റഷ്യയെ നാണംകെടുത്തി ഉറുഗ്വായ് (3-0)
text_fieldsസമാറ: ആദ്യ രണ്ടു കളികളിൽ ഗോളടിച്ചുകൂട്ടിയ റഷ്യയുടെ വമ്പിന് ഉറുഗ്വായ് കൂച്ചുവിലങ്ങിട്ടു. മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് ആതിഥേയരെ അരിഞ്ഞുവീഴ്ത്തിയ ലൂയി സുവാരസും സംഘവും എ ഗ്രൂപ് ചാമ്പ്യന്മാരായപ്പോൾ റഷ്യക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തരാകേണ്ടിവന്നു. ഉറുഗ്വായ് മൂന്നു വിജയങ്ങളിൽനിന്ന് പരമാവധി പോയൻറായ ഒമ്പതും കീശയിലാക്കിയപ്പോൾ റഷ്യക്ക് ആറു പോയൻറാണുള്ളത്. ഗ്രൂപ്പിലെ മറ്റൊരു കളിയിൽ ഇൗജിപ്തിനെ 2-1ന് കീഴടക്കിയ സൗദി അറേബ്യ ആദ്യവിജയം കരസ്ഥമാക്കി. എല്ലാ കളിയും തോറ്റ ഇൗജിപ്തിന് പോയൻറില്ല.
ഗ്രൂപ് ജേതാക്കളെ നിർണയിക്കുന്ന കളിയാണെങ്കിലും നോക്കൗട്ട് ഉറപ്പിച്ചതിനാൽ ഉറുഗ്വായും റഷ്യയും കാര്യമായ മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ഉറുഗ്വായ് ഗില്ലർമോ വരേല, കാർലോസ് സാഞ്ചസ്, ക്രിസ്റ്റ്യൻ റോഡ്രിഗസ്, ജോസ് ഗിമാനസ് എന്നിവർക്ക് പകരം സെബാസ്റ്റ്യൻ കോർടസ്, ലൂകാസ് ടോറിയേറ, നഹിതാൻ നാൻഡസ്, ഡീഗോ ലക്സാൽറ്റ് എന്നിവരെ കളിപ്പിച്ചപ്പോൾ റഷ്യൻ നിരയിൽ ഇഗോർ സ്മോളിൻകോവ്, ഫെഡോർ കുദ്രാഷ്യോവ്, അലക്സി മിരാൻറചുക് എന്നിവർക്ക് വേണ്ടി യൂറി ഷിർകോവ്, അലക്സാണ്ടർ ഗോളോവിൻ, മാരിയോ ഫെർണാണ്ടസ് എന്നിവർ വഴിമാറി. ഉറുഗ്വായ് ഗോളി ഫെർണാണ്ടോ മുസ്ലേരക്ക് രാജ്യത്തിെൻറ ജഴ്സിയിൽ നൂറാം മത്സരം.
സമ്പൂർണ ആധിപത്യം പുലർത്തിയാണ് റഷ്യക്കെതിരെ ഉറുഗ്വായ് ജയം സ്വന്തമാക്കിയത്. മുൻ മത്സരങ്ങളിലെ മികവിെൻറ ഏഴയലത്തുപോലും എത്താതിരുന്ന ആതിഥേയരെ ഉറുഗ്വായ് കളിയുടെ എല്ലാ മേഖലകളിലും നിഷ്പ്രഭമാക്കി. സ്റ്റാർ സ്ട്രൈക്കർമാരായ ലൂയി സുവാരസും (10) എഡിൻസൺ കവാനിയും (90) സ്കോർ ചെയ്തപ്പോൾ ഒരു ഗോൾ റഷ്യൻ താരം ഡെനിസ് ചെറിഷേവിെൻറ (25) വകയായിരുന്നു.
10ാം മിനിറ്റ് ലൂയി സുവാരസ് ഉറുഗ്വായ്
ബോക്സിന് സമീപം യൂറി ഗസിൻസ്കി റോഡ്രിഗോ ബെൻറാകറിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് എടുക്കാനെത്തിയത് സുവാരസ്. റഷ്യൻ ഗോളി ഇഗോർ അകിൻഫീവിന് പിടികൊടുക്കാതെ ഷോട്ട് വലയുടെ വലതുമൂലയിൽ. താരത്തിെൻറ ടൂർണമെൻറിലെ രണ്ടാം ഗോൾ.
25ാം മിനിറ്റ് ഡെനിസ് ചെറിഷേവ് og ഉറുഗ്വായ്
ലൂകാസ് ടൊറിയേറയുടെ കോർണർ റഷ്യൻ പ്രതിരോധം അടിച്ചകറ്റിയെങ്കിലും ബോക്സിനു പുറത്ത് കാത്തുനിന്ന ലക്സാൽറ്റിലാണ് പന്ത് കിട്ടിയത്. ഇടങ്കാലൻ ഷോട്ട് ഗോളിലേക്കായിരുന്നില്ലെങ്കിലും ചെറിഷേവിെൻറ കാലിൽതട്ടി ഗതിമാറി ഗോൾവലയിലെത്തി. ലക്സാൽറ്റിനെ ഫൗൾ ചെയ്ത സ്മോളിൻകോവിന് രണ്ടാം മഞ്ഞക്കാർഡും മാർച്ചിങ് ഒാർഡറും.
90ാം മിനിറ്റ് എഡിൻസൺ കവാനി ഉറുഗ്വായ്
മത്സരത്തിൽ നിരവധി അവസരങ്ങൾ പാഴാക്കിയ കവാനി ഒടുവിൽ ലക്ഷ്യം കണ്ടു. കോർണറിൽ ഡീഗോ ഗോഡിെൻറ ഹെഡർ അകിൻഫീവ് തടുത്തിട്ടപ്പോൾ റീബൗണ്ടിൽ കവാനിക്ക് പിഴച്ചില്ല. താരത്തിെൻറ ടൂർണമെൻറിലെ ആദ്യ ഗോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.