കിടക്കയിൽ നിന്നും എഴുന്നേൽക്കുമ്പോൾ, ടോയ്​ലറ്റിൽ ഇരുന്നെഴ്ന്നേൽക്കുമ്പോൾ ചെറിയ തല കറക്കമുണ്ടോ? അല്ലെങ്കിൽ തലക്കൊരു അസ്വസ്ഥത അനുഭവപ്പെടാറുണ്ടോ?

പ്രായംചെന്നവരിലാണ്​ ഈ അവസ്ഥ കൂടുതലായി കാണുന്നതെങ്കിലും ചെറുപ്പക്കാരിലും അപൂർവമായി കുട്ടികളിലും ഇത് കാണാം.
ഈ ലക്ഷണങ്ങൾ നിരവധി രോഗങ്ങളുടെ ഭാഗമായി അനുഭവപ്പെടുന്നതിനാൽ ഒരു വിദഗ്​ധ ഡോക്​ടറുടെ വിശദ പരിശോധനയിലൂടെ മാത്രമേ രോഗനിർണയം നടത്താൻ കഴിയൂ.
എന്നാൽ, 60 ശതമാനത്തിലധികം പേരിലും ഈ രോഗലക്ഷണങ്ങൾ 'വെർട്ടിഗോ' (Vertigo) എന്ന രോഗം മൂലമാണ്​ പ്രത്യക്ഷപ്പെടുന്നത്​.
നിത്യജീവിതത്തിൽ വലിയ പ്രശ്​നങ്ങൾ ഉണ്ടാക്കുന്നില്ലെങ്കിലും ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ ആരംഭിക്കണം.
ആന്തരിക കർണത്തിലോ,​ മസ്​തിഷ്​കത്തിലേക്കുള്ള ഞരമ്പുകളിലോ തകരാറുകൾ സംഭവിക്കുമ്പോൾ ശരീരത്തി​ന്‍റെ സന്തുലിതാവസ്ഥ​ നഷ്ടമാകുന്നതാണ് 'വെർട്ടിഗോ'.
വെർട്ടിഗോ രോഗമുള്ളവർ കിടക്കയിൽനിന്നും കസേരകളിൽനിന്നും ചാടിയെഴുന്നേൽക്കുന്നത് ഒഴിവാക്കണം.
ഉറക്കത്തിൽ നിന്നുണർന്നാൽ അൽപസമയം കട്ടിലിൽ ഇരുന്നശേഷം മാത്രം എഴുന്നേൽക്കുക. കുനിയുന്നത് ഒഴിവാക്കുക.
വെർട്ടിഗോക്ക്​ ഫലപ്രദമായ മരുന്നുകൾ ലഭ്യമാണ്​. സെൻസറി പേശികളെയും ഞരമ്പുകളെയും കേന്ദ്രീകരിച്ചുള്ള വ്യായാമ മുറകളും ഫലം ചെയ്യാറുണ്ട്