‘A good laugh and a long sleep are the best cures in the doctor’s book’ എന്നത്​ പ്രശസ്തമായ ഒരു ഐറിഷ്​ പഴമൊഴിയാണെങ്കിലും അതിലൊരു വൈദ്യശാസ്​ത്ര സത്യം ഒളിഞ്ഞിരിപ്പുണ്ട്​.

കാലാകാലങ്ങളായി നടന്നിട്ടുള്ള ഗവേഷണങ്ങളിൽ ഉറക്കം ജീവന്‍റെ നിലനിൽപിനുതന്നെ അനിവാര്യമാണെന്ന്​​ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യമുള്ള വ്യക്തി രാത്രി ശരാശരി എട്ടു മുതല്‍ എട്ടര മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ്​ ആരോഗ്യ വിദഗ്​ധർ പറയുന്നത്​.
നന്നായി ഉറങ്ങാൻ എന്തെല്ലാം ചെയ്യണം?
എല്ലാ ദിവസവും ഉറങ്ങാൻ പ്രത്യേക സമയം തിരഞ്ഞെടുക്കുക എന്നത് പ്രധാനമാണ്. ജോലിയുള്ള ദിവസങ്ങളിലായാലും അവധി ദിവസങ്ങളിലായാലും പതിവായി ഒരേ സമയത്ത്​ ഉറങ്ങാനും ഉണരാനും ശ്രമിക്കുക.
ഉറങ്ങുന്ന സ്ഥലം പ്രധാനമാണ്​. കിടപ്പുമുറി പൊടിയും മറ്റുമില്ലാതെ ശുചിയായി സൂക്ഷിക്കുകയും വെളിച്ചം, ശബ്​ദം എന്നിവ പരമാവധി ഒഴിവാക്കുകയും ചെയ്യുക. കൂടാതെ, മുറിയിലെ താപനിലയും സുഖപ്രദമായ രീതിയിൽ ക്രമീകരിക്കണം.
കിടപ്പുമുറിയിൽ ഒരിക്കലും ടെലിവിഷൻ, കമ്പ്യൂട്ടർ, സ്മാർട്ട് ഫോൺ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ സൂക്ഷിക്കാതിരിക്കുക.
പകലുറക്കം രാത്രിയിലെ ഉറക്കത്തെ ബാധിക്കുമെന്നതിനാൽ പകൽ ഉറങ്ങാതിരിക്കുകയും എ​​ന്തെങ്കിലും ജോലികളിൽ ഏ​ർപ്പെടുകയും ചെയ്യണം. ഇത്​ രാത്രിയുറക്കത്തെ സഹായിക്കും.
രാത്രിഭക്ഷണം ലഘുവായതും എളുപ്പത്തിൽ ദഹിക്കുന്നതുമായിരിക്കണം. കൂടാതെ ഉറങ്ങുന്നതിന്​ മൂന്നോ നാലോ മണിക്കൂർ മുമ്പ്​ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
കഫീൻ അടങ്ങിയ ചായ, കാപ്പി, കോളകൾ എന്നിവയുടെ ഉപയോഗം പരമാവധി കുറക്കുകയും വൈകുന്നേരത്തിനുശേഷം ഇവ ഒരു കാരണവശാലും ഉപയോഗിക്കാതിരിക്കുകയും ചെയ്യുക.
പുകവലി, മദ്യം പോലുള്ള ലഹരിവസ്തുക്കൾ പൂർണമായി ഉപേക്ഷിക്കുക.
വൈകുന്നേരം മിതമായി വ്യായാമം ചെയ്യുന്നത്​ സുഖമായി ഉറങ്ങാൻ സഹായിക്കും. ചെറുചൂടുവെള്ളത്തിൽ കുളിക്കുന്നതും ഉറക്കത്തെ സഹായിക്കും.
ഒരു വ്യക്തിക്ക്​ ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെങ്കിൽ വിദഗ്​ധ​ ഡോക്ടറെ സമീപിച്ച്​ ഉപദേശം തേടേണ്ടതാണ്. ഉറക്കം വരാൻ വൈകുക, നേരത്തേ എഴുന്നേറ്റ്​ പോകുക, ഇടക്കുവെച്ച്​ തടസ്സപ്പെടുക, പകൽമുഴുവൻ ഉറക്കംതൂങ്ങുക തുടങ്ങിയവ ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്​. ഇവ തുടർച്ചയായി രണ്ടാഴ്​ചയിൽ കൂടുതൽ അനുഭവപ്പെട്ടാൽ വൈദ്യസഹായം തേടണം.
Explore