നാലു മഞ്ഞുവീഴ്ചകൾ
പുലർച്ചെ മഞ്ഞ് ആദ്യമായി വീണപ്പോൾ, മഞ്ഞുപാളികൾ നിലത്തു മെല്ലെ, പൂമ്പാറ്റകളെപ്പോലെ, ശരിക്കു പറഞ്ഞാൽ വീണുറങ്ങുന്ന പൂമ്പാറ്റകളെപ്പോലെ വിശ്രമിക്കാനെത്തിയപ്പോൾ, ഞങ്ങളെ നോക്കിയിരുന്ന വൃദ്ധയായ സ്ത്രീ അടുക്കള ജനാലയിലൂടെ പുറത്തേക്കു നോക്കി, അവർ പറയും ദൈവമില്ലെന്ന് എന്നും പറഞ്ഞ്, ദൃഢമായ വിശ്വാസത്തിൽനിന്ന്, കനലുകളിൽനിന്നു തീയെന്നപോലെയുയർന്ന ആഹ്ലാദച്ചിരി ചിരിച്ചു. എന്നിട്ട് വാദ്യവൃന്ദത്തിനു നിർദേശം നൽകുന്ന സംഗീതജ്ഞയെപ്പോലെ അവർ താനണിഞ്ഞ മേൽവസ്ത്രത്തിന്റെ മേലറ്റംവരെ കൈകളുയർത്തി ശാന്തമായ് ശാന്തമായ് എല്ലാത്തിനെയും പൊതിയുന്ന നിശ്ശബ്ദത ആരംഭിച്ചു. അനിയനും പെങ്ങളുമടക്കം ഞങ്ങൾ മൂവരും...
Your Subscription Supports Independent Journalism
View Plansപുലർച്ചെ മഞ്ഞ് ആദ്യമായി വീണപ്പോൾ, മഞ്ഞുപാളികൾ നിലത്തു മെല്ലെ, പൂമ്പാറ്റകളെപ്പോലെ, ശരിക്കു പറഞ്ഞാൽ വീണുറങ്ങുന്ന പൂമ്പാറ്റകളെപ്പോലെ വിശ്രമിക്കാനെത്തിയപ്പോൾ, ഞങ്ങളെ നോക്കിയിരുന്ന വൃദ്ധയായ സ്ത്രീ അടുക്കള ജനാലയിലൂടെ പുറത്തേക്കു നോക്കി, അവർ പറയും ദൈവമില്ലെന്ന് എന്നും പറഞ്ഞ്, ദൃഢമായ വിശ്വാസത്തിൽനിന്ന്, കനലുകളിൽനിന്നു തീയെന്നപോലെയുയർന്ന ആഹ്ലാദച്ചിരി ചിരിച്ചു.
എന്നിട്ട് വാദ്യവൃന്ദത്തിനു നിർദേശം നൽകുന്ന സംഗീതജ്ഞയെപ്പോലെ അവർ താനണിഞ്ഞ മേൽവസ്ത്രത്തിന്റെ മേലറ്റംവരെ കൈകളുയർത്തി ശാന്തമായ് ശാന്തമായ് എല്ലാത്തിനെയും പൊതിയുന്ന നിശ്ശബ്ദത ആരംഭിച്ചു. അനിയനും പെങ്ങളുമടക്കം ഞങ്ങൾ മൂവരും ജനാലക്കൽനിന്നു വിട്ടുപോകാതെ, അല്ലെങ്കിൽ എതിരേ നിന്ന്, ജനാലക്ക് കുറേക്കൂടി ചാരി, പെരുച്ചാഴികളെപ്പോലെ, പക്ഷികളെപ്പോലെ, കാട്ടുപന്നികളെപ്പോലെ മലയിലെ കടുവകളെപ്പോലെ നിശ്ശബ്ദരായി.
എപ്പോഴും നിലവിളിക്കുന്ന ഭ്രാന്തനെപ്പോലെയും സാധനങ്ങൾ കൊണ്ടെത്തരുന്ന, എപ്പോഴും ചൂളമടിക്കുന്ന പയ്യനെപ്പോലെയും കാഹളം വിളി നിർത്തിയ മാലാഖമാരെപ്പോലെയും മണിനാക്കിൽ കെട്ടിയ കയറ് പിൻവലിച്ച മണിയടിക്കാരെപ്പോലെയും നിശ്ശബ്ദരായി. ജിപ്സിപ്പാളയത്തിൽ വയലിനും ചെണ്ടയും പെട്ടിക്കുള്ളിലേക്കു തിരികെ െവച്ചു. വിദ്യാലയങ്ങൾ ശൂന്യമായി, ആശാരിക്കടയും ഇറച്ചിക്കടയും ഒഴിഞ്ഞു, ഒടുവിൽ എല്ലാം, എല്ലാം ശൂന്യമായി, നിശ്ചലം, ശാന്തം, നമ്മുടെ നഗരം, സംസ്ഥാനം, രാജ്യം, ഫ്രാൻസ്, സ്വീഡൻ, ഏഷ്യ, ഗ്രഹങ്ങൾ, ശുക്രൻ, ചൊവ്വ, വ്യാഴം, പ്ലൂട്ടോ, എല്ലാം എല്ലാം ശൂന്യമായി, ആ കൈച്ചലനത്തിന്റെ അവസാനം വരെ എല്ലാം നിശ്ചലവും ശാന്തവുമായി. അതു പൂർത്തിയായപ്പോൾ, ഞങ്ങളെ നോക്കിയിരുന്ന വൃദ്ധ സ്ത്രീ, അവരു പറയും ദൈവമില്ലെന്ന് എന്നാവർത്തിച്ചു പറഞ്ഞുകൊണ്ട് പൂമ്പാറ്റകളെപ്പോലുള്ള മഞ്ഞുപാളികൾക്കു നേരെ കൈ ചൂണ്ടിയതും ആ നിമിഷം രണ്ടു നായ്ക്കൾ കുരക്കാനും മഞ്ഞിൽ കുത്തിമറിഞ്ഞു കളിക്കാനും തുടങ്ങുകയുംചെയ്തു.
പള്ളിമണിയടിക്കുകയും ഭ്രാന്തൻ കരയുകയും സാധനങ്ങൾ കൊണ്ടെത്തരുന്ന പയ്യൻ വീണ്ടും വീണ്ടും ഈണത്തിൽ ചൂളമടിക്കുകയും ജിപ്സികൾ നൃത്തമാടുകയും സ്കൂൾ അധ്യാപിക നൃത്തമാടുകയും ആശാരി ബേക്കറിക്കാരന്റടുത്ത് ബ്രഡു വാങ്ങാൻ പോവുകയും ബേക്കറിക്കാരൻ ആശാരിയാലയിൽ വിറകു വാങ്ങാൻ പോവുകയും പിന്നെ നമ്മുടെ നഗരം, നമ്മുടെ സംസ്ഥാനം, നമ്മുടെ രാജ്യം, മറ്റെല്ലാ രാജ്യങ്ങളും, നമ്മുടെ ഗ്രഹം, മറ്റെല്ലാ ഗ്രഹങ്ങളും സ്തബ്ധത വിട്ടുണരുകയും അവയുടെ നിത്യജീവിതത്തിലേക്കു മടങ്ങുകയും എന്റെ അനിയനും പെങ്ങളുമടക്കം നമ്മൾ മൂവരും കോട്ടുകളണിഞ്ഞ് പുറത്തുപോയി തെന്നുവണ്ടിയിലേറി ചുറ്റിനടക്കുകയും അല്ലെങ്കിൽ നായ്ക്കളോടൊപ്പം കളിക്കുകയും അല്ലെങ്കിൽ അധ്യാപികക്കൊപ്പം നൃത്തമാടുകയുംചെയ്തു.
ഇരുപതുകൊല്ലം കഴിഞ്ഞ്, ജനലിന്റെ മുകൾച്ചില്ലിൽ മഞ്ഞു കാണായി. കിടക്കയിൽനിന്ന് പൂർണനഗ്നയായ ഒരു സ്ത്രീ എഴുന്നേറ്റ് പറഞ്ഞു, ഓ നോക്ക് ഇപ്പൊഴും മഞ്ഞുപെയ്യുകയാണ്, ടി.വിയിലെ കാലാവസ്ഥാ നിരീക്ഷകൻ പറഞ്ഞതു ശരിതന്നെ. കൃത്യം ആ നിമിഷത്തിൽതന്നെ മഞ്ഞ് അവളുടെ മുടിക്കു ചുറ്റും മിന്നിത്തിളങ്ങി, അഥവാ അതവിടെ കാണപ്പെട്ടു, മഞ്ഞുപാളികൾ ഒരു പരിവേഷമുണ്ടാക്കുകയും അത് ജ്യോതിശാസ്ത്രമാസികയിൽ വരുന്ന തരം രാജ്ഞിമാരിലൊരുവളാക്കി അവളെ മാറ്റുകയുംചെയ്തു. ഹൊ, എന്തൊരു വെളുപ്പാണെല്ലാറ്റിനും, അവൾ നെടുവീർപ്പിട്ടു, നമുക്കു മുന്നിൽ കാണുന്ന ആ മല കൊഴുത്തുറഞ്ഞ ക്രീംപോലെ.
വിരിപ്പുകളും പുതപ്പുകളും മാറ്റി ഞാനും ജനലിലൂടെ നോക്കി, ആകാശം കനത്തുറഞ്ഞു കാണുന്നത് ബോധ്യപ്പെട്ടു, മഞ്ഞ് ഏതാനും ദിവസം, ഒരാഴ്ചകൂടിയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷകൻ പ്രവചിച്ചു. നമ്മൾ ഈ കൂടിനുള്ളിൽ ഏതാണ്ട് ഒറ്റപ്പെട്ടു, ഞാൻ പറഞ്ഞു. അതിശയംതന്നെ, അവൾ മറുപടി പറഞ്ഞു. വാ വാ വാ, ഞാൻ വിളിച്ചു, കിടക്കയിലേക്കു വാ, അപ്പോൾ നമുക്കു തണുക്കില്ല. എന്തു മനോഹരമാണീ മഞ്ഞ്. എന്തു മനോഹരമാണീ ശിശിരം. കൊഴുത്തുറഞ്ഞ ക്രീംപോലെ കാണപ്പെടുന്ന നിന്റെ രണ്ടു ചെറുകുന്നുകളോടു കൂടി, എത്ര സുന്ദരിയാണു നീ.
ഇരുപതു കൊല്ലം കഴിഞ്ഞ് വീണ്ടും പെട്ടെന്നു മഞ്ഞു വന്നു. ഒരിക്കൽകൂടി ഒരു പ്രഭാതത്തോടൊപ്പം. കാറിന്മേലെയും ജനാലമേലും മഞ്ഞുമൂടുന്നതു ഞാനറിയുന്നതിനു മുമ്പ്. അകത്തെ താപനില താണു താണു വന്നു. നിമിഷങ്ങൾക്കകം മുമ്പു ശ്രദ്ധയിൽപെടാത്ത ഒരു ചെരിവിൽ ഞാനെത്തുകയും എന്റെ ചക്രങ്ങൾ തെന്നി നിരങ്ങി വഴിവക്കത്ത് ഒരു വെളുത്ത ചുഴലിക്കാറ്റിന്റെ നടുവിൽ അകപ്പെടുകയുംചെയ്തു. ഞാൻ റേഡിയോ വെച്ചു. പുറത്തു പോകരുത്, റോട്ടിലിറങ്ങരുത്, റിപ്പോർട്ടർ പറഞ്ഞു, ആദ്യമേ ഫോൺ ചെയ്ത് അന്വേഷിച്ചല്ലാതെ റോട്ടിലിറങ്ങരുത്. വീട്ടിൽ ശാന്തമായിരുന്ന് ഞങ്ങളുടെ പരിപാടികൾ ശ്രവിക്കുന്നതാണ് ഏറ്റവും നല്ലത്.
ഞാൻ റേഡിയോ പൂട്ടി. ജനൽ സ്വൽപം തുറന്ന് പുറത്തേക്കു നോക്കി. ഒന്നും കാണാനില്ല, ഒരു ലോറി പോലും. ഞാൻ ഒറ്റക്കായിരുന്നു. ഒരു സ്വപ്നത്തിലെന്നപോലെ, എന്റെ ജീവിതത്തിലെ സർവതും മങ്ങിമാഞ്ഞു തുടങ്ങിയതായി എനിക്കനുഭവപ്പെട്ടു. ഭാര്യ, കുട്ടികൾ, ജോലി, എന്റെ അഭിപ്രായങ്ങൾ എല്ലാം എനിക്കന്യമായി. കാറിന്റെ വൈപ്പറുകൾ പ്രവർത്തിപ്പിക്കാൻ ഞാൻ ശ്രമിച്ചു, പക്ഷേ നടന്നില്ല. മഞ്ഞ് കാറിനെ ഏറക്കുറെ മൂടി. കുറേക്കൂടി കനത്തിൽ മഞ്ഞുവീഴാൻ തുടങ്ങി.
മഞ്ഞുപാളികൾക്കിപ്പോൾ നരച്ച നിറം, ചാരം കൊണ്ടുണ്ടാക്കിയപോലെ. ഞാൻ റേഡിയോ വെച്ചു. റിപ്പോർട്ടർ അപ്പോൾത്തന്നെ പറഞ്ഞു, പുറത്തുപോകരുത്, എന്റെ നിർദേശം സ്വീകരിക്കൂ. പുലർച്ചക്കൊരിക്കലും റോഡുകളിൽ സഞ്ചരിക്കരുത്. തണുപ്പത്തു മരിച്ചുപോയില്ലെങ്കിൽ ആ റേഡിയോ റിപ്പോർട്ടറെ കണ്ടുപിടിച്ച് ഒരു കുപ്പികൊണ്ടയാളുടെ തലമണ്ടക്കടിക്കുമെന്ന് ഞാൻ പ്രതിജ്ഞയെടുത്തു. അതൊരൊന്നാന്തരം ആശയം തന്നെ. എന്റെ ജീവിതം ഉടച്ചുവാർക്കാൻ എനിക്കാശിക്കാവുന്ന ഏറ്റവും ബുദ്ധിപരമായ തുടക്കം.
ഇരുപതു വർഷത്തിനുശേഷം രണ്ടു മീറ്റർ ഉയരത്തിൽ മഞ്ഞ് മൂടുകയും വൃദ്ധസദനത്തിൽനിന്ന് മൂന്നു ദിവസത്തേക്ക് ഞങ്ങൾക്കു പുറത്തിറങ്ങാൻ കഴിയാതെ വരുകയുംചെയ്തു. ഒന്നും ചെയ്യാനില്ലാതെ മടുത്ത് ഒടുവിൽ വാക്കിങ് സ്റ്റിക്കുമെടുത്ത് ഞാൻ പുറത്തിറങ്ങി. നീല ആകാശം. എപ്പോഴത്തെക്കാളും തെളിഞ്ഞ അന്തരീക്ഷം. ഉരുകാത്ത ഒരു ചളിമഞ്ഞു കൂമ്പാരത്തിനു മുന്നിൽ ആഹ്ലാദാരവത്തോടെ ഞാൻ നിന്നു. അധികം വൈകാതെ നടപ്പാതയിലെ തണുത്തുറഞ്ഞ ചളിക്കെട്ടിൽ കാൽവഴുതി വാതുക്കൽ വെച്ച പൂച്ചട്ടികളിലൊന്നിന്മേലേക്കു വീണ് ഞാനെന്റെ കാലു പൊട്ടിച്ചു.
നന്ദിയുണ്ടെനിക്ക്, അവരെന്നെ ആശുപത്രിയിലാക്കി. ഒന്നുകൂടി കൃത്യമായി പറഞ്ഞാൽ, അവരെന്നെ ആശുപത്രിയിലാക്കി എനിക്കു തനിച്ചൊരു മുറി തന്നു. വൃദ്ധസദനത്തിലെപ്പോലെ മറ്റാരുമായും പങ്കിടേണ്ടാത്ത ഒരു മുറി, നന്ദിയുണ്ടെനിക്ക്. ഇടക്കിടക്ക് നഴ്സു വന്നു ചോദിക്കും, വല്ലാതെ ബോറടിക്കുന്നുണ്ടോ എന്ന്. ഒരിക്കലുമില്ല, ഞാൻ മറുപടി പറയും. നല്ല പുറംകാഴ്ച കിട്ടുന്ന മുറിയാണിത്, നഗരം മുഴുവൻ ഇവിടെയിരുന്നു കാണാം എന്നു നഴ്സ്. അതെ, ശരിയാണ് എന്നു പറഞ്ഞ് ഞാൻ എന്നെ വീണ്ടും തനിച്ചാക്കി നഴ്സു പോകുന്നതുവരെ ജനലിലൂടെ പുറത്തേക്കു നോക്കിയിരിക്കുന്നു. ഈ ജനാല എനിക്ക് അതേ പഴയ ജനാലതന്നെ. അനിയനും പെങ്ങളും ഞാനും ജനിച്ച വീടിന്റെ അതേ അടുക്കളജനാല. വീണ്ടും മഞ്ഞുപെയ്യുകയായി.
മഞ്ഞുപാളികൾ, വിശ്രമിക്കാനായ് മെല്ലെ വരുന്ന, വീണുറങ്ങുന്ന, പൂമ്പാറ്റകളെപ്പോലെ കാണപ്പെടുന്നു. ഞങ്ങളെ നോക്കുന്ന വൃദ്ധ സ്ത്രീ അടുക്കളജനാലയിലൂടെ പുറത്തുനോക്കി അവർ പറയും ദൈവമില്ലെന്ന് എന്നും പറഞ്ഞ് ആഹ്ലാദിച്ചു ചിരിക്കുന്നു. അവരുടെ ഉറച്ച വിശ്വാസത്തിൽനിന്നുയരുന്നതാണ് ആ ആഹ്ലാദച്ചിരി, കനലുകളിൽനിന്ന് തീയെന്നപോലെ. എന്നിട്ട് വാദ്യവൃന്ദത്തിനു നിർദേശം നൽകുന്ന സംഗീതജ്ഞയെപ്പോലെ അവർ താനണിഞ്ഞ മേൽവസ്ത്രത്തിന്റെ മേലറ്റം വരെ കൈകളുയർത്തി ശാന്തമായ് ശാന്തമായ് എല്ലാത്തിനെയും പൊതിയുന്ന നിശ്ശബ്ദത ആരംഭിച്ചു.
അനിയനും പെങ്ങളുമടക്കം ഞങ്ങൾ മൂവരും ജനാലക്കൽനിന്നു വിട്ടുപോകാതെ, അല്ലെങ്കിൽ എതിരേ നിന്ന്, ജനാലക്ക് കുറേക്കൂടി ചാരി, പെരുച്ചാഴികളെപ്പോലെ, പക്ഷികളെപ്പോലെ, കാട്ടുപന്നികളെപ്പോലെ, മലയിലെ കടുവകളെപ്പോലെ നിശ്ശബ്ദരായി. എപ്പോഴും നിലവിളിക്കുന്ന ഭ്രാന്തനെപ്പോലെയും സാധനങ്ങൾ കൊണ്ടെത്തരുന്ന, എപ്പോഴും ചൂളമടിക്കുന്ന പയ്യനെപ്പോലെയും കാഹളം വിളി നിർത്തിയ മാലാഖമാരെപ്പോലെയും മണിനാക്കിൽ കെട്ടിയ കയറ് പിൻവലിച്ച മണിയടിക്കാരെപ്പോലെയും നിശ്ശബ്ദരായി. ജിപ്സിപ്പാളയത്തിൽ വയലിനും ചെണ്ടയും പെട്ടിക്കുള്ളിലേക്കു തിരികെ വെച്ചു.
വിദ്യാലയങ്ങൾ ശൂന്യമായി, ആശാരിക്കടയും ഇറച്ചിക്കടയും ഒഴിഞ്ഞു, ഒടുവിൽ എല്ലാം, എല്ലാം ശൂന്യമായി, നിശ്ചലം, ശാന്തം, നമ്മുടെ നഗരം, സംസ്ഥാനം, രാജ്യം, ഫ്രാൻസ്, സ്വീഡൻ, ഏഷ്യ, ഗ്രഹങ്ങൾ, ശുക്രൻ, ചൊവ്വ, വ്യാഴം, പ്ലൂട്ടോ, എല്ലാം, എല്ലാം നിശ്ചലം ശാന്തം ശൂന്യം. കാലെങ്ങനെയിരിക്കുന്നു?, പെട്ടെന്നു ഞാൻ കേട്ടു. എന്നെ നോക്കുന്ന ഡോക്ടറാണ്. അവരൊരു വെളുത്ത കോട്ടണിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചൊന്നുമില്ല, പതിവുപോലെത്തന്നെ, ഞാൻ മറുപടി പറഞ്ഞു, പതിവുപോലെത്തന്നെ.
2. ആദവും ജീവിതവും
പറുദീസ വിട്ടശേഷം വന്ന മഞ്ഞുകാലത്ത്
ആദമിനു രോഗം പിടിച്ചു.
ചുമ, തലവേദന, മുപ്പത്തൊമ്പതു ഡിഗ്രി പനി.
വരാൻ പോകുന്ന വർഷങ്ങളിൽ
മഗ്ദലനമറിയം കരഞ്ഞതുപോലവൻ കരഞ്ഞു.
ഹവ്വക്കടുത്തു വന്ന് അയാൾ അലറി:
‘‘എനിക്കു സുഖമില്ലെന്റെ സ്നേഹമേ,
ഞാൻ മരിക്കാൻ പോകയാണ്
കഠിനവേദനയുണ്ട്,
എന്താണെനിക്കു പറ്റിയതെന്നറിയുന്നില്ല.’’
മരിക്കുക, കഠിനവേദന, സുഖമില്ല, എന്റെ സ്നേഹം,
ഈ വാക്കുകൾ ഹവ്വയെ അത്ഭുതപ്പെടുത്തി.
ഏതോ വിദേശഭാഷയിലെ വാക്കുകൾ പോലവ
പുതുതായ് കാണപ്പെട്ടു.
ആകയാൽ അവൾ അവ വായിലിട്ടുരുട്ടി,
മരിക്കുക, കഠിനവേദന, സുഖമില്ല, എന്റെ സ്നേഹം.
ഒടുവിലൊരു നാൾ തനിക്കവ മുഴുവനായും മനസ്സിലായ്
എന്നു തീർച്ചപ്പെടും വരെ.
അപ്പോഴേക്കും ആദമിനു സുഖപ്പെടുകയും
മറ്റെന്തിനേയും പോലയാൾ
സന്തുഷ്ടനാകയും ചെയ്തു.
പറുദീസ വിട്ട ശേഷം മറ്റു ‘പലതും’ സംഭവിച്ചു.
പഴയ
മരിക്കുക, കഠിനദുഃഖം, സുഖമില്ല, എന്റെ സ്നേഹം
എന്നിവക്കു മേലേ
ആദമിനും ഹവ്വക്കും
പുതുവാക്കുകൾ പഠിക്കേണ്ടി വന്നു:
വേദന, പണി, ഏകാന്തത, ആനന്ദം.
പിന്നെയും കുറേക്കൂടി:
കാലം, ക്ഷീണം, ചിരി, സൗന്ദര്യം, ഭയം, ധൈര്യം.
അവരുടെ നിഘണ്ടു വലുതാവുന്നതനുസരിച്ച്
മുഖത്തെ ചുളിവുകളുടെ എണ്ണവും
കൂടിക്കൂടി വന്നു.
ആദത്തിനു വയസ്സായി,
തന്റെ കാലം കൂടാറായെന്നയാൾക്കു തോന്നി.
ഹവ്വയോട്
ആഴമുള്ള ഒരു സംസാരത്തിലേർപ്പെടണമെന്നും
തോന്നി.
‘‘ഹവ്വാ...’’ അയാൾ പറഞ്ഞു:
‘‘പറുദീസാ നഷ്ടം അത്ര വലിയ നിർഭാഗ്യമൊന്നുമല്ല,
എല്ലാ സഹനങ്ങളും എല്ലാ വേദനയും
ആബേലിനു പറ്റിയതും
എല്ലാമുണ്ടെങ്കിലും.
ഏതിലൂടെയാണോ നാം കഴിഞ്ഞുപോന്നത്,
വാക്കിന്റെ മികവുറ്റ ബോധ്യത്തിൽ,
അത് ജീവിതമാകുന്നു.
ആദമിന്റെ ശവകുടീരത്തിൽ
അതിസാധാരണമായ കണ്ണീര്
ചൊരിയപ്പെട്ടു,
ഉപ്പും വെള്ളവുമായ കണ്ണീര്.
അവ വീണിടത്ത്
ചെമ്പരത്തികളോ പനിനീരുകളോ
തഴച്ചുയർന്നില്ല.
തമാശതന്നെ, കായേനാണ്
ഏറ്റവും കഠിനമായി കരഞ്ഞത്.
പിന്നീട് ഹവ്വ
ആദമിനു പിടിപെട്ട ആദ്യത്തെ രോഗമോർത്ത്
പുഞ്ചിരിച്ചു.
ആശ്വാസമായതും അവൾ വീട്ടിൽ പോയി,
ചുടുസൂപ്പു കുടിച്ചു, ചോക്ലേറ്റ് തിന്നു.
(മൊഴിമാറ്റം: പി. രാമൻ)
======
ബർണാഡോ അക്സാഗ
(ബാസ്ക് ഭാഷ, സ്പെയിൻ. ജനനം: 1951)