Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightഭൂമിയിലെ സ്വര്‍ഗം തേടി

ഭൂമിയിലെ സ്വര്‍ഗം തേടി

text_fields
bookmark_border
ഭൂമിയിലെ സ്വര്‍ഗം തേടി
cancel

സാധാരണയായി സൗദിയില്‍  പ്രവാസികള്‍ക്ക് രണ്ടു ദിവസത്തിലധികം അവധി ലഭിക്കുന്നത് ഈദിന് മാത്രമാണ്. ആ സമയത്തേക്ക് നേരത്തെ തന്നെ പല പ്ളാനിങ്ങുകളും ചെയ്തു വെക്കാറുണ്ട്. ഇപ്രാവശ്യവും ഞങ്ങള്‍ വിശാലമായ പദ്ധതികള്‍ പലതും നോക്കി വെച്ചിരുന്നു. എന്നാല്‍ കൂട്ടത്തിലെ പല ആളുകളും വ്യത്യസ്ത കാരണങ്ങളാലാല്‍ പിന്മാറി. അത് യഥാര്‍ത്ഥത്തില്‍ ഒരനുഗ്രഹമായി മാറുകയായിരുന്നു. വീണു കിട്ടിയ ഈദ് ഒഴിവുകള്‍ ഉപയോഗപെടുത്താനുള്ള തീരുമാനത്തിലുറച്ചു. സാധനങ്ങളൊക്കെ പാക്ക് ചെയ്തു വണ്ടിയില്‍ വെച്ച് റിയാദില്‍ നിന്നും നേരെ അല്‍ബഹ ലക്ഷ്യമാക്കി വണ്ടി വിട്ടു. കൂറ്റന്‍ കെട്ടിടങ്ങളും വാഹനത്തിരക്കുകളുമുള്ള നഗര കാഴ്ചകളെ പിന്നിലാക്കി കടലു പോലെ പരന്നു കിടക്കുന്ന മരുഭൂമിയെ കീറി മുറിച്ചു പോകുന്ന ഹൈവെയിലേക്ക് കാര്‍ പ്രവേശിച്ചു. റിയാദ് മക്ക ഹൈവേയില്‍ തായിഫിനു മുമ്പ് ദിലം എന്ന പട്ടണത്തില്‍ നിന്നാണ് ഞങ്ങള്‍ക്ക് അല്‍ബഹയിലേക്കുള്ള റോഡിലേക്ക് പ്രവേശിക്കേണ്ടത്, ദിലമിനു തൊട്ടടുത്ത് രുവൈധയില്‍ കണ്ട പെട്രോള്‍ ബങ്കില്‍ കയറി ഫുള്‍ ടാങ്ക് പെട്രോള്‍ നിറച്ചു. തൊട്ടടുത്ത് തന്നെയുള്ള ഹോട്ടലില്‍ നിന്ന് കിട്ടിയ ഭക്ഷണവും കഴിച്ചു.
വീണ്ടും മരുഭൂമിയിലൂടെ ഉള്ള ഓട്ടം കുറച്ചു ദൂരം പിന്നിട്ട് ഞങ്ങള്‍ അല്‍ ബഹ റോഡില്‍ പ്രവേശിച്ചു. ഗൂഗ്ള്‍ മാപ്പാണ് വഴികാട്ടി. വാഹന തിരക്ക് കുറഞ്ഞ വിജനമായ പാത, ഇരു വശങ്ങളിലും അനന്തമായ മരുഭൂമി. അത്യന്തം അപകടകരമായ വീതി കുറഞ്ഞ റോഡ്. മരുഭൂമിയിലെ കുറ്റിച്ചെടികളില്‍ അന്നം തിരയുന്ന ഒട്ടക കൂട്ടങ്ങള്‍. ഇടക്കിടെ  തലയുയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍. യാത്ര മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ലക്ഷ്യസ്ഥാനം എത്താറായതിന്‍്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. താഴ്വരകള്‍ക്ക് താഴെ ഉള്ള ചെറിയ നീര്‍ച്ചാലുകളുടെ ചുറ്റും ഉള്ള ചെറിയ ചെറിയ പച്ചപ്പില്‍ തീറ്റ തേടുന്ന ആട്ടിന്‍ പറ്റങ്ങള്‍, സൂര്യന്‍ ചക്രവാളത്തില്‍ ഊളിയിടുമ്പോള്‍ മരുഭൂമിയുടെ ഓരോ മണല്‍ തരികള്‍ക്കും ഭംഗി കൂടി വരുന്നു.
 ചുറ്റും ഇരുട്ടു പരക്കാന്‍ തുടങ്ങി. റിയാദില്‍ നിന്നും 800 കിലോമീറ്ററുകള്‍ പിന്നിട്ട ഞങ്ങളുടെ വണ്ടി ചുരം റോഡിലേക്കു കയറി. കുളിര് പകരുന്ന കാലാവസ്ഥ. പെരുന്നാള്‍ പ്രമാണിച്ച് മലകളും സ്ട്രീറ്റ് ലൈറ്റും കളര്‍ നിറച്ചിട്ടുണ്ട്. അല്‍ ബഹയില്‍ നിന്നും 35 കിലോമീറ്റര്‍ വിട്ടുള്ള മന്ധക്കിലായിരുന്നു ഞങ്ങളുടെ താമസം.
ഗൂഗിള്‍ മാപ്പില്‍ നിന്നുകിട്ടിയ അറിവ് വെച്ച് സമുദ്രനിരപ്പില്‍ നിന്ന് 7070 അടി മുകളിലുള്ള മന്ധക്ക്. ആ പട്ടണത്തില്‍ ഞങ്ങള്‍ക്കു താമസിക്കാനുള്ള  ശിഘക്ക് (ഫര്‍നിഷിഡ് അപ്പാര്‍ടുമെന്‍റ) മുമ്പില്‍ എത്തി. ഞങ്ങളെ കാത്ത് അവിടയുണ്ടായിരുന്ന അമ്മാവന്‍്റെ സ്വീകരണം ഏറ്റുവാങ്ങി. പെട്ടിയൊക്കെ എടുത്ത് റൂമില്‍ കയറി. രാത്രി ഭക്ഷണത്തിന് പുറത്തേക്കിറങ്ങി. രാത്രിയുടെ നിശബ്ദതയില്‍ ഞങ്ങളുടെ വണ്ടി ചുരം കയറിയും ഇറങ്ങിയും ഒരു താഴ്വരയിലത്തെി. അവിടെയാണ് ഭക്ഷണം ഒരുക്കി വെച്ചിരിക്കുന്നത്.  നിശബ്ദമായ ഒരു താഴ്വര. അറബികളുടെ സംസ്കാരത്തിന്‍്റെ ഭാഗമായുള്ള  ഖൈമ(ടെന്‍റ്)യിലാണ് ഭണം ഒരുക്കിയിട്ടുള്ളത്. കുടുംബത്തോടെ അല്ളെങ്കില്‍ കുറെ കൂട്ടുകാര്‍ക്ക് ഒന്നിച്ചിരുന്നു കഴിക്കാനും സൊറ പറഞ്ഞിരിക്കാനും പറ്റുന്ന സംവിധാനം. ഭക്ഷണം കഴിച്ച് കുറേനേരം അവിടെ തന്നെ ഇരുന്നു. നിശബ്ദമായ താഴ്വരയുടെ കുളിരില്‍ ചീവിടുകളുടെ ചെറു ശബ്ദമാത്രം. ഒരു സംഗീതംപോലെ പ്രകൃതിയുടെ സിംഫണിപോലെ. രാത്രി വൈകിയാണ് റൂമില്‍ എത്തിയത്.
പിറ്റപ്പുലര്‍ച്ച തന്നെ അല്‍ബഹ ലക്ഷ്യമാക്കി ഇറങ്ങി. 35 കിലോമീറ്ററുകള്‍ വളവും തിരിവും ഉള്ള മലഞ്ചെരുവിലൂടെ ഉള്ള യാത്ര. കൃഷിയിടങ്ങളും മുള്‍ ച്ചെടികളും കാടുകളും. മലകള്‍ക്ക് കുറുകെ കീറി മുറിച്ചു പോവുന്ന പാതകള്‍. മലഞ്ചെരുവുകളില്‍ പഴയ കാലതെ വീടുകളുടെ വിസ്മയക്കാഴ്ച. പാറക്കല്ലുകള്‍ അടുക്കി വെച്ച് ഉണ്ടാക്കിയ വീടുകള്‍. വഴിയരികിലെ കുപ്പത്തൊട്ടിയില്‍ ഭക്ഷണം തിരയുന്ന കുരങ്ങു കൂട്ടങ്ങള്‍. കൊയ്യിലുണ്ടായിരുന്ന കുബ്ബൂസ് കൊടുക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. ഒട്ടും വര്‍ഗ സ്നേഹംമില്ലതെ അവര്‍ ഞങ്ങളില്‍ നിന്നും ഓടിമാറി. മരുഭൂമി മാത്രമല്ല സൗദിയില്‍ മലകളും കുന്നുകളും തണുപ്പും ചൂടും എല്ലാം വിന്യസിച്ചു വെച്ചിരിക്കുന്നു എന്നത് ഒരു പുതിയ അറിവായിരുന്നു, മരുഭൂമിയിലെ മരുക്കാടുകള്‍ എന്ന് പലതവണ കേട്ടിട്ടുണ്ട് . അതും ഞാന്‍ പ്രതീക്ഷിച്ചത്. മണല്‍കാടുകളായിരുന്നു. എന്നാല്‍, നമ്മുടെ പശ്ചിമഘട്ടം പോലെ സംരക്ഷിക്കുന്നില്ളെങ്കിലും ഇവിടെയുമുണ്ട് വനം. ഇടതൂര്‍ന്ന കാടുക്കള്‍ക്കിടയിലൂടെയുള്ള ആ യാത്ര എല്ലാ സ്വപ്നങ്ങള്‍ക്കും മീതെയായിരുന്നു.
ഉച്ച നേരത്ത് പോലും തണുപ്പ് നിറഞ്ഞ കാലാവസ്ഥ. ധാരാളം കൃഷിത്തോട്ടങ്ങള്‍ ഉള്ള അല്‍ബഹയില്‍ ഒരു തോട്ടം സന്ദര്‍ശിക്കുക തന്നെയായിരുന്നു ഞങ്ങളടെ ലക്ഷ്യം. മലകളും കുന്നുകളും താണ്ടി ചുരം ഇറങ്ങി ചുറ്റും മലകളാല്‍ നിറഞ്ഞ ഒരു താഴ്വരയില്‍ ഒരു മലയാളി ജോലി ചെയ്യുന്ന തോട്ടത്തില്‍ എത്തി. കായ്ച്ചു നില്‍ക്കുന്ന അത്തിമരം ഞങ്ങളെ വരവേറ്റു. ഗേറ്റ് തുറന്നു ഉള്ളില്‍ കയറിയ ഞങ്ങളെ കോരിത്തരിപ്പിക്കുമാറ് നിറയെ മാദളവും ആപ്പിളും ആപ്രിക്കോട്ടും മുന്തിരിയും കായ്ച്ചു  നില്‍ക്കുന്ന തോട്ടം. തക്കാളിയും വഴുതനയും വേറെ, ആടുകള്‍ക്ക് കൊടുക്കാനുള്ള പുല്‍ മേടുകള്‍ വേറെ.
തോട്ടത്തിലെ തൊഴിലാളി കോഴിക്കോട്ടുകാരന്‍ മൊയ്ദീന്‍്റെ സ്നേഹ പൂര്‍വ്വം മാദളവും പേരക്കയും ആപ്പിളും തന്നു. കണ്ണും, മനസും നിറഞ്ഞ നിമിഷമായിരുന്നു അത്. സന്തോഷത്തോടെ ആ പച്ച ദേശത്തോട് യാത്രപറഞ്ഞു. ആട്ടിന്‍ കൂട്ടങ്ങള്‍ക്ക് നടുവിലൂടെ മലഞ്ചെരുവിലൂടെ ഞങ്ങളുടെ വണ്ടി പതുക്കെ നീങ്ങി. ഒരു വശത്ത് അഗാധമായ കൊക്ക. മറു വശത്ത് തക്കാളിയും ചോളവും നിറഞ്ഞ തോട്ടങ്ങള്‍. ഒരിടത്ത് വണ്ടി നിര്‍ത്തി ഇറങ്ങി. പുല്‍ത്തകിടിയില്‍ മേയുന്ന ചെമ്മരിയാട്ടിന്‍ കൂട്ടങ്ങള്‍.സായാഹ്നത്തോടടുത്ത സമയം. നനുത്ത കാറ്റു വീശാന്‍ തുടങ്ങി. ഒരരുവിയില്‍ ഇറങ്ങി. ഒന്നു രണ്ടു മണിക്കൂര്‍ കൂടി ആ മലഞ്ചെരുവുകളിലൂടെ മനോഹരമായ കാഴ്ചകളില്‍ അലഞ്ഞു. തണുത്ത കാറ്റു വീശുനുണ്ട് പകലിന്‍്റെ അന്ത്യം. ഉപ്പ ശ്രദ്ധാപൂര്‍വ്വം വണ്ടി ചുരമിറക്കന്‍ തുടങ്ങി  അന്നത്തെ കാഴ്ചകള്‍ അയവിറക്കി ഞങ്ങള്‍ മുറിയിലത്തെി.
തേടിയ വള്ളി കാലില്‍ ചുറ്റി എന്നവണ്ണം അളിയന്‍്റെ ചങ്ങാതിമാരായ ആദില്‍ കുന്നക്കാവും സംഘവും ഞങ്ങളെ കാണാനത്തെി. അവര്‍ തന്ന പ്രചോദനം അല്‍ബഹയുടെ മറ്റൊരു പ്രദേശത്തേക്ക് ഞങ്ങളെ നയിച്ചു. അല്‍ബഹയുടെ നാടീ ഞരമ്പ് ആയ "ദീ ഐന്‍ വില്ളേജും" അതിലേക്കുള്ള യാത്രയും. ഏതൊരു സഞ്ചാരിക്കും മറക്കാനാവാത്ത അനുഭവം തന്നെയാണ്. ഇരുപത്തിയഞ്ചോളം തുരങ്കങ്ങളാല്‍ നിര്‍മിച്ച റോഡിലൂടെ ചെങ്കുത്തായ മലനിരകളിലൂടെ യാത്രചെയ്താല്‍ മനോഹരമായ കൃഷിയിടത്തിലത്തൊം. പൂത്തും കായ്ച്ചും പഴുത്തും ഭൂമിയിലെ സ്വര്‍ഗം.
പിന്നീട് യാത്ര തായിഫിലേക്ക് അതികം പഴക്കമില്ലാത്ത റോഡായതിനാല്‍ യാത്ര സുഖകരമായിരുന്നു. അല്‍ബഹ മല നിരകളിലെ ഭീകരമായ നിശബ്ദതയെ ഭേദിച്ച് ഞങ്ങളുടെ വണ്ടി പതുക്കെ ചുരമിറങ്ങി. ഉപ്പാക്ക് അപ്പോഴേക്കും അല്‍ബഹയോട് അടങ്ങാത്ത ഒരു ഇഷ്ടം തോന്നിയിരുന്നു. യാത്രതിരിക്കുമ്പോള്‍ ഞങ്ങള്‍ മനസ്സില്‍ കുറിച്ചിട്ടു. വന്ന വഴികളില്‍ നഷ്ടമായ കാഴ്ച്ചകളെ തേടി ഒരിക്കല്‍ കൂടി വരണം ഇവിടേക്ക്. അല്ളെങ്കില്‍ തന്നെ പ്രകൃതി വിസ്മയമൊരുക്കി കാത്തിരിക്കുമ്പോള്‍ ആര്‍ക്കാണിവിടേക്ക് വരാതിരിക്കനാവുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abroad
Next Story