മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, ടാബ്, ടി.വി, ഗെയിമിങ് ഡിവൈസുകൾ തുടങ്ങിയ ഡിജിറ്റൽ ഗാഡ്ജറ്റുകൾ ഇന്ന് നമ്മുടെ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണ്.
ടെക്‌നോളജി നിരവധി ഗുണങ്ങൾ നൽകുമ്പോഴും ഗാഡ്‌ജറ്റുകളുടെ അമിതോപയോഗം കുട്ടികളിലും കുടുംബത്തിനുള്ളിലും നിരവധി മാറ്റങ്ങൾ വരുത്തുന്നുണ്ട്.
മുമ്പ് കമ്പ്യൂട്ടർ, മൊബൈൽ ഫോൺ തുടങ്ങിയ ഗാഡ്‌ജറ്റുകൾ മുതിർന്നവർക്കുള്ളതായിരുന്നു. എന്നാൽ, ഇന്ന് ഓരോ കുഞ്ഞും ഡിജിറ്റൽ ലോകത്തേക്കാണ് പിറന്നുവീഴുന്നത്.
അതുകൊണ്ടുതന്നെ അവരെ ഡിജിറ്റൽ നേറ്റിവ്സ് (Digital Natives) എന്ന് വിശേഷിപ്പിക്കുന്നു.
വിദ്യാഭ്യാസത്തിന്‍റെ അനന്ത സാധ്യതകളാണ് ഇന്‍റർനെറ്റ് കുട്ടികൾക്കുമുന്നിൽ തുറന്നുവെക്കുന്നത്. അതുകൊണ്ടുതന്നെ ഗാഡ്‌ജറ്റുകൾ ഉപയോഗിക്കാതിരിക്കുക, അല്ലെങ്കിൽ ഇതില്ലാത്ത ലോകത്തേക്ക് തിരിച്ചുപോവുക എന്നത് ഒരിക്കലും സാധ്യമല്ല.
മൊബൈലിന്‍റെ അമിതോപയോഗം കുട്ടികളിൽ ശാരീരികവും മാനസികവും സാമൂഹികവുമായ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കുന്നതായി പഠനങ്ങൾ പറയുന്നു.
മദ്യം, മയക്കുമരുന്ന്, ചൂതാട്ടം പോലെയുള്ള അഡിക്ഷനുകളോടാണ് വിദഗ്ധർ മൊബൈൽ അഡിക്ഷനെ താരതമ്യപ്പെടുത്തുന്നത്. ഇവക്കൊക്കെ പ്രത്യേകം വയസ്സ് നിർണയിച്ചിട്ടുണ്ടെങ്കിലും ഗാഡ്‌ജറ്റ് അഡിക്ഷന് അതില്ല.
അഡിക്ഷൻ മാറ്റാൻ കുട്ടികൾക്ക് മൊബൈൽഫോൺ ഒട്ടും കൊടുക്കാതിരിക്കുക എന്ന രീതി പലരും ശ്രമിച്ചുനോക്കാറുണ്ട്, ഒട്ടും ഫോൺ ഉപയോഗിക്കാതിരുന്നാൽ പുതിയ കാലത്ത് കുട്ടികൾ പിന്നിലായിപ്പോയേക്കാം.
മൊബൈൽ ഉപയോഗത്തിന് അപ്പുറത്തേക്ക് അവർക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് പറഞ്ഞുകൊടുക്കണം.
അതിരുകൾ നിർണയിക്കുക, സ്ക്രീൻ ടൈം കർശനമായി പാലിക്കുക, കുട്ടികളോട് സംസാരിക്കുക എന്നീ രീതികളിലൂടെ കുട്ടികളെ മൊബൈലിൽ നിന്നും മാറ്റിനിർത്താം.
രക്ഷിതാക്കൾ മാതൃകയാകാൻ ശ്രമിക്കുക, ആവശ്യമെങ്കിൽ പ്രൊഫഷണൽ സഹായം തേടാനും മറക്കരുത്.
ഒരു ദുശ്ശീലം ഒഴിവാക്കാനുള്ള മാർഗം പുതിയ ശീലങ്ങൾ ഉണ്ടാകുക എന്നതാണ്. അതിനായി കുടുംബാംഗങ്ങൾ തമ്മിൽ ഒരുമിച്ച് ഇടപഴകാൻ കഴിയുന്ന കാര്യങ്ങൾ പ്ലാൻ ചെയ്യുക.