കൈകാലുകൾ ഒരേ പൊസിഷനിൽ വെച്ച് അൽപനേരം കഴിഞ്ഞു തരിക്കുന്നതും അത് മാറും വരെ ഇക്കിളിയെന്നോ വേദനയെന്നോ അറിയാത്ത ആ അനുഭവം ഉണ്ടാകുന്നതും കുട്ടിക്കാലത്തെ വലിയ കൗതുകങ്ങളിൽ ഒന്നായിരുന്നു.
കൈകാൽ വിരലുകളുടെ സ്പർശവും വേദനയുമെല്ലാം അറിയുന്നതും അറിയിക്കുന്നതും പെരിഫെറൽ നേർവസ് സിസ്റ്റം എന്ന നാഡികളുടെ കൂട്ടമാണ്.
ഇവക്ക് വരുന്ന ചെറിയ പരിക്കുകളാണ് ആദ്യം തരിപ്പിൽ തുടങ്ങി പിന്നെ സൂചി കുത്തുന്ന വേദനയിലേക്കും തുടർന്ന് ചെറിയ ഭാരം പോലും ഉയർത്താൻ സാധിക്കാത്ത കടുത്ത വേദനയിലേക്ക് നയിക്കുന്ന അവസ്ഥയിലേക്കുമെല്ലാം എത്തിച്ചേരുന്നത്.
ഈ രോഗമുള്ള മിക്ക രോഗികളും ഏറെ കാലം അവഗണിച്ച ശേഷം ദൈനംദിനജീവിതത്തിന്‍റെ നിലവാരത്തെ ബാധിക്കും വിധം രോഗം മൂർച്ഛിക്കുമ്പോൾ മാത്രമാണ് ഡോക്ടറുടെ അടുത്ത് എത്തിപ്പെടുന്നത് എന്നതാണ്‌ ദു:ഖകരമായ സത്യം.
നേരത്തെ കണ്ടെത്തിയാൽ ഏതാണ്ട് പൂർണമായി തന്നെ ചികിൽസിച്ചു ഭേദമാക്കാനും കാരണം കണ്ടെത്താനും സാധിക്കും. പിന്നീടായാൽ ബുദ്ധിമുട്ടാകും
ഏറ്റവും സാധാരണമായി കൈകാൽ തരിപ്പിനു കാരണമാകുന്നത് പ്രമേഹമാണ്.
പരിക്ക് പറ്റുന്ന നാഡികൾ ആദ്യം തരിപ്പായും പിന്നീട് ദുസ്സഹമായ വേദനയായും അനിയന്ത്രിതമായ പ്രമേഹത്തെക്കുറിച്ച്‌ രോഗിയോട് വിളിച്ചു പറയുന്നു.
ഇത്തരത്തിൽ ഉണ്ടാകുന്ന കൈകാൽ തരിപ്പിനു പ്രമേഹം നിയന്ത്രണവിധേയമാക്കുകയാണ് ചികിത്സയുടെ ആദ്യത്തെ പടി. നാഡികളെ എത്രത്തോളം ബാധിച്ചിരിക്കുന്നു എന്നതനുസരിച്ച് ചികിത്സാനടപടികൾ വ്യത്യസ്തമാകും.
കൈ തരിപ്പിന്‍റെ മറ്റൊരു പ്രധാനകാരണം കാർപൽ ടണൽ സിൻഡ്രോം എന്ന അവസ്ഥയാണ്.
കഴുത്തിലെ എല്ലിന്‍റെ കശേരുക്കൾക്കിടയിൽ നിന്നാണ്‌ കൈകളിലേക്കുള്ള നാഡികൾ ഉദ്‌ഭവിക്കുന്നത്‌. കഴുത്തിലെ എല്ല്‌ തേയ്‌മാനമാണ്‌ ഈ അവസ്‌ഥ ഉണ്ടാക്കുന്നതിന്‍റെ പ്രധാനകാരണം.
തുടർച്ചയായി കഴുത്ത്‌ താഴ്‌ത്തിയിരുന്ന്‌ ജോലി ചെയ്യുന്നവർക്ക്‌ ഈ അവസ്‌ഥയുണ്ടാകാം. കഴിവതും നേരെ നോക്കി ജോലി ചെയ്യാൻ ശ്രമിക്കാം.
ചിലർക്ക്‌ കഴുത്തിനോട്‌ ചേർന്ന്‌ ഒരു വാരിയെല്ല്‌ അധികമുണ്ടാകാറുണ്ട്‌. സെർവൈക്കൽ റിബ്‌ എന്ന ഈ എല്ലിനിടയിൽ നാഡികളും സിരകളും ധമനിയുമെല്ലാം ഞെരുങ്ങിയിരിക്കാറുണ്ട്‌. ഇതും തരിപ്പുണ്ടാക്കാം.
ഇത്‌ കൂടാതെ, അമിതമായ മദ്യപാനം, ഗില്ലൻ ബാരി സിൻഡ്രോം, വൈറ്റമിൻ ബി 12 കുറവ്‌, മസ്‌തിഷ്‌കാഘാതം, നാഡികളെ ഞെരുക്കുന്ന മറ്റവസ്‌ഥകൾ, മൾട്ടിപ്പിൾ സ്‌ക്ലീറോസിസ്‌, സിഫിലിസ്‌ എന്നിവയെല്ലാം തന്നെ കൈ തരിപ്പുണ്ടാക്കാം.
രോഗകാരണം ഏത്‌ തന്നെ ആയാലും, അതിനെ ചികിത്സിക്കുന്നതാണ്‌ സ്‌ഥിരമായ പരിഹാരം. താൽക്കാലിക ആശ്വാസത്തിനായി മരുന്നുകളുണ്ട്‌. കൂടാതെ, വ്യായാമം, ധാരാളം ബി വൈറ്റമിനുകളടങ്ങിയ ഭക്ഷണം എന്നിവയെല്ലാം സഹായകരമാണ്‌.
തരിപ്പ്‌ ഒരിക്കലും കൂടാൻ കാത്തു വെക്കരുത്‌. കാരണം, നാഡിവ്യൂഹത്തിന്‌ ഒരിക്കൽ ക്ഷതമുണ്ടായാൽ പിന്നീട്‌ പഴയപടി ആകാൻ ഏറെ സമയമെടുക്കും.