ഉത്തർപ്രദേശും പഞ്ചാബും നൽകുന്ന സൂചനകൾ
അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ കൃത്യമായ സൂചനകളാണ് നൽകുന്നത്? കോൺഗ്രസിന്റെ പ്രസക്തി നഷ്ടമായോ? ആപ് ശക്തമായി ഉയർന്നുവരുമോ? എന്താവും വരുന്ന പൊതു തെരഞ്ഞെടുപ്പിന്റെ ഫലം? -മുതിർന്ന മാധ്യമപ്രവർത്തകനും ‘മാധ്യമം’ ഡൽഹി ബ്യൂറോ ചീഫുമായ ലേഖകൻ വിലയിരുത്തലും വിശകലനവും നടത്തുന്നു.
തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന ആം ആദ്മി പാർട്ടി പ്രവർത്തകർഅഞ്ചിടത്തെ നിയമസഭ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞപ്പോൾ ഉയർന്നുവരുന്ന പ്രസക്തമായ ചില ചോദ്യങ്ങളുണ്ട്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് തീറെഴുതിയോ? കോൺഗ്രസിന് ഇനിയൊരു ഭാവിയുണ്ടോ? ആം ആദ്മി പാർട്ടി കോൺഗ്രസിന്റെ ദേശീയ ബദലാകാൻ സാധ്യത എത്രത്തോളം? ബി.ജെ.പിയുടെ വർഗീയ -വിഭജന അജണ്ടകൾക്കുള്ള മറുമരുന്ന്,...
Your Subscription Supports Independent Journalism
View Plansതെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന ആം ആദ്മി പാർട്ടി പ്രവർത്തകർഅഞ്ചിടത്തെ നിയമസഭ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞപ്പോൾ ഉയർന്നുവരുന്ന പ്രസക്തമായ ചില ചോദ്യങ്ങളുണ്ട്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് തീറെഴുതിയോ? കോൺഗ്രസിന് ഇനിയൊരു ഭാവിയുണ്ടോ? ആം ആദ്മി പാർട്ടി കോൺഗ്രസിന്റെ ദേശീയ ബദലാകാൻ സാധ്യത എത്രത്തോളം? ബി.ജെ.പിയുടെ വർഗീയ -വിഭജന അജണ്ടകൾക്കുള്ള മറുമരുന്ന്, ഇന്ത്യയെന്ന ആശയത്തിന്റെ നിലനിൽപ്, മതേതര -ജനാധിപത്യ -ഭരണഘടന മൂല്യങ്ങളുടെ ഭാവി തുടങ്ങിയ സമസ്യകൾ, അതു വേറെയുണ്ട്.
ഉത്തർപ്രദേശിൽ ഭരണവിരുദ്ധവികാരം മാത്രമല്ല, പ്രധാന പ്രതിപക്ഷമായ സമാജ് വാദി പാർട്ടിയും ശക്തമായിരുന്നു. രണ്ടും ബി.ജെ.പിയെ വിയർപ്പിച്ചു. എന്നിട്ടും അവർ തന്നെ വീണ്ടും ഭരണം പിടിച്ചു. 2024 മുതൽ അഞ്ചു വർഷംകൂടി ബി.ജെ.പിക്ക് കേന്ദ്രഭരണം വീണ്ടും എഴുതിക്കൊടുത്ത പ്രതീതി വന്നത് അതോടെയാണ്. ഉത്തരാഖണ്ഡിൽ ജയിക്കാൻ കഴിയുമായിരുന്നിട്ടും കോൺഗ്രസ് തോറ്റു. ആം ആദ്മി പാർട്ടിയും തൃണമൂൽ കോൺഗ്രസും വോട്ടു ചോർത്തുകകൂടി ചെയ്തപ്പോൾ ഗോവയിലും രക്ഷപ്പെട്ടില്ല. മണിപ്പൂരിലാകട്ടെ, കോൺഗ്രസിന് പ്രതീക്ഷക്കുപോലും അവകാശം ഉണ്ടായിരുന്നില്ല. ബി.ജെ.പിയെ തോൽപിക്കണമെന്ന വാശിയുള്ളപ്പോൾ തന്നെ പ്രതിപക്ഷം പരസ്പരം മത്സരിക്കുന്നു. പൊതുബോധം അട്ടിമറിച്ച് വർഗീയ, വിഭജന വിഷയങ്ങൾ വോട്ടറുടെ വികാരമായി മാറ്റാൻ ബി.ജെ.പിക്ക് കഴിയുന്നു. അഞ്ചിടത്തെ തെരഞ്ഞെടുപ്പിൽ മാത്രമല്ല, ഇന്ത്യയെന്ന ആശയം തന്നെ തുടർച്ചയായി തോറ്റുപോകുന്നത് ഇതുകൊണ്ടാണ്. ഇതേ സ്ഥിതി തുടർന്നാൽ 2024ൽ ബി.ജെ.പിയുടെ മൂന്നാമൂഴമായിരിക്കുമെന്ന് കാണാൻ പ്രയാസമില്ല. അങ്ങനെ വിട്ടുകൊടുക്കില്ലെന്ന് ഇതുവരെ ആരെങ്കിലും തീരുമാനിച്ചതായി കാണാനുമില്ല.
ബി.ജെ.പിക്ക് എതിരില്ലേ?
അജയ്യത അവകാശപ്പെടുമ്പോഴും ബി.ജെ.പിക്ക് നിലം തൊടാൻ അവസരം നൽകാത്ത സംസ്ഥാനങ്ങൾ നിരവധി. പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഡൽഹി, തെലങ്കാന തുടങ്ങി വിവിധ സംസ്ഥാനങ്ങൾ ബി.ജെ.പിയിതര പാർട്ടികളുടെ കൈയിലാണ്. ബി.ജെ.പിയും കോൺഗ്രസും നേർക്കുനേർ പോരാട്ടം നടത്തിപ്പോന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് തുടങ്ങിയവയുണ്ട്. ആന്ധ്രപ്രദേശ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങൾ ഭരിക്കുന്ന പാർട്ടികൾ തങ്ങളോട് മമത കാണിക്കുന്നുണ്ടെന്ന് ബി.ജെ.പിക്ക് അവകാശപ്പെടാമെന്നല്ലാതെ, ആ മേഖലകൾ ബി.ജെ.പിയുടെ അധീനതയിലല്ല. ഹിന്ദി ഹൃദയഭൂമിയിൽപെടുന്ന പ്രമുഖ സംസ്ഥാനങ്ങളായ യു.പിയും ബിഹാറും ബി.ജെ.പിക്ക് കൈയടക്കാൻ കഴിയുന്നത് പ്രതിപക്ഷ പാർട്ടികളുടെ ബഹുകോണ മത്സരങ്ങൾക്കിടയിലാണ്. ബിഹാറിൽ ബി.ജെ.പി കാവിക്കൊടി ഉയർത്തി നിൽക്കുന്നത് പഴയ സോഷ്യലിസ്റ്റ് വിപ്ലവ പാർട്ടിയുടെ തോളിൽ കയറിനിന്നാണ്. സർക്കാർ-കോർപറേറ്റ് ഒത്തുകളിമൂലമുള്ള ദേശീയ നഷ്ടങ്ങളേക്കാൾ തുലോം വീര്യം കുറഞ്ഞ കാലിത്തീറ്റ അഴിമതി കേസിൽ ലാലുപ്രസാദ് എന്ന പ്രതിപക്ഷനിരയിലെ കരുത്തൻ ജയിലിൽ തുടരുന്നുവെന്ന് ഉറപ്പാക്കുകകൂടി ചെയ്തുകൊണ്ടാണ് ബിഹാറിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ പൊളിച്ചെഴുത്തു നടത്തിയത്. അത് മറ്റൊരു വിഷയമായി നിൽക്കട്ടെ. ഉത്തരാഖണ്ഡ് ബി.ജെ.പി വീണ്ടും ഭരിക്കാൻ പോകുന്നത് കോൺഗ്രസിന്റെ നോട്ടപ്പിഴ. പ്രതിപക്ഷത്തിന്റെ പരസ്പര മത്സരമാണ് ഗോവയിൽ കോൺഗ്രസിനെ തോൽപിച്ചത്. യു.പിയിലേക്കു വന്നാൽ ബി.ജെ.പി ജയിച്ചെങ്കിലും, പ്രധാന പ്രതിപക്ഷമായ സമാജ് വാദി പാർട്ടി കരുത്തു നേടുകയാണ് ചെയ്തതെന്ന് കാണാം. സീറ്റും വോട്ടുശതമാനവും അവർ ഗണ്യമായി വർധിപ്പിച്ചു. കേന്ദ്രവും സംസ്ഥാനവും ഭരിച്ചിട്ടും പ്രതിപക്ഷം പരസ്പരം മത്സരിച്ചിട്ടും മായാവതി, ഉവൈസിമാർ ബി.ജെ.പിക്ക് സഹായമായി മാറിയിട്ടും യു.പിയിൽ ഭരണകക്ഷിയുടെ സീറ്റെണ്ണം കുറഞ്ഞു. 40 ശതമാനത്തോളം പേർ പോളിങ് ബൂത്തിൽ എത്തിയില്ല. എത്തിയവരിൽ 60 ശതമാനവും ബി.ജെ.പിയിതര പാർട്ടികൾക്കാണ് വോട്ടു ചെയ്തത്. ഫലത്തിൽ മൂന്നിലൊന്ന് വോട്ടർമാരുടെ പിന്തുണയിലാണ് ബി.ജെ.പി അധികാരത്തുടർച്ച നേടിയത്.
ജനാധിപത്യത്തിൽ ജയം നിർണയിക്കുന്നത് തീർച്ചയായും വോട്ടിലും സീറ്റിലും മേൽകൈ നേടുന്നവർ തന്നെ. എന്നാൽ അത് ജനവികാരം അതേപടി പ്രതിഫലിപ്പിക്കുന്നു എന്നർഥമില്ല. തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾക്കപ്പുറം, ചുറ്റുപാടുകൾ കൂടി ചേർന്നതാണ് ജനവികാരം. യു.പിയിലും പുറത്തും ബി.ജെ.പിക്കെതിരെ കടുത്ത അമർഷം നിലനിൽക്കുന്നുണ്ട്. തൊഴിലില്ലായ്മയിൽ തുടങ്ങി പെഗസസിൽ അവസാനിക്കാത്ത വിഷയങ്ങൾ. മനസ്സുകൾ വിഭജിച്ചു കലങ്ങിയ സാമൂഹികാന്തരീക്ഷം -അതൊക്കെയാണ് കാരണങ്ങൾ. ഇത്തരത്തിലുള്ള ഭരണവിരുദ്ധ വികാരം ചിതറിപ്പോയി എന്നേയുള്ളൂ പ്രതിപക്ഷ തോൽവിക്ക് അർഥം. ഫലത്തിൽ ദേശീയതലത്തിൽ ശക്തമായ വെല്ലുവിളിക്കു മുന്നിൽ തന്നെയാണ് ബി.ജെ.പി. യഥാർഥത്തിൽ മതേതര, ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങളും ബഹുസ്വരതയും ഉൾക്കൊള്ളുന്ന ഇന്ത്യയെന്ന പ്രമേയം ജനങ്ങൾ കൈവിടുകയല്ല, വർഗീയ വിഭജനമുണ്ടാക്കി അട്ടിമറിക്കുകയാണ്. അതാണ് സംഭവിക്കുന്നത്. രാജ്യത്തെ ഭൂരിപക്ഷ, ന്യൂനപക്ഷ വിഭാഗങ്ങളെ 80ഉം 20ഉം ശതമാനമായി വർഗീയമായി ഭിന്നിപ്പിക്കുന്നു. പരസ്പര ശത്രുത വളർത്തി ഹിന്ദുവിനെ ബി.ജെ.പി മുന്നോട്ടു വെക്കുന്ന ഹിന്ദുത്വത്തിലേക്ക് ആട്ടിത്തെളിക്കുന്നു. മൃദുഹിന്ദുത്വത്തിന്റെ ശകലങ്ങൾ ഉണ്ടായിരുന്നെങ്കിലും, മതേതര ജനാധിപത്യ പ്രമേയങ്ങൾ അടിസ്ഥാനപ്പെടുത്തി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന രാഷ്ട്രീയത്തിൽ വർഗീയത പ്രധാന പ്രമേയമാക്കി ബി.ജെ.പി മാറ്റുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ പ്രതിപക്ഷത്തിന് മിഴിച്ചു നിൽക്കേണ്ടിവരുന്നു. കടുത്ത ഹിന്ദുത്വത്തിന്റെ ലഹരി തലക്കു പിടിച്ചവർ പരമ്പരാഗത രാഷ്ട്രീയ പ്രമേയങ്ങളെ പുച്ഛിച്ച്, വോട്ടു ചോദിക്കുന്നവർ ഹിന്ദുവോ മുസ്ലിമോ എന്നു ചിന്തിക്കുന്നു. ഭരണവിരുദ്ധവികാരം അതിനു മുന്നിൽ ദുർബലമാകുന്നു.
കോൺഗ്രസിന്റെ ഭാവിയെന്ത്?
വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക തനിമക്കു മേൽ ബി.ജെ.പി വിഭജന രാഷ്ട്രീയം അടിച്ചേൽപിക്കാൻ ശ്രമിക്കുമ്പോൾ, അതിനെ ശക്തമായി നേരിടാൻ പ്രാദേശിക പാർട്ടികൾക്ക് കഴിയുന്നു. തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലുമൊക്കെ ബി.ജെ.പി ശ്രമിക്കാത്തതുകൊണ്ടല്ല. യഥാർഥത്തിൽ വിഭജനത്തിന്റെ ചോരപ്പാടുള്ള പശ്ചിമ ബംഗാൾ, തന്ത്രം നടപ്പാക്കാൻ ബി.ജെ.പിക്ക് പറ്റിയ സംസ്ഥാനമാണ്. കോൺഗ്രസിനെയും ഇടതിനെയും തള്ളി തൃണമൂൽ കോൺഗ്രസിനെ വരിച്ച പശ്ചിമ ബംഗാൾ കാവി രാഷ്ട്രീയത്തിന് അടിപ്പെടാത്തത് മമത ബാനർജിയുടെ കരുത്തുകൊണ്ടാണ്. ബി.ജെ.പിയെയും കോൺഗ്രസിനെയും തള്ളിമാറ്റി ഡൽഹിയും ഇപ്പോൾ പഞ്ചാബും തൂത്തുവാരാൻ ആം ആദ്മി പാർട്ടിക്ക് സാധിച്ചത് അരവിന്ദ് കെജ്രിവാളിന്റെ സമർഥമായ നീക്കങ്ങളിലൂടെയാണ്. താരപ്പൊലിമ മങ്ങിയിട്ടും താമരപ്പൊലിമ ഏറ്റെടുക്കാൻ ദ്രാവിഡ സംസ്കാരമുള്ള തമിഴക രാഷ്ട്രീയം തയാറായില്ല. ബി.ജെ.പിയെ അകലത്തു നിർത്താൻ ഒഡിഷയിൽ നവീൻ പട്നായികിന് സാധിക്കുന്നു. നേതാക്കളുടെ മെയ് വഴക്കം എന്തായാലും ആന്ധ്രപ്രദേശോ തെലങ്കാനയോ ബി.ജെ.പിയുടെ കരവലയത്തിലല്ല. ഇങ്ങനെ ചൂണ്ടിക്കാണിക്കാൻ ഇനിയുമുണ്ട് സംസ്ഥാനങ്ങൾ. എന്നാൽ കോൺഗ്രസിന്റെ കുത്തകയായിരുന്ന മേഖലകളുടെ കാര്യമോ? വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഒന്നൊന്നായി ബി.ജെ.പി തട്ടിയെടുത്തു. മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ എന്നിങ്ങനെ ഓരോ സംസ്ഥാനത്തും കോൺഗ്രസ് നാൾക്കുനാൾ ദുർബലമാകുന്നു. മമതക്കും കെജ്രിവാളിനും കഴിയുന്നത് ദേശീയ പാർട്ടിയെ നയിക്കുന്ന രാഹുൽ ഗാന്ധിക്ക് കഴിയുന്നില്ല. പ്രിയങ്ക ഗാന്ധി നേരിട്ടു നയിച്ചിട്ടും യു.പിയിൽ കോൺഗ്രസ് ഏഴിൽനിന്ന് രണ്ടു സീറ്റിലേക്ക് ചുരുങ്ങി. രാഹുൽ ഗാന്ധിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വയനാടിനെ അഭയംപ്രാപിക്കേണ്ടി വന്നെങ്കിൽ, അടുത്ത തെരഞ്ഞെടുപ്പിൽ അമേത്തി മാത്രമല്ല സോണിയ ഗാന്ധി പ്രതിനിധാനംചെയ്യുന്ന റായ്ബറേലിയും കൈവിട്ടുപോയേക്കാം. നിയമസഭ തെരഞ്ഞെടുപ്പിൽ അമേത്തിയും റായ്ബറേലിയും കോൺഗ്രസിനെ കൈവിട്ടുകഴിഞ്ഞു.
ഇങ്ങനെ മെലിഞ്ഞൊട്ടുന്ന കോൺഗ്രസിന്റെ നേതൃത്വം അംഗീകരിക്കാൻ ബി.ജെ.പി വിരുദ്ധരായ മറ്റു പാർട്ടികൾ തയാറാവില്ലെന്ന് വ്യക്തമായി വരുന്നു. കോൺഗ്രസിനെ തള്ളിമാറ്റി പ്രതിപക്ഷനിരയുടെ നേതൃത്വം പിടിക്കാനുള്ള നീക്കത്തിലാണ് മമത ബാനർജി. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പൊളിയുകയും തൃണമൂലിന് 50 സീറ്റ് സമ്പാദിക്കാൻ കഴിയുകയും ചെയ്താൽ സ്വാഭാവിക പ്രധാനമന്ത്രി സ്ഥാനാർഥിയായി തനിക്ക് മാറാൻ കഴിയുമെന്നും കോൺഗ്രസിന് പിന്തുണക്കേണ്ടി വരുമെന്നുമാണ് മമതയുടെ കണക്കുകൂട്ടൽ. പശ്ചിമ ബംഗാളിനു പുറത്ത് സാധ്യതയുടെ കല മമത പരീക്ഷിക്കുന്നത് ഈ സംഖ്യ മുന്നിൽ വെച്ചാണ്. മമത മാത്രമല്ല, അരവിന്ദ് കെജ്രിവാൾ മുതൽ ചന്ദ്രശേഖർ റാവു വരെ നീളുന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി പട്ടിക. ഈ പട്ടികയുടെ വലുപ്പം കൂടുന്നതിനൊത്ത് ബി.ജെ.പിയുടെ പ്രതീക്ഷകളും സാധ്യതകളും വർധിച്ചുകൊണ്ടിരിക്കുമെന്നത് മറുപുറം. എന്നു മാത്രമല്ല, കോൺഗ്രസിന്റെ സാധ്യതകൾ ദുർബലമായിക്കൊണ്ടുമിരിക്കും. കോൺഗ്രസിന് സ്വന്തം ഇടവും പ്രസക്തിയും ഉറപ്പിക്കാൻ കഴിയുന്ന ഒരു സാഹചര്യവും ഇപ്പോൾ നിലനിൽക്കുന്നില്ല. അതിന്റെ ഉത്തരവാദി കോൺഗ്രസ് മാത്രമാണ്. 2019ലെ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ പാർട്ടിയുടെ അധികാരമല്ല, പാർട്ടി നേതാവിന്റെ ഉത്തരവാദിത്തമാണ് രാഹുൽ ഗാന്ധി വലിച്ചെറിഞ്ഞത്. അനാഥാവസ്ഥയുടെ പടുകുഴിയിൽനിന്ന് പാർട്ടിയേയും കുടുംബത്തെയും രക്ഷിക്കാൻ അനാരോഗ്യം മാറ്റിവെച്ച് പദവി ഏറ്റെടുത്ത സോണിയയുടെ താൽക്കാലിക നേതൃത്വത്തിൽ കിതച്ചുനിൽക്കുകയാണ് കോൺഗ്രസ്. സാങ്കേതികമായെങ്കിലും ഗോദയിൽ ഇറങ്ങാൻ ബാക്കിയുണ്ടായിരുന്ന പ്രിയങ്കക്ക് എന്തു സംഭാവന ചെയ്യാൻ കഴിയുമെന്ന് യു.പി തെരഞ്ഞെടുപ്പിൽ തെളിഞ്ഞിട്ടുണ്ട്. ഇന്നത്തെ വിയർപ്പ് നാളെ ഫലം തരുമെന്ന പ്രതീക്ഷയാണ് പ്രിയങ്ക പങ്കുവെക്കുന്നത്. വേരറ്റുപോയിട്ട് വെള്ളം കോരിയാൽ? കോൺഗ്രസിന്റെ യു.പി വർത്തമാനം അതാണ്. ബിഹാറും ഗുജറാത്തും മധ്യപ്രദേശും കർണാടകവുമൊക്കെ അങ്ങനെയായിക്കൊണ്ടിരിക്കുന്നുവെന്നുകൂടി കൂട്ടിച്ചേർക്കാം.
തെരഞ്ഞെടുപ്പാനന്തരം കോൺഗ്രസ് പ്രവർത്തക സമിതി സമ്മേളിച്ച് സോണിയയുടെ നേതൃത്വത്തിൽ പൂർണവിശ്വാസം അർപ്പിക്കുകയും രാഹുലിനു വേണ്ടിയുള്ള പാർട്ടി തെരഞ്ഞെടുപ്പു പ്രക്രിയ യഥാവിധി പൂർത്തിയാക്കാൻ തീരുമാനിക്കുകയും വീഴ്ചകൾ തിരുത്താൻ ചിന്താശിബിരത്തിന് തീരുമാനിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. പല്ലവി എന്തായാലും ജനവിശ്വാസം തിരിച്ചുപിടിക്കുന്നതിനു പകരം, കൂടുതൽ ചോർത്തിക്കളയുന്ന കോൺഗ്രസാണ് രാജ്യത്തിനു മുന്നിൽ. നെഹ്റു കുടുംബത്തിനു പുറത്തൊരു നേതാവിനെക്കുറിച്ച് ചിന്തിക്കാൻ കഴിയുന്നില്ല. തമ്മിലടി മുറുകുമെന്നതിനാൽ അത് പ്രായോഗികമായെന്നും വരില്ല. സംഘടന ചലിപ്പിക്കാനുള്ള ഹൈകമാൻഡിന്റെ ആജ്ഞാശക്തിയും നേതൃപാടവവും ഒരുപോലെ ചോർന്നു നിൽക്കുന്നു. സോണിയ, രാഹുൽ, പ്രിയങ്കമാരുടെ അധ്വാനവും ആത്മാർഥതയും എന്തായിരുന്നാൽ തന്നെയും, നിലവിലെ സാഹചര്യങ്ങൾ നേരിടാൻ പോന്ന നേതാവിനെയും മുദ്രാവാക്യവും കോൺഗ്രസ് ഇനിയും കണ്ടെടുത്തിട്ടു വേണം. ജനബന്ധം പുനഃസ്ഥാപിച്ചിട്ടു വേണം. സമഗ്രമായ പൊളിച്ചുപണി ആവശ്യപ്പെടുന്ന ജി-23 എന്ന തിരുത്തൽവാദി സംഘത്തിലെ നേതൃമുഖങ്ങളും കോൺഗ്രസുകാർക്ക് പ്രത്യാശക്ക് വക നൽകുന്നില്ല. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാറിനിന്നിട്ട് ഗുലാംനബി ആസാദ്, കപിൽ സിബൽ തുടങ്ങിയവരെ കാര്യങ്ങൾ ഏൽപിച്ചാൽ കോൺഗ്രസ് രക്ഷപ്പെടുമോ? നെഹ്റു കുടുംബവും അവരെ ആശ്രയിച്ച് ജീവസന്ധാരണം നടത്തുന്ന അനുചരവൃന്ദവും അസൂയാലുക്കളായ പ്രതിയോഗികളും അവസരം കിട്ടാത്തവരും ചേർന്നതാണ് ഇന്നത്തെ കോൺഗ്രസ് നേതൃനിര. ജനത്തിന് സമ്മാനിക്കുന്ന പ്രതിസന്ധി എന്തായാലും, ബി.ജെ.പിക്ക് വ്യക്തമായ നേതൃത്വവും കൃത്യമായ അജണ്ടയുമുണ്ട്. അതു രണ്ടുമില്ലാതെയും ജനത്തിന് പ്രതിസന്ധി സമ്മാനിക്കാൻ കോൺഗ്രസിന് കഴിയുന്നു!
ആപ് ബദലാകുമോ?
ബി.ജെ.പിയുടെ അശ്വമേധത്തിനും കോൺഗ്രസിന്റെ ഞരക്കത്തിനുമിടയിൽ ബദൽ രാഷ്ട്രീയത്തിന്റെ അന്വേഷണങ്ങൾ വീണ്ടുമൊരിക്കൽകൂടി ആം ആദ്മി പാർട്ടിയിലേക്ക് ചെന്നെത്തുന്നുണ്ട്. ഡൽഹിക്ക് പിന്നാലെ പഞ്ചാബിലും അവർ നേടിയ വിജയമാണ് അതിനാധാരം. എന്നാൽ കോൺഗ്രസിന് ദേശീയബദലാകാൻ ആം ആദ്മി പാർട്ടിക്ക് തൽക്കാലം കഴിയില്ലെന്നാണ് കാണേണ്ടത്. ജനസംഘാടനത്തിന് തക്ക സംവിധാനങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ അവർക്കില്ല എന്നതു മാത്രമല്ല കാരണം. ശരിയാണ്, ജനക്ഷേമ പ്രവർത്തനങ്ങളിലൂടെയും വാഗ്ദാനങ്ങളിലൂടെയും ഡൽഹിയുടെയും മനസ്സ് കീഴടക്കാൻ ആം ആദ്മി പാർട്ടിക്ക് സാധിച്ചു. വൈദ്യുതിക്കും വെള്ളത്തിനും ചാർജ് കുറച്ചു. രോഗിക്ക് ചികിത്സ കിട്ടാത്ത ആശുപത്രികളുടെ മുഖം മാറ്റി. സർക്കാർ സ്കൂളുകളിൽ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന്റെ അന്തരീക്ഷം ഉണ്ടായി. സർക്കാർ സേവനങ്ങൾ ഡിജിറ്റലായും നേരിട്ടും വീട്ടുപടിക്കൽ എത്തിത്തുടങ്ങി. അഴിമതി കുറഞ്ഞ് സർക്കാർ ഓഫിസുകൾ കൂടുതൽ സുതാര്യമായി. ചൂൽ നെഞ്ചേറ്റിയ ചേരി നിവാസികൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓട്ടോറിക്ഷക്കാർക്കുമെല്ലാം പുറന്തള്ളലിന്റെ സാഹചര്യങ്ങളിൽനിന്ന് അഭിമാനം ഒരളവിൽ വീണ്ടെടുത്തുകൊടുത്തു. സ്ത്രീകൾക്ക് ബസിൽ സൗജന്യ യാത്രപോലുള്ള സഹായങ്ങൾ. മൊത്തത്തിൽ കുടുംബ ജീവിതച്ചെലവ് കുറച്ചു, ജീവിത സാഹചര്യം മെച്ചപ്പെടുത്തി. ഒരു വോട്ടറെ സംബന്ധിച്ചിടത്തോളം അതത്രയും പ്രധാനപ്പെട്ട കാര്യം തന്നെ. ജനബന്ധം നഷ്ടപ്പെട്ട കോൺഗ്രസിനെ തൂത്തെറിഞ്ഞ ഡൽഹിയിൽ ബി.ജെ.പി ആവുന്നത്ര ശ്രമിച്ചിട്ടും ആം ആദ്മി പാർട്ടിക്ക് ജനം വോട്ടു നൽകുന്നതിന്റെ പ്രധാന കാരണങ്ങൾ ഇവയൊക്കെയാണ്. ഡൽഹിയുടെ അതിർത്തികളിൽ മാസങ്ങൾ സമരം ചെയ്ത കർഷകരോട് ഡൽഹി സർക്കാറും ആം ആദ്മി പാർട്ടിയും കാണിച്ച അനുഭാവവും പിന്തുണയും കൂടി ഇതിനൊപ്പം പഞ്ചാബിലെ വോട്ടർമാരെ സ്വാധീനിച്ചു.
ജനങ്ങൾക്ക് കിട്ടുന്ന സാമ്പത്തിക സമാശ്വാസങ്ങൾ അടുക്കളയുടെയും കുടുംബ ബജറ്റിന്റെയും വികാരങ്ങളെ സ്വാധീനിക്കുകതന്നെ ചെയ്യും. അടിച്ചമർത്തലിന്റെ മുഖമുള്ള യോഗി ആദിത്യനാഥിനും ബി.ജെ.പിക്കും യു.പിയിൽ വോട്ടു കിട്ടിയതിൽ സൗജന്യ റേഷൻ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. രാഷ്ട്രീയ ഔന്നത്യത്തിന്റെ കഥ എന്തായാലും, പെൻഷനും റേഷനും കേരളത്തിലെ വോട്ടർമാരിലും സ്വാധീനം ചെലുത്തി. അതേപോലുള്ള സൗജന്യങ്ങൾ നൽകാൻ പണദാരിദ്ര്യം ഏറെ അലട്ടാത്ത ഡൽഹിക്ക് കൂടുതൽ എളുപ്പത്തിൽ കഴിയും. പഞ്ചാബിൽ കർഷകർക്ക് വെള്ളവും വൈദ്യുതിയും പരമാവധി സൗജന്യമായി നൽകുക ആം ആദ്മി പാർട്ടി സർക്കാറിന്റെ കാര്യപരിപാടിയിൽ ഒന്നായിരിക്കും. ഇതേ രീതിയിൽ കേരളം അടക്കം മറ്റു സംസ്ഥാനങ്ങളിലും ആം ആദ്മി പാർട്ടിക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിയില്ലേ എന്ന ചിന്ത സ്വാഭാവികം. ഇത്തരം സഹായങ്ങൾ മാത്രമല്ല വോട്ടെടുപ്പിൽ ഘടകം. ഡൽഹിയിൽ പ്രധാനമായും മധ്യവർഗ ജനതയാണ്. രാജ്യത്തിന്റെ മറ്റിടങ്ങളിൽ നിന്നെത്തി ഡൽഹി തൊഴിലിടമാക്കിയവർക്കാണ് നിർണായക സ്വാധീനം. അവർക്കിടയിൽ രാഷ്ട്രീയ തത്ത്വചിന്തകളേക്കാൾ സ്വാധീനം ചെലുത്തുന്നത് സർക്കാറിന്റെ ആനുകൂല്യങ്ങളാണ്. എല്ലാ വിഭാഗക്കാരും ഉൾപ്പെട്ട ജനസഞ്ചയമാണെന്നിരിക്കേ, വോട്ടിന്റെ സംഖ്യാശാസ്ത്രത്തിൽ ജാതിമത സൂക്ഷ്മദർശനികൾ ഉപയോഗിച്ചുള്ള കണക്കെടുപ്പിനും തന്ത്രങ്ങൾക്കുമുള്ള ഇടം താരതമ്യേന കുറവാണ്. സിഖ് സമൂഹത്തിന് മേധാവിത്വമുള്ള പഞ്ചാബിലേക്കു നോക്കിയാലും ജാതിമത സംഖ്യാശാസ്ത്രത്തേക്കാൾ വോട്ടുകളത്തിൽ പ്രാധാന്യം ഭരണപരമായ മേന്മകൾക്കാണ്. ആം ആദ്മി പാർട്ടി ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന ഗോവയിലേക്കു നോക്കിയാൽ രാഷ്ട്രീയ ചേരികൾക്കപ്പുറം, അവിടത്തെ സാഹചര്യവും മധ്യവർഗ കേന്ദ്രീകൃതമാണ്. എന്നാൽ ജാതിയും ജാതിയും, സമുദായവും സമുദായവും, രാഷ്ട്രീയ നിലപാടുകളും പ്രധാനമായ സംസ്ഥാനങ്ങളിൽ ആം ആദ്മി പാർട്ടിക്ക് വേരോട്ടം കിട്ടാൻ നിലവിൽ പ്രയാസമുണ്ട്.
ജനപക്ഷമെന്നു പറയുമ്പോൾതന്നെ, ആം ആദ്മി പാർട്ടിയിൽ അരാഷ്ട്രീയത തെളിഞ്ഞു കിടപ്പുണ്ട്. പ്രത്യയശാസ്ത്രമൊന്നുമല്ല, ആവേശത്തിന്റെ കാറ്റാണ് ജീവവായു. കൊടികുത്തി വാണ രാഷ്ട്രീയ പാർട്ടികളോടുള്ള അമർഷവും മാറ്റത്തിന് വേണ്ടിയുള്ള ദാഹവുമാണ് ആം ആദ്മി പാർട്ടിക്ക് കരുത്തു നൽകുന്ന ഘടകം. ഡൽഹിയും പഞ്ചാബും അതാണ് പറഞ്ഞുതരുന്നത്. അതേസമയം ജനക്ഷേമത്തിനപ്പുറത്തേക്കുള്ള രാഷ്ട്രീയം ആപ് ബോധപൂർവം പരിമിതപ്പെടുത്തിയിരിക്കുന്നു. വാരാണസി വരെ പോയി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിച്ചയാളല്ല ഇന്നത്തെ കെജ്രിവാൾ. ബി.ജെ.പിയെ തുറന്നെതിർക്കാൻ കെജ്രിവാൾ മെനക്കെടുന്നില്ല. പകരം, ബി.ജെ.പി കൊടികുത്തി വാഴുന്ന നാട്ടിൽ താനും ഹൈന്ദവർക്കൊപ്പമാണെന്ന് തുറന്നു കാട്ടാനാണ് ശ്രമിച്ചുപോരുന്നത്. ഡൽഹിയിൽ വീണ്ടും ജയിച്ചപ്പോഴും പഞ്ചാബിലെ വിജയത്തിനു പിന്നാലെയും ഹനുമൽ ഭക്തി വിളിച്ചറിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്ന, അയോധ്യയിലേക്ക് യാത്രാ ക്രമീകരണം ഒരുക്കുന്ന, അങ്ങനെയെല്ലാമായ കെജ്രിവാളാണ് ജനത്തിനു മുന്നിൽ. ഹിന്ദുവോട്ട് ലക്ഷ്യമാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കിടയിൽ ന്യൂനപക്ഷ സ്നേഹം ആരോപിക്കപ്പെടാതിരിക്കാനുമുണ്ട് കരുതൽ. അതൊക്കെയും പിടിച്ചുനിൽപിന്റെ വഴികളായിരിക്കാം. എന്നാൽ അതിനിടയിൽ ഒളിച്ചുകളി രാഷ്ട്രീയം പകൽപോലെ വ്യക്തം.
2024ലേക്കുള്ള വഴി?
ഇന്നത്തെനിലക്ക് മുന്നോട്ടുപോയാൽ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിലും ഹിന്ദുവിനെ ഇരയും മുസ്ലിമിനെ ശത്രുവുമായി അവതരിപ്പിച്ച് ബി.ജെ.പി ജയിക്കുമെന്ന് കാണാൻ പ്രയാസമില്ല. അഴിമതി നിറഞ്ഞ കുടുംബവാഴ്ചക്കാരുടെ അയോഗ്യനായ പ്രതിനിധിയായി രാഹുൽ ഗാന്ധിയെ അവതരിപ്പിക്കും. മമതക്കും കെജ്രിവാളിനും മേൽ അപക്വത ആരോപിക്കും. ദേശീയതയുടെ കുത്തക ബി.ജെ.പി അവകാശപ്പെടും. ചിതറി നിൽക്കുന്ന പ്രതിപക്ഷത്തിന് കാഴ്ചക്കാരായി നിൽക്കാനേ കഴിയൂ. ബി.ജെ.പിക്ക് ബദൽ കെട്ടിപ്പടുക്കാൻ കോൺഗ്രസിന്റെ കുടക്കീഴിൽ മറ്റു പാർട്ടികൾ അണിനിരക്കാനുള്ള സാധ്യത പുതിയ തെരഞ്ഞെടുപ്പു ഫലങ്ങളോടെ കൂടുതൽ മങ്ങി. നേതൃപരമായും സംഘടനാപരമായും കോൺഗ്രസിന്റെ വിശ്വാസ്യതക്ക് സംഭവിച്ച ഇടിവുതന്നെ കാരണം. കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ നടക്കുന്നില്ല. ഭരണവിരുദ്ധ വികാരം വളർന്ന് വോട്ടർമാർ കോൺഗ്രസിനെ സ്വമേധയാ ജയിപ്പിക്കുന്ന കാലം പോയി. മാർക്കറ്റ് ചെയ്യാവുന്ന തന്ത്രങ്ങളുമില്ല.
കോൺഗ്രസ് വിളിച്ചാൽ പ്രതിപക്ഷ പാർട്ടികളെല്ലാം വരണമെന്നില്ല എന്ന് അടുത്തയിടെ നടന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ സോണിയഗാന്ധിയോട് പറഞ്ഞത് രാജ്യസഭയിലെ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെയാണ്. തൃണമൂൽ കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും കോൺഗ്രസ് ചെറുതായി കണ്ട കാലം വിട്ട്, ഇപ്പോൾ നേരെ തിരിച്ചാണ് ചിന്ത. എന്നാൽ ദേശീയതലത്തിൽ ബി.ജെ.പി കഴിഞ്ഞാൽ ഇന്നും രണ്ടാമത്തെ പാർട്ടി കോൺഗ്രസ് തന്നെ. പക്ഷേ, തെരഞ്ഞെടുപ്പിലേക്ക് നടക്കേണ്ട ഇനിയുള്ള ചുരുങ്ങിയ കാലത്തിനിടയിൽ സഖ്യകക്ഷി ബന്ധങ്ങളും പാർട്ടി സംവിധാനവും മെച്ചപ്പെടുത്താൻ കോൺഗ്രസിന് എത്രകണ്ട് കഴിയും? ചോദ്യം ബാക്കി. മമത ബാനർജി നയിക്കാൻ ഉദ്ദേശിക്കുന്ന ബദൽ മുന്നണിയേക്കാൾ കൂടുതൽ സാധ്യതയും പ്രതീക്ഷയും നൽകാൻ കഴിയുന്നത് കോൺഗ്രസിനാണ്. അതിന് കോൺഗ്രസ് വിചാരിക്കണമെന്നു മാത്രം. കോൺഗ്രസോ തൃണമൂലോ ആം ആദ്മിയോ ആകട്ടെ, ഭരണത്തിനെതിരായ ജനവികാരം സംയോജിപ്പിച്ചെടുത്തും പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ഒന്നിച്ചു നിന്നും പരസ്പര വിട്ടുവീഴ്ചകളോടെ അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസും പ്രാദേശിക പാർട്ടികളും തീരുമാനിക്കുന്നുവോ എന്നറിയാൻ ഇനിയും കാത്തിരിപ്പു വേണ്ടിവരും.