ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനുനേരെ വെടിവെപ്പ്; ഒരു മരണം
text_fieldsകൊളംബോ: ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനുനേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
സാമ്പത്തിക പ്രതിസന്ധിയിൽ തകർന്ന ശ്രീലങ്കയിൽ സർക്കാറിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിനുനേരെ ആദ്യമായാണ് പൊലീസ് വെടിയുതിർക്കുന്നത്. ജനക്കൂട്ടം ആക്രമാസക്തമാകുകയും പൊലീസിനുനേരെ കല്ലെറിയുകയും ചെയ്തതോടെയാണ് വെടിയുതിർത്തതെന്ന് പൊലീസ് വക്താവ് അറിയിച്ചു.
കൊളംബോയിൽനിന്ന് 95 കിലോമീറ്റർ അകലെയുള്ള സെൻട്രൽ ശ്രീലങ്കയിലെ റംബുക്കാനായിലെ ദേശീയപാത പ്രതിഷേധക്കാർ ഉപരോധിച്ചിരുന്നു. കൂടാതെ, തലസ്ഥാനത്തേക്കുള്ള പ്രധാന റോഡുകളെല്ലാം പ്രക്ഷോഭകാരികൾ തടസ്സപ്പെടുത്തി.
ഇതിനിടെയാണ് പ്രതിഷേധം അക്രമാസക്തമായത്. ഇന്ധനക്ഷാമം രൂക്ഷമായതോടെയാണ് ജനം തെരുവിലിറങ്ങിയത്. കഴിഞ്ഞദിവസം പ്രതിഷേധം തണുപ്പിക്കാനായി മന്ത്രിസഭയിൽ വൻ അഴിച്ചുപണി നടത്തിയിരുന്നു. പുതിയ 17അംഗ കാബിനറ്റ് പട്ടികയിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്സയെ മാത്രമാണ് പ്രസിഡന്റ് ഗോടബയ രാജപക്സ നിലനിർത്തിയത്. ഈ മാസം ആദ്യം അടിയന്തരാവസ്ഥയും കർഫ്യൂവും ലംഘിച്ച് ജനം തെരുവിലിറങ്ങിയതിന് പിന്നാലെ, ശ്രീലങ്കയിൽ ഗോടബയയും മഹിന്ദയും ഒഴികെ എല്ലാവരും രാജിവെച്ചിരുന്നു.
പ്രതിഷേധം അതിജീവിക്കാൻ പ്രതിപക്ഷത്തെയും ചേർത്തുള്ള മന്ത്രിസഭയെന്ന നിർദേശം നേരത്തെ ഗോടബയ മുന്നോട്ടുവെച്ചെങ്കിലും പ്രതിപക്ഷം തള്ളുകയായിരുന്നു. പുതിയ 17 മന്ത്രിമാരും നേരത്തെ നിയമിച്ച മൂന്നുപേരുമാണ് ഇപ്പോൾ മന്ത്രിസഭയിലുള്ളത്. ഗോടബയയും മഹിന്ദയും പ്രത്യേകം രാജ്യത്തെ അഭിസംബോധന ചെയ്തെങ്കിലും പ്രക്ഷോഭകർ വഴങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.