ജനുവരി 31ന് ആകാശത്ത് ചന്ദ്രവിസ്മയം
text_fieldsമലപ്പുറം: ജനുവരി 31ന് ആകാശത്ത് ചന്ദ്രവിസ്മയം കാണാം. ബ്ലൂ മൂണും ബ്ലഡ് മൂണും സൂപ്പർ മൂണും അന്ന് ആകാശത്ത് ഒരുമിച്ചെത്തും. 152 വർഷങ്ങൾക്ക് ശേഷം സംഭവിക്കുന്ന അപൂർവ ചന്ദ്രവിസ്മയം. ജനുവരി 31ന് സമ്പൂർണ ചന്ദ്രഗ്രഹണമാണ്. ഗ്രഹണത്തോടെയാണ് ചന്ദ്രൻ കിഴക്കൻ ചക്രവാളത്തിൽ ഉദിക്കുക. കേരളത്തിൽ വൈകീട്ട് 6.21 മുതൽ പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും. രാത്രി 7.37 വരെ ചന്ദ്രനെ ഒാറഞ്ച് കലർന്ന ചുവപ്പ് നിറത്തിലും തുടർന്ന് ഗ്രഹണത്തിൽനിന്ന് മോചിതമാകുന്നതോടെ സാധാരണ നിറത്തിലും കാണാം.
പൂർണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ ചുവപ്പ് നിറത്തിൽ കാണപ്പെടുന്നതിനാലാണ് ബ്ലഡ് മൂൺ എന്ന് വിളിക്കുന്നത്. ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ ഭൂമിയുടെ പൂർണ നിഴലിൽ ആണെങ്കിലും ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശത്തിൽ തരംഗദൈർഘ്യം കൂടുതലുള്ള ചുവപ്പ്, ഓറഞ്ച് രശ്മികൾ കൂടുതൽ അപവർത്തനത്തിന് വിധേയമായി ഉള്ളിലേക്ക് വളയും. ഇൗ നിറങ്ങൾ മാത്രം ചന്ദ്രോപരിതലത്തിൽ പതിക്കുന്നതിനാൽ ചന്ദ്രൻ ഓറഞ്ച് കലർന്ന ചുവപ്പ് നിറത്തിൽ കാണപ്പെടും.
ഒരു കലണ്ടർ മാസത്തിലെ രണ്ടാമത്തെ പൗർണമിക്ക് പറയുന്ന പേരാണ് ബ്ലൂ മൂൺ. ഇൗ മാസത്തെ രണ്ടാമത്തെ പൂർണ ചന്ദ്രനായതിനാൽ 31ലെ പൗർണമിയെ ബ്ലൂ മൂൺ എന്ന് വിശേഷിപ്പിക്കുന്നു. ജനുവരി രണ്ടിനും പൗർണമിയായിരുന്നു. 31ന് ചന്ദ്രൻ ഭൂമിയുടെ ഏറെ അടുത്തെത്തും (3,58,994 കി.മീ. അടുത്ത്, ശരാശരി ദൂരം 3,84,400 കി.മീ). പതിവിലും വലിപ്പത്തിൽ ഇൗ ദിവസം ചന്ദ്രനെ കാണാം. ബ്ലൂ മൂൺ, സൂപ്പർ മൂൺ, ബ്ലഡ് മൂൺ പ്രതിഭാസങ്ങൾ അവസാനമായി ഒന്നിച്ചെത്തിയത് 1866 മാർച്ച് 31ലായിരുന്നു. ഇതേ പ്രതിഭാസത്തിന് ഇനി 2028 ഡിസംബര് 31വരെ കാത്തിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.