പെഡോഫിലിയ എന്ന മാനസിക വൈകല്യത്തെ കൂടുതലായി മനസ്സിലാക്കേണ്ട കാലമാണിത്​. കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നവർ നമ്മുടെ കൂട്ടത്തിൽ തന്നെ ഒരുപാട് പേരുണ്ട്.
കുട്ടികളെ ആകർഷിക്കുന്ന പെരുമാറ്റ രീതികളാണ് ഇത്തരക്കാരിൽ പൊതുവെ കണ്ടുവരുന്നത്. അതിനാൽ തന്നെ ഇവരെ തിരിച്ചറിയുന്നത് ഏറെ പ്രയാസകരമാണ്.
കേന്ദ്ര വനിത ശിശുവികസന മന്ത്രാലയം നടത്തിയ പഠനം പറയുന്നത്, ഇന്ത്യയിൽ 53.22 ശതമാനം കുട്ടികൾ ഒന്നിൽ കൂടുതൽ തവണ ലൈംഗിക പീഡനങ്ങൾക്ക് ഇരയാകുന്നു എന്നാണ്.
ഇതിൽ 90 ശതമാനം കുട്ടികളും ലൈംഗിക ചൂഷണങ്ങൾക്ക് ഇരയാക്കപ്പെടുന്നത് അവർക്ക് ചുറ്റുമുള്ളവരിൽനിന്നോ ബന്ധുക്കളിൽനിന്നോ ആണ്.
ഇവരെ ചികിത്സിക്കുക എന്നത് പ്രായോഗികമല്ലാത്ത കാര്യമാണ്. പലപ്പോഴും രോഗി തന്നിലെ വൈകല്യം സമ്മതിച്ചുതരില്ല എന്നതാണ് വെല്ലുവിളി. ഇത്തരം മാനസിക വൈകല്യമുള്ളവർ സമൂഹത്തെ ഭയന്ന് അടങ്ങിയൊതുങ്ങി ജീവിക്കുമെങ്കിലും അവസരം കിട്ടിയാൽ അപകടകാരികളായി മാറാൻ സാധ്യത കൂടുതലാണ്.
ഇങ്ങനെയുള്ള കുഞ്ഞുങ്ങൾക്ക് ഭാവിയിൽ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. വിഷാദരോഗം, പാരനോയിയ (അകാരണമായി എല്ലാറ്റിനോടും എല്ലാവരോടുമുള്ള പേടിയും വിശ്വാസമില്ലായ്മയും), അമിതമായ ലൈംഗിക താല്പര്യം, പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തോടുള്ള വിരക്തി തുടങ്ങിയവയൊക്കെ നേരിടേണ്ടിവരും.
പെഡോഫിലിയക്കാരെ സാമൂഹികമായി നേരിടുന്നതിനുള്ള പെരുമാറ്റ നിയന്ത്രണ സംവിധാനമായ പ്രത്യേക നിയമം, പോക്സോ ആക്ട്​ 2012 നിലവിലുണ്ട്. ഇത് ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമമാണ്.
ലൈംഗിക ആക്രമണം, ലൈംഗിക പീഡനം, അശ്ലീലത, ലൈംഗിക ചുവയോടെയുള്ള സ്പർശനം, സംസാരം തുടങ്ങിയ കുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നു.
പെഡോഫിലിയക്ക് ഇന്ന് ചികിത്സ ലഭ്യമാണ്. സൈക്കോതെറപ്പിയും മരുന്ന് ചികിത്സയുമൊക്കെയാണ്​ നൽകുക.
കുട്ടികൾക്ക് ഇതേ പറ്റിയുള്ള അറിവുകളും വിവരങ്ങളും നൽകേണ്ടതുണ്ട്. അവർ പറയുന്നത് കേൾക്കുവാനും ശ്രമിക്കുക.
Explore