കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കേണ്ട ഒന്നാണ് കുട്ടികളിലെ വിരശല്യം.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകജനസംഖ്യയുടെ നാലിലൊന്നിനും വിരശല്യം ബാധിക്കുന്നു. ഇതില്‍തന്നെ കുട്ടികളിലാണ് പ്രശ്നം കൂടുതൽ.
സാധാരണ രണ്ടു മുതല്‍ 19 വയസ്സു വരെയുള്ളവരെയാണ് ഏറെയും വിരശല്യം ബാധിക്കുന്നത്. കുട്ടികളുടെ വളര്‍ച്ച, ആരോഗ്യം, പഠനനിലവാരം എന്നിവയെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ എത്രയുംവേഗം ചികിത്സിച്ചു ഭേദമാക്കേണ്ടത് അനിവാര്യമാണ്.
ഉരുളന്‍ വിര, നാടന്‍ വിര, കൃമി തുടങ്ങി പല വിഭാഗങ്ങളായാണ് വിര കാണപ്പെടുന്നത്. പ്രധാനമായും വൃത്തിയില്ലാത്ത സാഹചര്യങ്ങളുമായി ഇടപഴകുന്നതിലൂടെയാണ് വിര രൂപപ്പെടുന്നത്
അശ്രദ്ധമായി പാകംചെയ്ത ആഹാര പദാര്‍ഥങ്ങള്‍ കഴിക്കുന്നതിലൂടെ, പ്രത്യേകിച്ച് മാംസാഹാരങ്ങള്‍ നന്നായി വേവിച്ചുകഴിച്ചില്ലെങ്കില്‍ ശരീരത്തില്‍ വിര രൂപപ്പെടും.
സാധാരണ വന്‍കുടലിലാണ് വിരകള്‍ ബാധിക്കുന്നത്. ചില വിരകള്‍ ശ്വാസകോശം, കരള്‍, ത്വക്കിന് തൊട്ടുതാഴെയുള്ള ഭാഗം എന്നിവിടങ്ങളിലും ബാധിക്കാം.
ചില കുട്ടികളില്‍ വിരശല്യം ബാധിച്ചതിന്റെ ലക്ഷണങ്ങള്‍ കൃത്യമായി പ്രകടമാകും. എന്നാല്‍, ചിലരില്‍ ലക്ഷണങ്ങള്‍ വളരെ കുറഞ്ഞ തോതില്‍ മാത്രമാകും.
വിരശല്യം രൂക്ഷമായി ബാധിച്ച കുട്ടികളില്‍ കുടലില്‍ നേരിയ സുഷിരങ്ങള്‍ രൂപപ്പെടുകയും ഇതുവഴി രക്തം നഷ്ടമാകുകയും ചെയ്യും. ശരീരത്തിലെത്തുന്ന പോഷകാംശങ്ങള്‍ ക്രമേണ നഷ്ടമാകാനും ശരീരം ശോഷിക്കാനും ഇത് കാരണമാകും.
ശരീരത്തിലെ ഒരു വിര ഏകദേശം .03 മില്ലി രക്തം നഷ്ടമാകുന്നതിന് വഴിവെക്കുമെന്നാണ് കണക്ക്. ഇത്തരത്തില്‍ ഒരു കുട്ടിയുടെ ശരീരത്തിലുള്ള എണ്ണമറ്റ വിരകള്‍ നഷ്ടപ്പെടുത്തുക വലിയ അളവിലെ രക്തമാണ്.
വിരശല്യം കണ്ടെത്തിയാല്‍ ശരീരത്തില്‍നിന്ന് വിരകളെ നീക്കാനുള്ള മരുന്നുകളാണ് ഉപയോഗിക്കുന്നത്. പുറമെയുള്ള ലക്ഷണങ്ങള്‍ നിരീക്ഷിച്ചാണ് ആദ്യഘട്ടത്തില്‍ ചികിത്സ നല്‍കുന്നത്.
സങ്കീര്‍ണമായ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുവെങ്കില്‍ കൃത്യമായ പരിശോധന രീതികളിലൂടെ വിര എത്രത്തോളം ബാധിച്ചുവെന്ന് കണ്ടെത്തിയ ശേഷമാണ് ചികിത്സിക്കുന്നത്.