പയ്യനാട് ഗോകുലം എഫ്.സിയുടെ ഹോം ഗ്രൗണ്ടാകുന്നു; ഐ ലീഗിന് സാധ്യത
text_fieldsമഞ്ചേരി: ഫ്ലഡ്ലിറ്റ് സ്ഥാപിക്കാൻ ടെൻഡർ വിളിക്കാനുള്ള തീരുമാനത്തിന് പിന്നാലെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിെൻറ ഉണർവിന് ആവേശം പകർന്ന് മറ്റൊരു വാർത്ത. ഐ ലീഗ് കളിക്കുന്ന കേരളത്തിൽനിന്നുള്ള ഏക ക്ലബായ ഗോകുലം കേരള എഫ്.സിയുടെ ഹോം ഗ്രൗണ്ട് വരുന്ന അഞ്ചുവർഷത്തേക്ക് പയ്യനാട്ടെ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയമാകും.
ഇതോടെ ഇന്ത്യയിലെ ചാമ്പ്യൻ ക്ലബുകളായ മോഹൻബഗാനും ഈസ്റ്റ് ബംഗാളും ചർച്ചിൽ ബ്രദേഴ്സും മിനർവ എഫ്.സിയുമൊക്കെ മഞ്ചേരിയുടെ മണ്ണിൽ വരുന്ന സീസൺ മുതൽ പന്തുതട്ടും. തങ്ങളുടെ പ്രഥമ ഐ ലീഗ് സീസണിൽതന്നെ പയ്യനാട് സ്റ്റേഡിയമാണ് ഗോകുലം കേരള എഫ്.സി തങ്ങളുടെ ഹോം ഗ്രൗണ്ടായി ദേശീയ ഫുട്ബാൾ ഫെഡറേഷന് പേര് സമർപ്പിച്ചിരുന്നത്. എന്നാൽ, സ്റ്റേഡിയത്തിെൻറ മോശപ്പെട്ട അവസ്ഥകാരണം അനുമതി നിഷേധിച്ചു. ഇതോടെ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം ഗോകുലം എഫ്.സിയുടെ ഈ സീസണിലെ ഹോം ഗ്രൗണ്ടായി.
ആദ്യ മത്സരത്തിൽ 20,000 കാണികൾ കോഴിക്കോട്ടെത്തിയെങ്കിലും പിന്നീടുള്ള മത്സരങ്ങളിൽ കാണികളുടെ സാന്നിധ്യം കുറവായതോടെയാണ് പയ്യനാട് തന്നെ ഹോം ഗ്രൗണ്ടായി ഗോകുലം തെരഞ്ഞെടുത്തത്. അടുത്ത ഐ ലീഗ് മത്സരങ്ങൾ തുടങ്ങുമ്പോഴേക്കും സ്റ്റേഡിയത്തിെൻറ നവീകരണ ജോലികൾ പൂർത്തിയാവുമെന്നാണ് പ്രതീക്ഷ.
പയ്യനാട് സ്റ്റേഡിയത്തിൽ സ്ഥിരം ഫ്ലഡ്ലിറ്റ്; ടെൻഡർ ഉടൻ
ജില്ല സ്പോർട്സ് കൗൺസിലിന് കീഴിലെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഫ്ലഡ്ലിറ്റ് സ്ഥാപിക്കാനുള്ള ടെൻഡർ ഈ മാസം വിളിക്കും. 4.1 കോടി രൂപ അടങ്കലുള്ള ടെൻഡർ വൈകുന്നതിൽ പ്രതിഷേധമുയർന്നതോടെയാണ് സർക്കാർ നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്. ഫ്ലഡ്ലിറ്റ് സംവിധാനമില്ലാത്തതിനാൽ പ്രധാന ടൂർണമെൻറുകൾക്കും മറ്റ് മത്സരങ്ങൾക്കും വേദിയാവാനുള്ള അവസരം പയ്യനാട് സ്റ്റേഡിയത്തിന് നഷ്ടമായിരുന്നു.
2014ൽ ഫെഡറേഷൻ കപ്പ് ഫുട്ബാളിന് പയ്യനാട് വേദിയായിരുന്നു. ടൂർണമെൻറിലെ എല്ലാ മത്സരങ്ങൾക്കും കാണികൾ ഒഴുകിയെത്തി. അന്ന് താൽക്കാലിക ഫ്ലഡ്ലിറ്റ് സൗകര്യത്തിലാണ് മത്സരം നടത്തിയത്. അതിനാൽതന്നെ ഫൈനൽ മത്സരം കൊച്ചിയിലായിരുന്നു. സ്റ്റേഡിയത്തോടനുബന്ധിച്ച ഹോസ്റ്റലിെൻറ നിർമാണപ്രവൃത്തികൾക്ക് 76 ലക്ഷം രൂപയുടെയും മൈതാനം വൃത്തിയാക്കാൻ 20 ലക്ഷം രൂപയുടെയും പ്രവൃത്തിക്കും ടെൻഡർ വിളിക്കുന്നുണ്ട്. ബാസ്കറ്റ്ബാൾ കോർട്ടും നിർമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.