അയാൾ ചെയ്തതൊക്കെയും സ്വാഭാവികതയുടെ ബഹിർസ്ഫുരണങ്ങളായിരുന്നു...
text_fieldsസൗരവ് ഗാംഗുലി ക്രിക്കറ്റിലെ ഏറ്റവും സുന്ദരമായ ഒരു ഫോക് ലോറാണെനിക്ക്. റിഫൈൻഡായിട്ടുള്ള എല്ലാറ്റിനെയും മനഃപൂർവമോ അല്ലാതെയോ പുച്ഛിച്ചുതള്ളുന്ന അപൂർവ സുന്ദരമായ ഒരു ഫോക് ലോർ. ഇരുണ്ടു മൂടിക്കിടക്കുന്ന ആകാശത്തിനു കീഴെ സ്വിങ് ബൗളിങ്ങിെൻറ പറുദീസാ സാഹചര്യങ്ങളിൽ ഓഫ് സ്റ്റമ്പ് ലൈനിൽ പിച്ച് ചെയ്ത് അനിശ്ചിതത്വത്തിെൻറ ഇടനാഴികളിലൂടെ കടന്നു പോകുന്ന, മറ്റാരും ലീവ് ചെയ്യുന്ന ഔട്ട് സ്വിങ്ങറുകളെ കവറിനും മിഡ് ഓഫിനും ഇടയിലൂടെ പറഞ്ഞു വിടുന്ന അഴകൊത്ത ആ ഓഫ് ഡ്രൈവുകൾ തൊട്ട് വിക്ടോറിയൻ ആഭിജാത്യത്തിെൻറ മൂക്കിനു കീഴെ ഷർട്ടൂരി നടത്തിയ ആ വിജയാഘോഷം വരെ അയാൾ ചെയ്തതൊക്കെയും സ്വാഭാവികതയുടെ ബഹിർസ്ഫുരണങ്ങളായിരുന്നു.സചിെൻറയും ദ്രാവിഡിെൻറയും സ്ഫുടം ചെയ്തെടുത്ത നിർമമത സൗരവിലെവിടെയും കാണാനാവില്ല. അയാൾ അതിതീവ്രമാം വിധം സ്പൊണ്ടേനിയസായിരുന്നു; ക്രീസിലും, പുറത്തും.
തൊണ്ണൂറുകളിൽ ജീവിച്ചിട്ടുള്ളവരാണ് നിങ്ങളെങ്കിൽ മാറ്റത്തെപ്പറ്റി നിങ്ങളോട് കൂടുതൽ സംസാരിക്കേണ്ടി വരില്ല. സാമ്പത്തിക ഉദാരവത്കരണം തൊട്ട് കേബിൾ ടി.വി നെറ്റ്വർക്കുകളുടെ ജനപ്രീതി വരെ തൊണ്ണൂറുകൾ ജീവിതത്തിെൻറ ഓരോ മുക്കിലും മൂലയിലും മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. സചിൻ ടെണ്ടുൽക്കറായിരുന്നു ആ ദശകത്തിൽ ഇന്ത്യൻ കായികരംഗത്തിെൻറ ഐക്കണും അവസാനവാക്കും. അയാളുടെ ശതകങ്ങൾ മറ്റെന്തിനേക്കാളുമാഘോഷിക്കപ്പെട്ടു. അയാളുടെ പരാജയങ്ങൾ ഹൃദയഭേദകങ്ങളായി. അയാൾ ഒരേ സമയം പ്രതീക്ഷയുടെയും നിരാശയുടെയും ഓക്സിമൊറോൺ ആവുകയായിരുന്നു. അന്ന് വിശ്വനാഥൻ ആനന്ദ് ലോകചാമ്പ്യനായിട്ടില്ല. ഹോക്കി ടീം അപ്രമാദിത്വത്തിൽ നിന്ന് പടിയിറക്കെപ്പട്ടു കഴിഞ്ഞിരുന്നു. അഭിനവ് ബിന്ദ്രയും സുശീൽ കുമാറും മെഡലുകൾ നേടിയിട്ടില്ല. ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു പുറത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം ആ ദശകത്തിൽ ഒരു ടെസ്റ്റ് മത്സരം പോലും വിജയിച്ചിട്ടുമില്ല. 96 ലോകകപ്പിലെ പരാജയം തൊണ്ണൂറുകളിലതുവരെ ഇന്ത്യൻ സ്പോർട്സ് അനുഭവിച്ച ദൈന്യതയുടെ ആകെത്തുകയായിരുന്നു.
ആ ഇരുട്ടിലേക്കാണ് 96ലെ ഇംഗ്ലീഷ് ടൂറിലെ കണ്ണഞ്ചിപ്പിക്കുന്ന ആ രണ്ട് സെഞ്ച്വറികളുമായി സൗരവ് ഗാംഗുലി കടന്നുവരുന്നത്. സചിനെന്ന ഏകധ്രുവത്തിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ് പതുക്കെ പുറത്തു കടക്കുന്നതും അയാളിലൂടെയാണ്. സചിനൊപ്പം അയാൾ ചേർന്നൊരുക്കിയ അന്തമില്ലാത്തത്ര ജുഗൽബന്ദികളിലൂടെയാണ് ഇന്ത്യൻ ടീം പിന്നീട് വിജയത്തിെൻറ പുതിയ കാവ്യേതിഹാസങ്ങൾ രചിക്കുന്നത്. ഒലോംഗമാരെ സചിൻ കശാപ്പ് ചെയ്യുമ്പോൾ, കാസ്റോപവിച്ചുമാർ മൈതാനത്തിെൻറ ഓരോ മുക്കിലേക്കും മൂലയിലേക്കും പായിക്കപ്പെടുമ്പോൾ, അപ്പോഴൊക്കെയും സെക്കൻഡ് ഫിഡിൽ ഈ കൊൽക്കത്തക്കാരേൻറതായിരുന്നു. ഒട്ടുമേ പരിഭവമില്ലാതെ അയാൾ ആ റോൾ ആടിത്തീർക്കുകയും ചെയ്തു. തെൻറ ഓപണിങ് പാർട്ണർ നൂറ്റാണ്ടിലൊരിക്കൽ മാത്രം സംഭവിക്കുന്ന ക്രിക്കറ്റ് ജീനിയസാണെന്ന് മനസ്സിലാക്കാനുള്ള കഴിവും അതിനനുസരിച്ച് തെൻറ കേളീശൈലിയും ആറ്റിറ്റ്യൂഡും മാറ്റാനുള്ള പ്രാപ്തിയായിരുന്നു സൗരവിനെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപണിങ് പാർട്ട്ണർഷിപ്പിലെ പങ്കാളിയാക്കിയത്. വ്യക്തിപരമായതിനും മുകളിലായിരുന്നു ടീം അയാൾക്കെന്നും. ടെണ്ടുൽക്കർ പരാജയപ്പെട്ടിടങ്ങളിലൊക്കെയും അയാളാ കുറവുകൾ നികത്തിക്കൊണ്ടിരുന്നു. നിശ്ശബ്ദനായ രണ്ടാമനിൽ നിന്നും സംഹാരവേഗമാർജിക്കുന്ന ഒന്നാമനിലേക്ക് അയാൾ പരിവർത്തനം ചെയ്യപ്പെടുന്നത് ക്രിക്കറ്റ് ഗ്രൗണ്ടിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നായിരുന്നു.
Third-fastest to 10,000 ODI runs
— ICC (@ICC) July 8, 2020
Holds the record for the highest individual score in CWC for India
2003 ICC Men's @cricketworldcup runner-up
Captained India to 11 wins in 28 overseas Tests
Happy birthday to one of india's most successful captains, Sourav Ganguly pic.twitter.com/7MJe1cXcVS
ആ കാഴ്ച അതിെൻറ ഏറ്റവും ലാസ്യമായ രൂപത്തിൽ അവതരിപ്പിക്കപ്പെടുന്നത്- ഒരു പക്ഷേ ഏറ്റവും ആദ്യമായി അവതരിപ്പിക്കപ്പെടുന്നതും-98 ലെ ഇൻഡിപ്പെൻഡൻസ് കപ്പിെൻറ മൂന്നാം ഫൈനലിലാണ്. ഇന്ത്യൻ ക്രിക്കറ്റ് തൊണ്ണൂറുകളുടെ ദുസ്വപ്നങ്ങൾ പിന്നിലുപേക്ഷിച്ച് ഒരു പുതിയ പ്രഭാതം തേടി പറന്നു തുടങ്ങുന്നതും അവിടെ നിന്നാണ്. പാകിസ്ഥാൻ ആദ്യം ബാറ്റ് ചെയ്ത് 48 ഓവറിൽ 314 റൺസെടുക്കുന്നു. ടെണ്ടുൽക്കർ തെൻറ ഏറ്റവും മാരകമായ ഫോമിൽ ബാറ്റ് ചെയ്യുന്ന സമയമായിട്ടും ഈ മത്സരം-കപ്പും- എഴുതിത്തള്ളാൻ തന്നെയാണ് തോന്നിയത്. ഇന്ത്യൻ ബാറ്റിങ് കാണാനിരുന്നതുതന്നെ ടെണ്ടുൽക്കർ എത്ര ദൂരം പോകും എന്നറിയാനായി മാത്രമായിരുന്നു. പ്രതീക്ഷിച്ച പോലെ അയാൾ പാക് ബൗളിങ്ങിനെ കീറിമുറിച്ചു. അസ്ഹർ മഹ്മൂദിെൻറ ഒരോവറിൽ തുടർച്ചയായി നാല് ബൗണ്ടറികൾ. സഖ്ലൈൻ മുഷ്താഖിനെതിരെ ആദ്യ പന്തിൽ തന്നെ സിക്സർ. പക്ഷേ. ഷാഹിദ് അഫ്രീദിയുടെ പന്തിൽ ടെണ്ടുൽക്കർ പുറത്തായതോടെ ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചെന്ന് കരുതി.
എന്നാൽ, അതങ്ങനെയായിരുന്നില്ല. രണ്ടാമനെന്ന ലേബലിൽ ഒളിഞ്ഞിരുന്ന ആ ഇടംകൈയൻ എത്ര വിനാശകാരിയാണെന്ന് അന്നാദ്യമായി വൈറ്റ് ബോൾ ക്രിക്കറ്റ് തിരിച്ചറിയുകയായിരുന്നു. റോബിൻ സിങ്ങിനൊപ്പം ചേർന്ന് ഗാംഗുലി ഇന്നിങ്സ് നിയന്ത്രിക്കാൻ തുടങ്ങി. ഇന്ത്യൻ ക്രിക്കറ്റിന് പോസ്റ്റ് സചിൻ ഡിസ്മിസലുകളുടെ ഇരുൾക്കാടുകളിൽ നിന്നും കൈപിടിച്ചുയർത്താൻ ഒരു ബാറ്റ്സ്മാനെ ലഭിക്കുകയായിരുന്നു അന്ന്. നാൽപത്തിമൂന്നാം ഓവറിൽ,ഏകദിന ക്രിക്കറ്റിലെ തെൻറ രണ്ടാം സെഞ്ച്വറിയും തികച്ച് അയാൾ മടങ്ങുമ്പോൾ ഇന്ത്യ വിജയതീരമണഞ്ഞിട്ടുണ്ടായിരുന്നില്ല. പക്ഷേ ടെണ്ടുൽക്കർക്കു ശേഷവും ഇന്ത്യൻ ബാറ്റിങ് ചലിച്ചു കൊണ്ടിരിക്കും എന്ന് എതിരാളികൾ മനസ്സിലാക്കിത്തുടങ്ങി. ഋഷികേശ് കനിത്കറുടെ ഹീറോയിസത്തിെൻറ പിൻബലത്തിൽ ഇന്ത്യ വിജയിച്ചു. സൗരവ് മാൻ ഓഫ് ദി മാച്ചും, സചിൻ മാൻ ഓഫ് ദി സീരീസുമായി. അവിടെ നിന്നുമാണ് സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിെൻറ മുഖഛായ തന്നെ മാറ്റിയ തെൻറ ക്യാപ്റ്റൻസി കാലത്തേക്കുള്ള ടേക്ക് ഓഫ് നടത്തുന്നത്.
Kolkata's dada, India's pride
— KolkataKnightRiders (@KKRiders) July 8, 2020
Leader of the first Knights,
Happy Birthday @SGanguly99 #HappyBirthdayDada #SouravGanguly #Cricket #KKR #KorboLorboJeetbo pic.twitter.com/f0YmwEUxfh
പണ്ടൊരിക്കലെഴുതിയതു പോലെ, ഫൈനലുകളിൽ അയാളുടെ ടീം പരാജയപ്പെട്ടിട്ടുണ്ടാകാം. പക്ഷേ, പൊരുതാനുള്ള ആവേശവും ത്വരയും ഇന്ത്യൻ ക്രിക്കറ്റിെൻറ സിരകളിൽ കുത്തിവെച്ചത് ദാദ തന്നെയായിരുന്നു. ദാദ തന്നെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ ഏറ്റവും മികച്ച ക്യാപ്റ്റൻ; എം.എസ് ധോണി ഏറ്റവും മികച്ച ഇന്ത്യൻ ടീമിെൻറ ക്യാപ്റ്റനും.
"I enjoyed playing against Ganguly – he made Indian cricket tough. When he took his shirt off at the balcony – brilliant!"
— ICC (@ICC) July 8, 2020
On Sourav Ganguly's birthday, watch Nasser Hussain speak about the former India captain and the Natwest 2002 Final pic.twitter.com/SdANJQBpeL
ജന്മദിനാശംസകൾ ദാദാ... ക്രീസ് വിട്ടിറങ്ങി താങ്കൾ മിഡ് ഓഫിനു മുകളിലൂടെയും ലോങ് ഓഫിന് മുകളിലൂടെയും പായിച്ച പടുകൂറ്റൻ സിക്റുസകളോരോന്നും ഞങ്ങളുടെ ഹൃദയത്തിലേക്കായിരുന്നു..താങ്കൾ നയിച്ചു വന്ന ടീമുകളിലെ ഓരോ പേരും ഞങ്ങൾക്ക് അത്രമേൽ ഹൃദിസ്ഥമായിരുന്നു. മറ്റൊരു നായകെൻറ പരാജയത്തിലും ഞങ്ങളിത്രമേൽ നനഞ്ഞു കുതിർന്നിട്ടില്ല; മറ്റൊരു നായകെൻറ വിജയത്തിലും ഞങ്ങളിത്ര മേൽ പടർന്നേറിയിട്ടുമില്ല. കണ്ട നാൾ തൊട്ടിന്നോളം നായകനെന്ന പേരിന് "നിങ്ങളില്ലെങ്കിൽ ഞാനുമില്ലെന്ന്" നിർവചനം നൽകിയ മറ്റൊരാളുമുണ്ടായിട്ടുമില്ല. സൗരവ് ഗാംഗുലിക്ക്, ദാദയ്ക്ക്, സചിെൻറ സ്വന്തം ദാദിയ്ക്ക് പിറന്നാളാശംസകൾ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.