ചാലിയാർ കേന്ദ്രമാക്കി ടൂറിസം പദ്ധതി
text_fieldsഎടവണ്ണപ്പാറ: വിനോദ സഞ്ചാര ഭൂപടത്തിൽ സുപ്രധാനമായ അടയാളപ്പെടുത്തലുമായി ചാലിയാർ ശ്രദ്ധേയമാവുന്നു. ചാലിയാർ കേന്ദ്രമായി ടൂറിസം പദ്ധതി തുടക്കമിടാൻ സംസ്ഥാന സർക്കാറിന്റെ ആലോചനയിലുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.ചാമ്പ്യൻസ് ബോട്ട് ലീഗുമായി ബന്ധപ്പെട്ട ചോദ്യത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.
വാഴക്കാട്, ചീക്കോട്, കീഴുപറമ്പ് പഞ്ചായത്തുകൾ സംയുക്തമായി അടുത്തകാലം വരെ നടത്തിയിരുന്ന ചാലിയാർ ജലോത്സവം ശ്രദ്ധേയമായിരുന്നു. സ്വാതന്ത്ര്യസമരത്തിലെ മറക്കാനാകാത്ത നിരവധി പോരാട്ട കേന്ദ്രങ്ങൾ ചാലിയാർ തീരത്ത് സ്ഥിതിചെയ്യുന്നുണ്ട്. കൂളിമാടിന് സമീപമുള്ള കൊന്നാരുപള്ളി ഇവയിൽ ഒന്നാണ്.
ചാലിയാറിൽ നിന്നക്കരെ കൂളിമാട് കരയിലെ കരിമ്പാറ കൂട്ടങ്ങൾക്കരികെനിന്ന് ഇക്കരെയുള്ള കൊന്നാര് പള്ളിയിൽ തമ്പടിച്ചിരുന്ന സ്വാതന്ത്ര്യ സമര ഭടന്മാർക്ക് നേരെ ബ്രിട്ടീഷ് പട്ടാളം വെടിയുതിർത്തതിന്റെ നേർസാക്ഷ്യം ഇപ്പോഴുമുണ്ട്.വാഴക്കാട് പഞ്ചായത്തിന്റെ കീഴിൽ കള്ളിക്കാട് വാട്ടർ സ്പോർട്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കയാക്കിങ്, നീന്തൽ, ചിൽഡ്രൻസ് പാർക്ക് എന്നിവ ജന ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
വെട്ടുപ്പാറക്ക് സമീപം ചാലിയാറിന്റെ മറുകരയിൽ സ്ഥിതി ചെയ്യുന്നതും കീഴുപറമ്പ് പഞ്ചായത്തിൽ ഉൾപ്പെട്ടതുമായ മുറിഞ്ഞമാട് മൈതാനം എല്ലാംകൊണ്ടും ടൂറിസത്തിന് അനുയോജ്യമായ സ്ഥലമാണ്.മുറിഞ്ഞമാടിനും ചാലിയാറിനും അഭിമുഖമായി വെട്ടുപ്പാറയിൽ നിർമാണം പുരോഗമിക്കുന്ന 'വെട്ടുപ്പാറ വ്യൂ പോയന്റ്' മികച്ച സന്ദർശക കേന്ദ്രമായി മാറുകയാണ്.
ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പത്മകുമാറും സംഘവും വെട്ടുപാറയിൽ നിർമാണം പുരോഗമിക്കുന്ന വ്യൂ പോയന്റ് സന്ദർശിച്ച് വകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് കൈമാറിയതായി അറിയുന്നു. ചാലിയാർ ടൂറിസത്തിന്റെ മുന്നോടിയായി ബോട്ട് സർവിസ് തുടങ്ങാനാണ് ആദ്യ പരിപാടി. നിലമ്പൂർ മുതൽ ഊർക്കടവ് കവണക്കല്ല് പാലം വരെ ഒന്നാംഘട്ടമായും കവണക്കല്ല് മുതൽ ബേപ്പൂർ അഴിമുഖം വരെ രണ്ടാംഘട്ടമായും ബോട്ട് സർവിസ് ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.