സർവസാധാരണമായി കണ്ടുവരുന്ന ഒന്നാണ് മോണരോഗം. പല്ല് വൃത്തിയാക്കുന്നതിലെ അശ്രദ്ധ കാരണം ആരംഭിക്കുന്ന ഈ രോഗം അധികമാളുകളും കാര്യമായെടുക്കാറില്ല.
മോണരോഗത്തിന്‍റെ പ്രധാന കാരണം പല്ലിലടിയുന്ന അഴുക്കാണ്.അഴുക്കുള്ളയിടങ്ങളിൽ ബാക്ടീരിയ അധികം ഉണ്ടാകുന്നു. ബാക്ടീരിയ ഉൽപാദിപ്പിക്കുന്ന ടോക്സിൻസിന്‍റെ ഫലമായി മോണയിൽ അണുബാധ വരുന്നു.
ഇതിനെ പ്രതിരോധിക്കാനായി മോണയിൽ രക്തം കൂടുതലായി നിലനിർത്താൻ ശരീരം ശ്രമിക്കുന്നു. അപ്പോഴാണ് ചെറിയ സ്പർശനത്താൽതന്നെ രക്തം വരാനിടയാകുന്നത്.
തുടക്ക ലക്ഷണങ്ങൾ
പല്ലുതേക്കുമ്പോൾ മോണയിൽനിന്ന് രക്തം വരുക, കട്ടിയുള്ള ആഹാരം കഴിക്കുമ്പോൾ (ആപ്പിൾ, പേരക്ക) അതിൽ രക്തത്തുള്ളികൾ കാണുക,മോണക്ക് കടുംചുവപ്പ് നിറം കാണുക, മോണയിൽ നീരുവന്ന് വീർക്കുക, വായ്നാറ്റം,പല്ലിൽനിന്ന് വിട്ടുനിൽക്കുന്ന മോണ.
മോണരോഗം രണ്ടു തരമുണ്ട്
ആദ്യത്തെ അവസ്ഥയെ മോണവീക്കം അഥവാ ജിൻജിവൈറ്റിസ് എന്നുപറയുന്നു. ഇതിൽ മോണയുടെ പുറമെയുള്ള മൃദുവായ കലകളെ മാത്രമേ ബാധിക്കുന്നുള്ളൂ. ഇത് തീർത്തും ചികിത്സിച്ചു ഭേദമാക്കാവുന്ന ഘട്ടമാണ്.
പിന്നീട് തീവ്രമുള്ള അവസ്ഥയെ മോണപ്പഴുപ്പ് അഥവാ പീരിയോഡെൈന്‍ററ്റിസ് എന്നു പറയുന്നു. ഇതിൽ മോണയുടെ ഉൾഭാഗത്തെയും അസ്ഥികളെയും ബാധിക്കുന്നു.
വായിലെ ബാക്ടീരിയയും മറ്റു ടോക്സിൻസും നേരിട്ട് രക്തക്കുഴലിലേക്ക് പ്രവേശിക്കുകയും ആർട്ടറിയുടെ ഉൾവശങ്ങളിൽ പറ്റിപ്പിടിച്ച് പ്രധാന രക്തക്കുഴലുകളുടെ വിസ്തീർണം കുറച്ച്, രക്തത്തിന്‍റെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അതിലൂടെ ബാക്ടീരിയൽ അണുബാധ ഉണ്ടാവുകയും അത് ഹൃദയാഘാതം, സ്ട്രോക് എന്നിവയിലേക്കു നയിക്കുകയും ചെയ്യും.
ഒരുപാട് പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് തന്നെ മോണ രോഗത്തിൽ നിന്നും നിങ്ങളുടെ വായ രക്ഷിക്കാൻ ശ്രമിക്കുക.