ജീവിതത്തിൽ ഒരിക്കലെങ്കിലും നടുവേദന അനുഭവിക്കാത്തവർ വിരളമാണ്. സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്
നട്ടെല്ലിന്റെ സുഗമമായ ചലനങ്ങൾക്ക് തടസ്സം നേരിടുമ്പോഴാണ് സാധാരണയായി നടുവേദന ഉണ്ടാകുന്നത്.
ഡിസ്കുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾ, കശേരുക്കളെ പരസ്പരം ബന്ധിപ്പിക്കുന്ന സ്നായുക്കൾക്കുണ്ടാക്കുന്ന വലിച്ചിലുകൾ, നട്ടെല്ലുമായി ബന്ധപ്പെട്ടുള്ള പേശികൾക്കുണ്ടാകുന്ന ഉളുക്കുകൾ, തെറ്റായ ജീവിത ശൈലി തുടങ്ങിയവയാണ് നടുവേദനക്ക് ഇടയാക്കുന്ന പ്രധാന ഘടകങ്ങൾ
നട്ടെല്ലിന് ഏൽക്കുന്ന പരിക്കുകൾ, ആയാസമുള്ള ജോലികൾ, പൊട്ടിയതോ പുറത്തേക്ക് തള്ളിയതോ ആയ ഡിസ്കുകൾ, അസ്ഥിക്ഷയം, നട്ടെല്ലിന്റെ സ്വാഭാവിക ഘടനയിലുള്ള മാറ്റങ്ങൾ, അമിതവണ്ണം, മാനസിക പിരിമുറുക്കം, ചിലതരം കാൻസർ രോഗങ്ങൾ ഇവയും നടുവേദനക്ക് കാരണമാകുന്നു
പ്രായമാകുന്തോറും ഡിസ്കിനുള്ളിലെ ജലാംശം കുറയുന്നത് ഡിസ്കുകൾ പൊട്ടാനും തെന്നാനുമുള്ള സാധ്യത കൂട്ടും. ഇപ്രകാരം ഘടനാമാറ്റം വന്ന ഡിസ്കുകൾ തൊട്ടടുത്തുള്ള നാഡികളിൽ ചെലുത്തുന്ന സമ്മർദ്ദമാണ് നടുവേദനയായി അനുഭവപ്പെടുന്നത്
അപൂർവമായി നട്ടെല്ലിനെയോ അല്ലെങ്കിൽ മറ്റ് അവയവങ്ങളേയോ ബാധിക്കുന്ന രോഗങ്ങൾ ചിലപ്പോൾ പ്രകടിപ്പിക്കുന്ന പ്രധാന ലക്ഷണം നടുവേദനയായിരിക്കും. വാതരോഗങ്ങൾ അത്തരം കാരണങ്ങളിൽ ഉൾപ്പെടും
പാൻക്രിയാസ്, പിത്താശയഗ്രന്ഥി, ആമാശയം എന്നീ അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങളിൽ ചിലേപ്പോൾ നടുവേദന ഒരു രോഗലക്ഷണമായി കാണപ്പെടാം.
സ്ത്രീകൾക്കുണ്ടാകുന്ന നടുവേദനയിൽ 20 ശതമാനം ഗർഭാശയസംബന്ധമായ രോഗങ്ങൾ മൂലമാണുണ്ടാകുന്നത്.ഗൾഭാശയത്തെ ബാധിക്കുന്ന അണുബാധ, ഫൈബ്രോയ്ഡ്, എൻഡോമെട്രിയോസിസ് തുടങ്ങിയ രോഗങ്ങൾ നടുവേദന ഉണ്ടാക്കാം.
ആർത്തവ സമയത്ത് വരുന്ന നടുവേദന ഹോർമോണുകളിൽ ഉണ്ടാകുന്ന വ്യതിയാനം മൂലമാണ്.
ആർത്തവം നിൽക്കുന്നതോടെ ഹോർമോണുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനം നടുവേദനക്ക് കാരണമാകുന്നു