ലിസ്റ്റൺ; ഇടതുവിങ്ങിലെ ചാട്ടുളി
text_fieldsതൃശൂർ: ഒത്ത ശരീരവും ഉറച്ച കാൽപേശികളുമായി ചാട്ടുളി പോലെ ഇടതുവിങ്ങിലൂടെ പന്തുമായി കുതിക്കുന്ന ലിസ്റ്റണെ സഹതാരങ്ങൾ മറക്കുന്നത് എങ്ങനെ? പന്ത്രണ്ടാം വയസ്സില്‍ തൃശൂരില്‍ ടി.കെ. ചാത്തുണ്ണിയുടെ നേതൃത്വത്തില്‍ നടന്ന ത്രിദിന ഫുട്ബാള്‍ ക്യാമ്പിലാണ് ലിസ്റ്റണിലെ ഫുട്ബാൾ പ്രതിഭ പുറത്തുവന്നത്. അന്ന് അതേ ക്യാമ്പിൽ പങ്കെടുത്തയാളാണ് ഐ.എം. വിജയൻ. ഈ ക്യാമ്പിലെ പ്രകടനത്തിെൻറ മികവിലാണ് ലിസ്റ്റൺ തൃശൂര്‍ ജില്ല ജൂനിയര്‍ ടീമില്‍ ഇടം നേടിയത്.
1988ലാണ് സന്തോഷ് ട്രോഫി കേരള ടീമിൽ അംഗമാകുന്നത്. അക്കുറി കേരളം ഫൈനലിൽ എത്തിയത് ലിസ്റ്റണിെൻറ കൂടി മികവിലാണ്. പിന്നീട് ഗോവയിൽ നടന്ന സന്തോഷ് ട്രോഫിയിലും കേരളത്തിനുവേണ്ടി ബൂട്ടണിഞ്ഞു. ലിസ്റ്റൺ നേടിയ ഗോളിലൂടെയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയെ കൊമ്പുകുത്തിച്ച് കേരള പൊലീസ് 91ൽ കണ്ണൂർ ഫെഡറേഷൻ കപ്പ് ജേതാക്കളാവുന്നത്. സത്യനും ഷറഫലിയും കെ.ടി. ചാക്കോയും തോബിയാസും അടങ്ങിയ പൊലീസ് ടീമിെൻറ സുവര്‍ണ കാലമായിരുന്നു അത്. മുൻനിരയിൽ വിജയൻ-പാപ്പച്ചൻ-ലിസ്റ്റൺ കൂട്ടുകെട്ടിെൻറ പടയോട്ടകാലം.
കോച്ച് ടി.കെ. ചാത്തുണ്ണിയുടെ നേതൃത്വത്തിൽ തൃശൂരിൽ നടന്ന ക്യാമ്പിൽ 12ാം വയസ്സിൽ പരിശീലനം നേടിയതാണ് ലിസ്റ്റണിെൻറ ഫുട്ബാൾ ജീവിതത്തിൽ വഴിത്തിരിവായത്. തുടർന്ന് സബ് ജൂനിയർ ടീമിൽ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ലിസ്റ്റണായിരുന്നു തെൻറ ക്യാപ്റ്റൻ എന്ന് സഹകളിക്കാരനായിരുന്ന സി.വി. പാപ്പച്ചൻ 'മാധ്യമ'ത്തോട് പറഞ്ഞു. ''വിജയനും ലിസ്റ്റനും ഞാനും ഒത്തൊരുമയോടെ മികച്ച ഒരുപാട് കളികൾ കളിച്ചു. ഒരുപാട് ഓർമകളുണ്ട്. -പാപ്പച്ചൻ പറഞ്ഞു. സജീവ ഫുട്ബാളിൽനിന്ന് വിടപറഞ്ഞിട്ടും തൃശൂരിലെ മൈതാനങ്ങളിൽ ലിസ്റ്റൺ സജീവമായിരുന്നു.
മറക്കാനാകില്ല, അവനെ -ഐ.എം. വിജയൻ
'എന്റെ കുടുംബവുമായി ലിസ്റ്റണ്‍ പറഞ്ഞറിയിക്കാനാവാത്ത അടുപ്പമായിരുന്നു. '87ൽ ഞാൻ പൊലീസിൽ ചേർന്നു. 88ലാണ് ലിസ്റ്റൺ എത്തിയത്. ഇന്ത്യക്കുവേണ്ടി ഒരുമിച്ച് കളിച്ചിട്ടുണ്ട്. മാലി ദ്വീപിൽ ജൂനിയർ ഇന്ത്യൻ ടീമിൽ ഒന്നിച്ചുണ്ടായിരുന്നു. മറക്കാനാകില്ല, അവനെ -ഐ.എം വിജയൻ മാധ്യമത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.