ബ്രസീലിന് സ്വിസ് പൂട്ട് (1-1)
text_fieldsറോസ്തോവ്: നെയ്മറും പടയാളികളുമായി റഷ്യയിലെത്തിയ ബ്രസീലിനും ആദ്യ മത്സരത്തിൽ അർജൻറീനയുടെ ‘വിധി’. ജയം പ്രതീക്ഷിച്ച് സ്വിറ്റ്സർലൻഡിനെതിരെ ഗ്രൂപ് ‘ഇ’യിൽ പടവെട്ടാനിറങ്ങിയ ബ്രസീലിന് 1-1െൻറ സമനിലപ്പൂട്ട്. ആദ്യ പകുതിയിൽ കുടീന്യോ നേടിയ ഗോളിന് ലീഡ് നേടിയ ബ്രസീലിനെതിെര രണ്ടാം പകുതിയിൽ സ്റ്റീവൻ സുബറാണ് സ്വിറ്റ്സർലൻഡിന് സമനിലയൊരുക്കിയത്.
ആവേശത്തുടക്കം
ടിറ്റെയുടെ പ്രതീക്ഷിച്ച ഫോർമേഷന് മാറ്റമൊന്നും ഇല്ലായിരുന്നു. നെയ്മറും വില്ല്യനും ഇടതും വലതുമായി സ്ട്രൈക്കർമാർ. മധ്യത്തിൽ ഗബ്രിയേൽ ജീസസും. ആദ്യ പത്തുമിനിറ്റിൽ തന്നെ ബ്രസീലിന് ലഭിച്ചത് നിരവധി അവസരങ്ങൾ. സൂപ്പർ താരം നെയ്മർ എതിർ പ്രതിരോധ കോട്ടയുടെ സ്ഥിരം ഉന്നമായപ്പോൾ, കുടീന്യോക്കും ജീസസിനും കാര്യങ്ങൾ എളുപ്പമായി.
ഗോൾ 1 20ാം മിനിറ്റ്
കാത്തിരുന്ന ഗോൾ ബ്രസീലിനെത്തി. ബോക്സിനകത്തുനിന്നും നെയ്മർ ഇടതുവശത്തുണ്ടായിരുന്ന മാഴ്സലോക്ക് പന്തു നൽകുന്നു. മാഴ്സലോയുടെ അപകടകരമായ ക്രോസ് സ്വിറ്റ്സർലൻഡ് പ്രതിരോധ താരം ഫാബിയൻ സ്കാർ കുത്തിയകറ്റിയെങ്കിലും പന്ത് ചെന്നുപെട്ടത് ഫിലിപ്പെ കുടീന്യോയുടെ കാലിൽ. സമയം പാഴാക്കാതെ ബാഴ്സ താരം തൊടുത്തുവിട്ട ‘റോക്കറ്റ്’ ബോക്സിനകത്തുനിന്ന ഡിഫൻറർമാർ നോക്കിനിൽക്കെ പോസ്റ്റിെൻറ വലതു മൂലയിലേക്ക്. സിറ്റ്സർലൻഡ് ഗോളി യാൻസോമർ പോലും അന്താളിച്ചു നിന്ന സമയം.
ഗോൾ 2 50ാം മിനിറ്റ്
ലീഡ് വർധിപ്പിക്കാൻ കളി ശൈലിയിൽ കാര്യമായി മാറ്റമില്ലാതെ ബ്രസീൽ പന്തു തട്ടുന്നു. 50ാം മിനിറ്റിൽ ലഭിച്ച കോർണർ ബ്രസീലിനെ വിറപ്പിച്ചു. ഷാകിരിയുടെ കോർണർ കിക്കിന് സ്റ്റീവർ സുബർ, മുമ്പിലുണ്ടായിരുന്ന മിറാൻഡയെ അൽപമൊന്ന് തള്ളി പൊസിഷൻ സേഫാക്കി ചെയ്ത ഹെഡർ വലതുളഞ്ഞു. കാനറിപ്പക്ഷിയുടെ ചിറകൊടിഞ്ഞ നിമിഷം.
തന്ത്രങ്ങൾ മാറ്റി കാനറികൾ
ഗോൾ വഴങ്ങിയതോടെ ബ്രസീൽ ആക്രമണത്തിന് വേഗം കൂട്ടി. തലങ്ങും വിലങ്ങും പരക്കെ ഇരമ്പിയാർത്തു. ഫെർണാൻഡീന്യോയെയും റിനാേട്ടാ അഗസ്റ്റോയെയും റോബർേട്ടാ ഫിർമീന്യോയെയും കളത്തിലിറക്കി ബ്രസീൽ കോച്ച് ടിറ്റെ തന്ത്രം മാറ്റിപ്പിടിച്ചു. നിർഭാഗ്യം ഒപ്പം കൂടിയപ്പോൾ, ഗോളുറപ്പിച്ച അവസരങ്ങളെല്ലാം പുറത്ത്. ഇഞ്ചുറി സമയത്തും ആവേശം അവസാനം വരെ നീങ്ങിയെങ്കിലും ബ്രസീലിെൻറ വിധിയിൽ മാറ്റമില്ല. അഞ്ചു തവണ കപ്പുയർത്തിയ കരുത്തരെ സിറ്റ്സർലൻഡ് സമനിലയിൽ തളച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.