സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും ഓണം ലോകത്ത് എവിടെ നിന്നായാലും മലയാളികൾ ആഘോഷിക്കാറുണ്ട്.
പൂക്കളവും ഓണസദ്യയുമെല്ലാമായി കൂട്ടായ്മയുടെ സന്ദേശം കൂടി പങ്ക് വെച്ചാണ് ഓരോ ഓണക്കാലവും കടന്ന് പോകുന്നത്.
പഞ്ഞമാസമായ കര്‍ക്കടകം കഴിഞ്ഞ് പൊന്നിന്‍ചിങ്ങത്തെ വരവേല്‍ക്കുന്ന മലയാളികളുടെ വറുതിയകറ്റുന്ന ദിനം കൂടിയാണ് ഓണം.
ഐതിഹ്യം അറിയാം
ഓണവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള ഐതിഹ്യങ്ങളും ഉണ്ട്. എങ്കിലും വാമനനും മഹാബലിയുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യമാണ് ഓണവുമായി ബന്ധപ്പെട്ട് ഏറെ പ്രശസ്തം
അസുരവംശത്തിലെ രാജാവായിരുന്നെങ്കിലും കടുത്ത വിഷ്ണു ഭക്തനും സദ്ഭരണത്തിനുടമയുമായിരുന്നു മഹാബലി. ദേവലോകത്തെ പോലും നാണിപ്പിക്കുന്ന വിധത്തിലായിരുന്നു മഹാബലിയുടെ ഭരണം.
ദേവലോകം നഷ്ടപ്പെടുമെന്ന ഭയത്താല്‍ ഇന്ദ്രനും മറ്റ് ദേവന്‍മാരും വിഷ്ണുവിനെ പ്രാര്‍ത്ഥിച്ച് സഹായം തേടി. മനസലിഞ്ഞ വിഷ്ണു ദേവഗണങ്ങളെ രക്ഷിക്കാം എന്ന് വാക്ക് കൊടുക്കുകയും പിന്നീട് വാമനന്റെ അവതാരം സ്വീകരിച്ച് ഭൂമിയിൽ എത്തുകയും ചെയ്തു.
ചിങ്ങ മാസത്തിലെ തിരുവോണ ദിവസമായിരുന്നു വിഷ്ണു വാമനനായി അവതരിച്ചത്. ഈ സമയം മഹാബലി വിശ്വജിത്ത് എന്ന യാഗം ചെയ്യുകയായിരുന്നു. ഇതിനിടെ മഹാബലിക്ക് മുന്നിലെത്തി വാമനന്‍ തനിക്ക് ഭിക്ഷ നല്‍കണം എന്ന് ആവശ്യപ്പെട്ടു..
എന്ത് വേണമെങ്കിലും തരാം എന്ന് പറഞ്ഞ മഹാബലിയോട്. മൂന്നടി മണ്ണ് മാത്രമാണ് തനിക്ക് വേണ്ടതെന്നും തനിക്ക് വേണ്ടത് എന്നും അത് താന്‍ തന്നെ അളക്കുമെന്നും വാമനന്‍ പറഞ്ഞു.
അസുരഗുരുവായ ശുക്രാചാര്യര്‍ ഇതിലെ ചതി മനസിലാക്കി. മഹാബലിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നല്‍കിയ വാഗ്ദാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നായിരുന്നു ബലിയുടെ നിലപാട്.
അതിനിടെ ആകാശത്തോളം വളര്‍ന്ന വാമനന്‍ ആദ്യ രണ്ട് അടി കൊണ്ട് ഭൂമിയും സ്വര്‍ഗവും പാതാളവും അളന്നു. മൂന്നാമത്തെ അടിക്ക് സ്ഥലമില്ലാതെ വന്നപ്പോള്‍ മഹാബലി തന്റെ ശിരസ് കാണിച്ചു കൊടുത്തു.
വാമനന്‍ മഹാബലിയുടെ ശിരസില്‍ കാല്‍വെക്കുകയും പാതാളത്തിലേക്ക് പറഞ്ഞയയ്ക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം പറയുന്നത്. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ അനുവദിക്കണം എന്ന് മഹാബലി വാമനനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ഈ അഭ്യര്‍ത്ഥന വാമനന്‍ കേള്‍ക്കുകയും ചെയ്തു. ഇത് പ്രകാരം തന്റെ പ്രജകളെ കാണാന്‍ മഹാബലി വരുന്ന ദിവസമാണ് തിരുവോണമായി ആഘോഷിക്കുന്നത് എന്നാണ് വിശ്വാസം.