കുകയും ചെയ്തു. 21ാം മിനിറ്റിൽ സ്വീഡിഷ് മുന്നേറ്റനിരയിലെ ബെർഗിനു തുറന്നുകിട്ടിയ അവസരം മനോഹരമായി പോസ്റ്റിലേക്ക് നിറയൊഴിെച്ചങ്കിലും ഗോളി കാലുകൊണ്ട് പ്രതിരോധിച്ച് അപകടമൊഴിവാക്കി. 15 തവണയാണ് സമാനമായി സ്വീഡൻ ദക്ഷിണ കൊറിയൻ ഗോൾമുഖത്തേക്ക് പന്ത് പായിച്ചത്. അവയിൽ പെനാൽറ്റിയൊഴികെ ഒന്നും ഗോളായി മാറിയില്ല. ദക്ഷിണ കൊറിയയാകെട്ട, നാലു തവണ എതിർ പോസ്റ്റിൽ അപായ സൂചനയുമായി എത്തിയെങ്കിലും മുനയൊടിഞ്ഞ ഇൗ നീക്കങ്ങൾ സ്വീഡിഷ് പ്രതിരോധത്തിൽ തട്ടി മടങ്ങി. കളിയിൽ സാേങ്കതികമായി മികച്ചുനിന്നത് സ്വീഡനായിരുെന്നങ്കിൽ പ്രത്യാക്രമണത്തിനായിരുന്നു ദക്ഷിണ കൊറിയ പ്രാധാന്യം നൽകിയത്.
ഗോൾ 1 66ാം മിനിറ്റ്
ദക്ഷിണ കൊറിയൻ പോസ്റ്റിൽ വിക്ടർ ക്ലീസണെ വീഴ്ത്തിയതാണ് റഫറി ‘വാർ’ പരിശോധനക്കു വിട്ടത്. അൽപ സമയമെടുത്ത റിവ്യൂക്കൊടുവിൽ ലഭിച്ച പെനാൽറ്റി ഗാൻക്വിസ്റ്റ് അനായാസമായി വലയിലെത്തിക്കുകയും ചെയ്തു. ഇതോടെ, ഉണർന്ന ദക്ഷിണ കൊറിയ ഗോൾമുഖം ലക്ഷ്യമിട്ട് നിരന്തരം ആക്രമണം നടത്തിയെങ്കിലും പലതും പാതിവഴിയിൽ അവസാനിച്ചു. ഇഞ്ചുറി സമയത്ത്, ഹ്വാങ് ഹീ ചാൻ നടത്തിയ അവസാന നീക്കവും പുറത്തേക്കു പോയതോടെ ദക്ഷിണ കൊറിയ പരാജയമുറപ്പിച്ചു. സ്വീഡെൻറ ഉയരമാണ് തങ്ങൾക്ക് വിനയായതെന്ന് മത്സരശേഷം ദക്ഷിണ കൊറിയൻ കോച്ച് പറഞ്ഞു. മെക്സിക്കോയാണ് ഏഷ്യൻ ടീമിന് അടുത്ത എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.