ഗർഭസ്ഥ ശിശുവിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന സങ്കീർണ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് ഗർഭകാല പ്രമേഹം.
അഞ്ച് മുതൽ ഒമ്പത് ശതമാനം ഗർഭിണികളെ ഇത് ബാധിക്കുന്നു. ഗർഭാവസ്ഥയുടെ 24 മുതൽ 28 ആഴ്ചയിലാണ് ഇത് സാധാരണ പ്രകടമാകുന്നത്. പ്രായം കൂടുമ്പോൾ ഇതിന്നുള്ള സാധ്യത കൂടുന്നു. (20 years -1 % > 44 Years -13 %).
അമിതവണ്ണക്കാർ (BMI >30), മുൻ ഗർഭത്തിൽ പ്രമേഹം ഉണ്ടായിരുന്നവർ, കുടുംബത്തിൽ പ്രമേഹം ഉള്ളവർ, മുമ്പ് തൂക്കം കൂടിയ കുട്ടി ജനിച്ചവർ, മുമ്പ് ഗർഭസ്ഥശിശു മരണം സംഭവിച്ചവർ എന്നിവർക്ക് ഗർഭകാല പ്രമേഹ സാധ്യത ഏറെയാണ്. ഇക്കൂട്ടർ ആദ്യ ചെക്കപ്പിൽ തന്നെ രക്ത പരിശോധന നടത്തേണ്ടതാണ്.
ലക്ഷണങ്ങൾ
അമിതമായ വിശപ്പ്, ദാഹം, കൂടുതൽ മൂത്രമൊഴിക്കൽ, മൂത്രത്തിൽ പഴുപ്പ്, കാഴ്ച മങ്ങൽ എന്നിവ ലക്ഷണങ്ങളാണ്.
പ്രമേഹം കണ്ടെത്തിയാൽ
ആരോഗ്യകരമായ ഭക്ഷണരീതിയും, വ്യായാമവും നല്ല രീതിയിൽ ഗുണം ചെയ്യും. ഭക്ഷണശേഷം 30 മീറ്റർ നടക്കുന്നത് പ്രമേഹം കുറക്കാൻ സഹായിക്കുന്നു. ചിലർക്ക് ഗുളികയോ, ഇൻസുലിനോ ആവശ്യം വന്നേക്കാം.
സമ്പൂർണ്ണ സമീകൃത ആഹാരം കഴിക്കാനായി '1/4 പ്ളേറ്റ് മെത്തേഡ്' അതായത് പ്ലേറ്റിന്റെ ഒരു ഭാഗം കാർബോഹൈഡ്രേറ്റ്, ഒരു ഭാഗം പച്ചക്കറി, ഒരു ഭാഗം പഴങ്ങൾ, ഒരു ഭാഗം പ്രോട്ടീൻ എന്നിവ ഉൾപ്പെടുത്തുക.
പരിപ്പ്, കടല തുടങ്ങിയ വെജിറ്റബിൾ പ്രോട്ടീൻ കൂടുതൽ കഴിക്കാം. മാങ്ങ, ചക്ക, ഈത്തപ്പഴം, നേന്ത്രപ്പഴം, സോഫ്റ്റ് ഡ്രിങ്ക് ഇവ ഒഴിവാക്കുക.
ഭക്ഷണം ഒരു സമയത്ത് കൂടുതൽ കഴിക്കാതെ ഇടവിട്ട് തവണകളായി കഴിക്കുക.
90 ശതമാനം ആളുകളിലും പ്രസവശേഷം പ്രമേഹം നീങ്ങി പോകുമെങ്കിലും ആളിന് അടുത്ത അഞ്ച് വർഷങ്ങളിൽ പ്രമേഹം പിടിപെടാൻ 50 ശതമാനം സാധ്യതയുണ്ട്.
ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതിന്റെ പ്രാധാന്യം ഇവിടെ വ്യക്തമാണല്ലോ.
Explore