എത്ര നിസ്സാരമായ ആരോഗ്യപ്രശ്നവും എന്തോ ഗുരുതര രോഗമാണെന്നു കരുതി നിരന്തരം ഡോക്ടർമാരെ സമീപിക്കുന്ന അവസ്ഥയാണ് ‘ഹൈപ്പോകോൺഡ്രിയാസിസ്’.
ഇവർ ചികിത്സകരോട് രോഗലക്ഷണങ്ങൾ പറയുന്നതിന് പകരം തനിക്ക് ഈയൊരു രോഗമുണ്ടെന്ന സംശയം പങ്കുവെക്കുകയാണ് ചെയ്യുക.
രോഗമില്ലെന്ന് ഡോക്ടർമാർ പറഞ്ഞാലും ഡോക്ടർക്കോ അല്ലെങ്കിൽ രോഗനിർണയ സംവിധാനങ്ങൾക്കോ ഉണ്ടായ തകരാറ് കാരണമാണ് തന്‍റെ രോഗം കണ്ടുപിടിക്കാത്തത് എന്നായിരിക്കും ചിന്തിക്കുക.
ഇവർ വീണ്ടും വീണ്ടും ഡോക്ടർമാരെ സമീപിച്ച് സമയവും പണവും നഷ്ടപ്പെടുത്തി അവനവനുതന്നെയും കുടുംബാംഗങ്ങൾക്കിടയിലും അസ്വസ്ഥത സൃഷ്ടിച്ചുകൊണ്ടിരിക്കും.
ഏതെങ്കിലും ശരീരഭാഗങ്ങളിൽ ഒരു പ്രത്യേകരോഗം പിടികൂടി എന്ന തോന്നലുകളാണ് ഇത്തരം രോഗികളുടെ പൊതുസ്വഭാവം.
നിലവിൽ ആരോഗ്യപ്രശ്നങ്ങളുമായി ഡോക്ടർമാരുടെ അടുത്തെത്തുന്നവരിൽ ചെറിയൊരു ശതമാനമെങ്കിലും ‘ഹൈപ്പോകോൺഡ്രിയാസിസ്’ എന്ന അവസ്ഥയിലൂടെ സഞ്ചരിക്കുന്നവരാണ്
ഇന്‍റർനെറ്റ് വ്യാപകമാവുകയും മെഡിക്കൽ സയൻസിലെ വിവരങ്ങളടക്കം കൈയിലുള്ള മൊബൈൽ ഫോണിൽ ലഭ്യമാകുകയും ചെയ്തശേഷം ഇത്തരക്കാരുടെ എണ്ണം വർധിച്ചുവരുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു.