പ്രസവശേഷം സ്ത്രീകളിൽ ഉണ്ടാകുന്ന മാനസിക സമ്മർദമാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ. പ്രസവശേഷമുള്ള ആദ്യ ആറു മാസത്തിനുള്ളിലാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ സാധാരണമായി കാണപ്പെടുന്നത്.
ലക്ഷണങ്ങൾ
സങ്കടം, ഉത്കണ്ഠ, ആകാംഷ, പ്രത്യാശയില്ലാത്ത ചിന്തകൾ, എല്ലാ സാഹചര്യങ്ങളിൽനിന്നും ഉൾവലിയൽ, ഉറക്കക്കുറവ്, ശ്രദ്ധയില്ലായ്മ, ദേഷ്യം, വാശി, നിർബന്ധബുദ്ധി, ആരോടും സംസാരിക്കാത്ത അവസ്ഥ, ശാരീരിക അസ്വസ്ഥതകളുടെ രൂപത്തിലും ഇത് അനുഭവപ്പെടാറുണ്ട്.
എങ്ങനെ സംഭവിക്കുന്നു
ഗർഭകാലത്ത് പ്രത്യുൽപാദന ഹോർമോണുകളായ ഈസ്ട്രജൻ, പ്രോജസ്റ്ററോൺ എന്നിവയുടെ അളവ് കൂടുകയും പ്രസവാനന്തരം പെട്ടെന്ന് തന്നെ ഇത് പഴയ സ്ഥിതിയിലേക്ക് പോവുകയും ചെയ്യുന്നു. ഇത് മാനസികാവസ്ഥയിൽ പ്രകടമായ മാറ്റങ്ങൾക്ക് കാരണമുണ്ടാക്കുന്നു.
എങ്ങനെ തിരിച്ചറിയാം
സ്വന്തം കാര്യങ്ങൾ ചെയ്യാനോ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനോ കഴിയാത്ത അവസ്ഥ, സ്വയം മുറിവേൽപ്പിക്കുവാനും കുഞ്ഞിനെ വേദനിപ്പിക്കുവാനും തോന്നുന്ന മാനസികാവസ്ഥ തുടങ്ങിയവ പോസ്റ്റ്പാർട്ടം ഡിപ്രഷൻ അവസ്ഥകളാണ്.
സാധ്യത കൂടുതൽ ഇവരിൽ
ചെറിയ പ്രായത്തിൽത്തന്നെ ഗർഭം ധരിക്കുന്നവർ, ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ, കുടുംബത്തിൽ വിഷാദ രോഗങ്ങൾ അനുഭവിക്കുന്നവരുണ്ടെങ്കിൽ, ഒറ്റ പ്രസവത്തിൽ ഒന്നിൽ കൂടുതൽ കുട്ടികൾ, ഭിന്നശേഷിയുള്ള കുട്ടികളെ പ്രസവിക്കുന്ന സാഹചര്യം.
ചികിത്സ
രോഗലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നിന്നാൽ ഡോക്ടറെ ഉടൻ സമീപിക്കാം. ഈ സമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ വർഷങ്ങളോളം മാനസികാവസ്ഥയെ ബാധിക്കാനും സാധ്യതയുണ്ട്.
അമ്മയും കുഞ്ഞും
അമ്മമാർക്ക് കുഞ്ഞുമായുള്ള ആത്മബന്ധം മികച്ച രീതിയിൽ രൂപപ്പെടുത്താൻ ഈ അവസ്ഥയിൽ സാധിക്കാറില്ല. ഇത് കുഞ്ഞിന് അമ്മയുമായി അടുക്കുന്നതിന് തടസ്സമുണ്ടാക്കും.
മാനസിക പിന്തുണ
പങ്കാളിയുടെ ഇടപെടലും കരുതലും, ചുറ്റുമുള്ളവരുടെ മാനസിക പിന്തുണയും പ്രധാനമാണ്. ഒരു തവണ ഈ അവസ്ഥ അനുഭവിച്ചവർക്ക് അടുത്ത പ്രസവത്തിന് ശേഷവും ഇതിനുള്ള സാധ്യത കൂടുതലാണ്.