‘നയിക്കാൻ ദാദ തന്നെ വേണം’; ഗാംഗുലിയുടെ നേതൃത്വത്തിനായി ക്രിക്കറ്റ് ലോകം
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്മാരെ എണ്ണുേമ്പാൾ പട്ടികയിൽ മുന്നിലാണ് സൗരവ് ഗാംഗുലി. നേതൃപാടവവും പോരാട്ടവീര്യവും ഒന്നിച്ച ക്യാപ്റ്റൻ. കളിക്കളത്തിലെ പരിചയസമ്പത്തുമായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിെൻറ (ബി.സി.സി.െഎ) അധ്യക്ഷ സ്ഥാനത്തെത്തിയപ്പോഴും ഗാംഗുലിക്ക് പിഴച്ചില്ല.
കുറഞ്ഞ കാലംകൊണ്ട് മികച്ച സംഘാടകനും ദീർഘദർശിയായ ലീഡറുമായി. നിലവിൽ ബി.സി.സി.െഎ പ്രസിഡൻറായ ഗാംഗുലി അതേ പദവിയിൽ തുടരണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും ആരാധകരും ആവശ്യപ്പെടുേമ്പാൾ, ഗാംഗുലിയുടെ നേതൃത്വം രാജ്യാന്തര ക്രിക്കറ്റിലേക്ക് ആവശ്യപ്പെടുകയാണ് മറ്റൊരു വിഭാഗം. ഗാംഗുലിയുടെ ഭാരവാഹിത്വത്തിന് ഭീഷണിയായി ലോധ കമ്മിറ്റി ശിപാർശപ്രകാരം സുപ്രീംകോടതി നിർദേശിച്ച ‘കൂളിങ് ഒാഫ്’ കാലാവധി മുന്നിലുണ്ടെങ്കിലും അത് മറികടക്കാനുള്ള ശ്രമത്തിലാണ് ബി.സി.സി.െഎ. കൂളിങ് ഒാഫ് പീരിയഡിലെ നിബന്ധനകളിൽ ഭേദഗതി ആവശ്യപ്പെട്ട് ബോർഡ് നൽകിയ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
അപേക്ഷ തള്ളിയാൽ, ഇൗ മാസത്തോടെ ഗാംഗുലി അധ്യക്ഷ പദമൊഴിയും. ഇതിനിടയിലാണ് അദ്ദേഹത്തിെൻറ നേതൃത്വത്തിനായി ഇന്ത്യയിലും വിദേശത്തും പ്രചാരണവും ആരംഭിക്കുന്നത്.
െഎ.സി.സിയെ നയിക്കാൻ ഗാംഗുലി ബെസ്റ്റ് –സങ്കക്കാര
ന്യൂഡൽഹി: രാജ്യാന്തര ക്രിക്കറ്റിനെ നയിക്കാൻ ഏറ്റവും മികച്ച വ്യക്തിത്വമാണ് സൗരവ് ഗാംഗുലിയെന്ന് മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കുമാർ സങ്കക്കാര. ‘ബുദ്ധിശാലിയായ ക്രിക്കറ്ററാണ് സൗരവ്. ഭരണതലത്തിലും മികച്ച പരിചയസമ്പത്തുണ്ട്. െഎ.സി.സിയെ നയിക്കാൻ എന്തുകൊണ്ടും യോഗ്യനാണ് അദ്ദേഹം. ക്രിക്കറ്റ് അദ്ദേഹത്തിെൻറ ഹൃദയവികാരമാണ്. അത് ചേർത്തുപിടിക്കാനും രാജ്യന്തര തലത്തിൽ മാറ്റം കൊണ്ടുവരാനും ഇന്ത്യയിലോ ശ്രീലങ്കയിലോ ഇംഗ്ലണ്ടിലോ ബോർഡ് പ്രസിഡൻറായി ഇരുന്നാൽ കഴിയില്ല. െഎ.സി.സി പ്രസിഡൻറ് പദവിയിലെത്തിയാലേ നടക്കൂ’’ -ഇംഗ്ലണ്ടിലെ മേരിലെബോൺ ക്രിക്കറ്റ് ക്ലബ് (എം.സി.സി) ചെയർമാൻകൂടിയായ സങ്കക്കാര പറഞ്ഞു.
ഗാംഗുലിയുടെ ആരാധകനായതുകൊണ്ടോ അദ്ദേഹം ക്രിക്കറ്റ് കളിക്കാരനായതുകൊണ്ടോ അല്ല ഇത് പറയുന്നത്. മികച്ച ക്രിക്കറ്റ് ബുദ്ധിയും നേതൃപാടവവുമുള്ള വ്യക്തിയാണ് ദാദ. അദ്ദേഹത്തിന് മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും -സങ്കക്കാര പറയുന്നു.
ശശാങ്ക് മനോഹറിെൻറ പിൻഗാമിയെ കണ്ടെത്താൻ നടപടികൾ ആരംഭിക്കാനിരിക്കെയാണ് ഗാംഗുലിയുടെ പേരും ഉയർന്നുകേൾക്കുന്നത്. ഗാംഗുലിക്ക് പിന്തുണയുമായി മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്തും രംഗത്തുവന്നിരുന്നു.
2023 വരെ ഗാംഗുലി ബി.സി.സി.െഎയിൽ തുടരണം –ഗവാസ്കർ
2023 ഏകദിന ലോകകപ്പ് ഇന്ത്യയിൽ നടക്കുേമ്പാൾ ബി.സി.സി.െഎയുടെ തലപ്പത്ത് സൗരവ് ഗാംഗുലി ഉണ്ടാവണമെന്നാണ് സുനിൽ ഗവാസ്കറുടെ ആവശ്യം. ‘‘വ്യക്തിപരമായി ഗാംഗുലിയും സംഘവും 2023 വരെ ബി.സി.സി.െഎയിൽ തുടരണമെന്നാണ് എെൻറ ആവശ്യം. എന്നാൽ, കോടതി തീരുമാനത്തിനായി കാത്തിരിക്കുകയാണിപ്പോൾ’’ -ഗവാസ്കർ പറഞ്ഞു.
‘കൂളിങ് ഒാഫ്’ അത്ര കൂൾ അല്ല
ന്യൂഡൽഹി: ഇന്ത്യയിലെ ക്രിക്കറ്റ് ഭരണം സുതാര്യമാക്കാൻ ജസ്റ്റിസ് ലോധ കമ്മിറ്റി മുന്നോട്ടുവെച്ച നിർദേശങ്ങളിൽ ഒന്നാണ് ഗാംഗുലിക്കും കൂട്ടർക്കും ബി.സി.സി.െഎ തലപ്പത്ത് തുടരാൻ വെല്ലുവിളിയാവുന്നത്. ഇടവേളയിൽ നേതൃമാറ്റം ഉണ്ടാവണം എന്ന നിലപാടിലായിരുന്നു ലോധ കമ്മിറ്റി സംസ്ഥാന അസോസിയേഷൻ, ബി.സി.സി.െഎ ഭരണതലത്തിൽ തുടർച്ചയായി ആറുവർഷം പൂർത്തിയാക്കുന്നവർ മൂന്നുവർഷം കൂളിങ് ഒാഫ് പീരിയഡായി മാറിനിൽക്കണമെന്ന് നിർദേശിച്ചത്.
ഗാംഗുലി പ്രസിഡൻറും ജയ്ഷാ സെക്രട്ടറിയുമായ കമ്മിറ്റി 2019 ഒക്ടോബറിലാണ് സ്ഥാനമേറ്റതെങ്കിലും ബംഗാൾ, ഗുജറാത്ത് അസോസിയേഷൻ തലപ്പത്ത് ഇരുന്ന ഇരുവർക്കും ഇപ്പോൾ ആറുവർഷം പൂർത്തിയാവുകയാണ്. ജയ്ഷാക്ക് മേയിലും ഗാംഗുലിക്ക് ഇൗ മാസത്തോടെയും പൂർത്തിയാവും.
കൂളിങ് ഒാഫ് വെല്ലുവിളി മറികടക്കാൻ മൂന്നുമാസം മുമ്പ് തന്നെ ബി.സി.സി.െഎ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹരജി ഇതുവരെ കേട്ടിട്ടില്ല.
ബി.സി.സി.െഎ പ്രസിഡൻറ് / സെക്രട്ടറി പദവിയിൽ തുടർച്ചയായി രണ്ടു കാലയളവിൽ ഇരിക്കുന്നവർക്ക് അടുത്ത മൂന്നുവർഷം കൂളിങ് ഒാഫ് പീരിയഡാക്കി ഭേദഗതി വരുത്തണമെന്നാണ് ബോർഡിെൻറ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.