ചുവന്ന ഗ്രഹത്തിൽ ജല ‘തടാകം’
text_fieldsപാരിസ്: ചുവന്ന ഗ്രഹമെന്ന് അറിയപ്പെടുന്ന ചൊവ്വയിൽ ജലസാന്നിധ്യത്തിനുള്ള പുതിയ തെളിവുമായി ശാസ്ത്രലോകം. ഗ്രഹത്തിെൻറ ദക്ഷിണ ധ്രുവത്തിലെ ഹിമാവരണത്തിന് താഴെയായി 20 കിലോമീറ്റർ വിസ്തൃതിയിൽ ജല‘തടാകം’ സ്ഥിതിചെയ്യുന്നുവെന്ന് യൂറോപ്യൻ സ്പേസ് ഏജൻസി നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. 2003ൽ വിക്ഷേപിച്ച ‘മാർസ് എക്സ്പ്രസ്’ എന്ന ഒാർബിറ്റർ ശേഖരിച്ച വിവരങ്ങൾ അപഗ്രഥിച്ചാണ് ശാസ്ത്രജ്ഞർ ജലസാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഗവേഷണ ഫലം ‘സയൻസ്’ മാസികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ചൊവ്വയിൽ ദ്രവജല സാന്നിധ്യത്തിനുള്ള തെളിവ് ലഭിക്കുന്നത്.
പുതിയ കണ്ടെത്തൽ ചൊവ്വയിൽ ജീവസാന്നിധ്യം തേടിയുള്ള പര്യവേക്ഷണങ്ങളെ കൂടുതൽ മുന്നോട്ടു നയിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. മാർസ് എക്സ്പ്രസിലെ ഉപകരണങ്ങളിലൊന്നായ മാർസിസ് എന്ന റഡാർ 2012-15 കാലത്ത് ശേഖരിച്ച വിവരങ്ങളാണ് കണ്ടെത്തലിലേക്ക് നയിച്ചത്. ഇറ്റലിയിെല നാഷനൽ ഇൻസ്റ്റിറ്റ്യട്ട് ഒാഫ് അസ്ട്രോഫിസിക്സിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ. അതേസമയം, ഗ്രഹോപരിതലത്തിന് താഴെ മറഞ്ഞിരിക്കുന്ന ‘തടാക’ത്തിെൻറ സ്വഭാവം എന്തെന്ന് വ്യക്തമല്ല.
അൻറാർട്ടിക്കയിൽ ഹിമാവരണത്തിന് താഴെ സ്ഥിതിചെയ്യുന്ന വോസ്തോക് തടാകത്തിന് സമാനമാകാമെന്ന് കരുതുന്നു. ചൊവ്വയിെല പാറക്കെട്ടുകൾക്കടിയിൽ ഒഴുകുന്ന ജലമാകാമിെതന്ന് കരുതുന്ന ഗവേഷകരുമുണ്ട്.
എത്ര അളവിൽ ജലമുണ്ടെന്നും വ്യക്തമല്ല. പുതിയ റോബോട്ടിക് ദൗത്യങ്ങളിലൂടെ മാത്രമേ ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നാണ് ഗവേഷകർ പറയുന്നത്. 2015ൽ നാസ ചൊവ്വയുടെ പ്രതലത്തിൽ ജലമൊഴുകുന്നതിെൻറ തെളിവുകൾ പുറത്തുവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.