കോവിഡ്: യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മോദിക്ക് പ്രതിപക്ഷത്തിന്റെ കത്ത്
text_fieldsന്യൂഡൽഹി: കോവിഡ് മഹാദുരന്തം നേരിടുന്നതിൽ കുറ്റകരമായ വീഴ്ച വരുത്തിയ മോദിസർക്കാറിന് എട്ടിന ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത പ്രതിപക്ഷത്തിെൻറ കത്ത്്. പ്രതിപക്ഷം പല സന്ദർഭങ്ങളിലായി മുന്നോട്ടുവെച്ച ആവശ്യങ്ങൾ അപ്പാടെ അവഗണിക്കുകയും തള്ളിക്കളയുകയും ചെയ്ത പശ്ചാത്തലത്തിലാണ് കോൺഗ്രസും സി.പി.എമ്മും അടക്കം 12 പ്രമുഖ പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്.
ഇനിയെങ്കിലും സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ വിവിധ നടപടികൾ സ്വീകരിച്ചേ മതിയാവൂ എന്ന് ചൂണ്ടിക്കാട്ടുന്ന കത്തിൽ ഉന്നയിച്ച വിവിധ ആവശ്യങ്ങൾ ഇവയാണ്: രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ലഭ്യമായ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി കേന്ദ്രസർക്കാർ കോവിഡ് വാക്സിൻ സംഭരിക്കണം. സൗജന്യവും സാർവത്രികവുമായ വാക്സിൻ കുത്തിവെപ്പ് ദേശീയതലത്തിൽ ഉടനടി നടപ്പാക്കണം. തദ്ദേശീയമായ വാക്സിൻ ഉൽപാദനത്തിന് ലൈസൻസ് നിർബന്ധമാക്കണം.
ബജറ്റ് വിഹിതമായ 35,000 കോടി വാക്സിനുവേണ്ടി ചെലവിടണം. പുതിയ പാർലമെൻറ് നിർമാണം അടക്കമുള്ള സെൻട്രൽ വിസ്റ്റ പദ്ധതി ഉടനടി നിർത്തിവെക്കണം. ഇതിനായി നീക്കിവെച്ച പണം ഓക്സിജനും വാക്സിനും സമാഹരിക്കാൻ ചെലവിടണം. പി.എം കെയേഴ്സ് എന്ന സ്വകാര്യ ട്രസ്റ്റിലെ കണക്കില്ലാ പണം വാക്സിൻ, ഓക്സിജൻ, മെഡിക്കൽ സാമഗ്രികൾ എന്നിവ വാങ്ങുന്നതിന് ഉപയോഗപ്പെടുത്തണം.
കോവിഡ് പ്രതിസന്ധിമൂലം തൊഴിലില്ലാതായവർക്ക് പ്രതിമാസം 6,000 രൂപ വീതം നൽകണം. ഗോഡൗണുകളിൽ അരിയും മറ്റും കെട്ടിക്കിടന്നു നശിക്കുകയാണെന്നിരിക്കേ, ആവശ്യക്കാർക്ക് ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകണം. കോവിഡ് മഹാമാരിയുടെ ഇരകളായി കർഷകർ മാറാതിരിക്കാൻ കാർഷിക നിയമങ്ങൾ പിൻവലിക്കണം.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി, എൻ.സി.പി നേതാവ് ശരദ് പവാർ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, മുൻപ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ ദേവഗൗഡ, ഹേമന്ദ് സോറൻ (ജെ.എം.എം), ഫാറൂഖ് അബ്ദുല്ല (നാഷനൽ കോൺഫറൻസ്), അഖിലേഷ് യാദവ് (സമാജ്വാദി പാർട്ടി), തേജസ്വി യാദവ് (ആർ.ജെ.ഡി), ഡി. രാജ (സി.പി.ഐ) എന്നിവരാണ് കത്തിൽ ഒപ്പുവെച്ചത്.
പ്രതിപക്ഷത്തിെൻറ ആവശ്യങ്ങളോട് പ്രതികരിക്കുന്നത് സർക്കാറിെൻറ രീതി അല്ലാതായി മാറിയിട്ടുണ്ടെങ്കിലും തങ്ങൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾക്ക് മറുപടി പറയാൻ തയാറാകണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. കോവിഡ് മഹാമാരി മുൻപൊരിക്കലും നേരിട്ടിട്ടില്ലാത്ത വിധം മഹാദുരന്തമായി മാറിയിരിക്കുന്നു. അനിവാര്യമായും നടപ്പാക്കേണ്ട വിവിധ കാര്യങ്ങൾ പ്രതിപക്ഷ പാർട്ടികൾ പല സന്ദർഭങ്ങളിലായി കേന്ദ്രസർക്കാറിെൻറ ശ്രദ്ധയിൽപെടുത്തിയിട്ടും അവഗണിക്കപ്പെടുകയായിരുന്നുവെന്ന് കത്തിൽ പറഞ്ഞു.
നേരത്തെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നെങ്കിലും, പ്രതിപക്ഷം രാഷ്ട്രീയ ലാക്കോടെയാണ് വിഷയത്തെ സമീപിക്കുന്നതെന്ന കുറ്റപ്പെടുത്തലാണ് തിരിച്ച് ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.