അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ച് നാല് വർഷം പിന്നിട്ടെങ്കിലും താരമൂല്യവും ജനപ്രീതിയും കുറയാത്ത താരമാണ് ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ എം.എസ്. ധോണി.
കളക്കളത്തിൽ സാന്നിധ്യം കുറവാണെങ്കിലും ആരാധകർ സ്നേഹത്തോടെ ‘തല’യെന്ന് വിളിക്കുന്ന ധോണിക്ക് മാർക്കറ്റ് വാല്യു ഒട്ടും ഇടിഞ്ഞിട്ടില്ല. ഈ വർഷം താരം പ്രത്യക്ഷപ്പെട്ട പരസ്യങ്ങളുടെ കണക്ക് ഇക്കാര്യം അരക്കിട്ടുറപ്പിക്കുന്നു.
2024ന്റെ ആദ്യ പകുതിയിൽ, ബ്രാൻഡ് എൻഡോഴ്സ്മെന്റിൽ ബോളിവുഡിലെ വമ്പൻ താരങ്ങളെ പോലും പിന്നിലാക്കിയാണ് ധോണിയുടെ കുതിപ്പ്.
അമിതാഭ് ബച്ചനും ഷാറൂഖ് ഖാനും ഉൾപ്പെടെ ധോണിക്ക് പിന്നിലായെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ജനുവരി മുതൽ ജൂൺ വരെ 42 ബ്രാൻഡുകളുമായാണ് ധോണി കരാറിൽ ഏർപ്പെട്ടത്. ഇതേകാലയളവിൽ അമിതാഭ് ബച്ചൻ 41ഉം ഷാറൂഖ് ഖാൻ 34 കമ്പനികളെയുമാണ് പ്രമോട്ട് ചെയ്തത്.
അടുത്തിടെ യൂറോഗ്രിപ് ടയറിന്റെ പരസ്യത്തിൽ സജീവമായ ധോണി, ഗൾഫ് ഓയിൽ, ക്ലിയർട്രിപ്, മാസ്റ്റർ കാർഡ്, സിട്രോൺ, ലയ്സ്, ഗരുഡ എയ്റോസ്പേസ് എന്നിവയുടെയെല്ലാം പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.