‘ഭാര്യക്കെന്താ ജോലി..?’ ‘ജോലിയൊന്നുമില്ല, ഹൗസ് വൈഫാണ്’ ഈ സംഭാഷണം നമ്മുടെ നിത്യജീവിതത്തിൽ നിരന്തരം കേൾക്കുന്ന ഒന്നാണ്.
പറയുമ്പോൾ കുറ്റബോധം തോന്നാത്തതും കേൾക്കുമ്പോൾ വലിയ നുണയാണെന്ന് തിരിച്ചറിയാത്തതുമായ അടിസ്ഥാനമില്ലാത്ത പ്രസ്താവനയാണ് ഇത്.
മറ്റേതൊരു ജോലിയേക്കാളും ഭാരമേറിയതാണ് ഒരു വീട്ടമ്മ ദിവസേന ചെയ്യേണ്ടിവരുന്നത് എന്ന കാര്യം നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.
മൂന്നു നേരത്തെ ഭക്ഷണം പാചകം ചെയ്യൽ മുതൽ ചെടി നനക്കൽ എന്നുതുടങ്ങി പുലരുംമുമ്പ് ആരംഭിച്ച് രാത്രി ഏറെ വൈകുംവരെ തുടരുന്ന ജോലിയാണ് ഒരു വീട്ടമ്മയെ എല്ലാ ദിവസവും വലയംചെയ്യുന്നത്.
വീട്ടിൽ പ്രായമായവരുണ്ടെങ്കിൽ അവരെ പരിപാലിക്കൽ എന്ന അധികജോലിയും പലപ്പോഴും സ്ത്രീകളുടെ ചുമതലയാണ്.
പുതിയ കുടുംബാന്തരീക്ഷത്തിൽ ഭർത്താവും കുട്ടികളും വീട്ടുകാര്യങ്ങളിൽ സഹായിക്കുന്നുണ്ടെന്ന് കരുതിയാലും കൂടുതൽ ഭാരം ചുമക്കേണ്ടിവരുന്നത് സ്ത്രീകൾതന്നെ.
ഏതെങ്കിലും തരത്തിലുള്ള പ്രതിഫലമോ അംഗീകാരമോ ലഭിക്കുന്നില്ല എന്നുമാത്രമല്ല, പലപ്പോഴും കുറ്റപ്പെടുത്തലുകൾ മാത്രം സഹിക്കേണ്ടിവരുകയും ചെയ്യുന്നു.
പലപ്പോഴും സ്വന്തം ആരോഗ്യം നോക്കാതെ ജോലിയെടുക്കേണ്ടിവരുന്നവരാണ് വീട്ടമ്മമാർ. ഒരു ദിവസംപോലും അവധിയെടുക്കാതെയുള്ള തുടർച്ചയായ ജോലികൾ ഇവരെ പലപ്പോഴും അനാരോഗ്യത്തിലേക്ക് നയിക്കാറുണ്ട്.
ആർത്തവം, ആർത്തവ വിരാമം തുടങ്ങി സ്ത്രീശരീരവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ പലപ്പോഴും വീട്ടമ്മമാരെ തളർത്താറുണ്ട്.
ഒരുപാട് പ്രശ്നങ്ങൾ അവരെ ഡിപ്രഷനിലേക്ക് തള്ളിയിടാം
മതിയായ ഉറക്കം, വിശ്രമം കുടുംബാംഗങ്ങളുടെ പിന്തുണ, അസുഖം വന്നാലുള്ള പരിചരണം, ലഘു വ്യായാമം, സിനിമ-ടെലിവിഷൻ കാണൽ, മറ്റു വിനോദങ്ങളിൽ ഏർപ്പെടൽ എന്നിവ അവരുടെ മാനസില ആരോഗ്യം മെച്ചപ്പെടുത്തും.