നിർമിതബുദ്ധി (Artificial Intelligence) ലോകമെമ്പാടുമുള്ള തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാനും അതേസമയം നിലവിലുള്ള നിരവധി ജോലികൾ ഇല്ലാതാവാനും നിർമിതബുദ്ധി കാരണമാകുന്നു.
2030ഓടെ 20 ശതമാനം ജോലികൾ റോബോട്ടുകൾ ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്ന് ഓക്‌സ്‌ഫഡ് മാർട്ടിൻ സ്കൂൾ നടത്തിയ പഠനത്തിൽ സൂചിപ്പിക്കുന്നു.
അനുദിനം പുരോഗതി കൈവരിക്കുകയും കാലത്തിന്‍റെ മാറ്റത്തിനനുസരിച്ചു മാറാനും നിരന്തരം പഠിക്കാനും കഴിയുന്നവർക്കായിരിക്കും വരുംകാലത്ത് കരിയറിൽ മുന്നേറാനാവുക എന്നതിൽ സംശയമില്ല.
ഡേറ്റ സയന്‍റിസ്റ്റ്, മെഷീൻ ലേണിങ് എൻജിനീയർ, എ.ഐ എത്തിസിസ്റ്റ്, റോബോട്ടിക്സ് എൻജിനീയർ, നാച്വറൽ ലാംഗ്വേജ് പ്രോസസിങ് സ്പെഷലിസ്റ്റ്, ഓട്ടോമേഷൻ എൻജിനീയർ തുടങ്ങി നിരവധി തൊഴിൽ മേഖലകൾ എ.ഐ തുറന്നിടുന്ന പുതിയ അവസരങ്ങൾക്ക് ഉദാഹരണങ്ങളാണ്.
എ.ഐക്ക് പകരംവെക്കാൻ കഴിയാത്ത മനുഷ്യന്‍റെ മാത്രം പ്രത്യേകതകളായ സാമൂഹിക ബുദ്ധി, സർഗാത്മകത, വിമർശനാത്മക ചിന്ത, സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവ് തുടങ്ങിയ സോഫ്റ്റ് കഴിവുകൾ എ.ഐ കാലത്ത് ജോലിയിൽ നിലനിൽക്കാനും വിജയിക്കാനും സഹായിക്കും.
എ.ഐയെ മനുഷ്യന് പകരക്കാരനായി കാണാതെ എ.ഐയെ ഉപയോഗപ്പെടുത്താൻ പഠിക്കുക എന്നതാണ് പരിഹാരം.
ഓരോരുത്തർക്കും അവരവരുടേതായ കഴിവും അറിവും പ്രത്യേകതയും ഉണ്ടെന്ന് മനസ്സിലാക്കുക. അവ തിരിച്ചറിയുക, പരിപോഷിപ്പിക്കുക.
പുതിയ കോഴ്‌സുകൾ ചെയ്യുക, പരിശീലനങ്ങളിൽ പങ്കെടുക്കുക, സർട്ടിഫിക്കേഷനുകൾ നേടുക, വിദഗ്ധരെ കേൾക്കുക, വായിക്കുക, വിദഗ്ധരിൽനിന്ന് കോച്ചിങ് എടുക്കുക.
അവനവൻ ജോലി ചെയ്യുന്ന മേഖലയിലെ പ്രഫഷനലുകളുമായി ബന്ധമുണ്ടാവുക. അതിന് ലിങ്ക്ഡ്ഇൻ പോലുള്ള പ്രഫഷനൽ സോഷ്യൽ പ്ലാറ്റ്ഫോമുകളും സെമിനാറുകളും ഓൺലൈൻ ഫോറങ്ങളും സോഷ്യൽ മീഡിയ ഗ്രൂപ്പുകളും വിവിധ കമ്യൂണിറ്റി പ്ലാറ്റ്‌ഫോമുകളും ഉൾപ്പെടുത്താം.
Explore