ഗസ്സ യുദ്ധം അവസാനിപ്പിക്കണമെന്ന് 71% ഇസ്രായേലികൾ; ഗസ്സയിൽ ജൂത കുടിയേറ്റം നടത്തണമെന്ന് 33% പേർ
text_fieldsടെൽഅവീവ്: സ്ത്രീകളും കുട്ടികളുമടക്കം 45,000ത്തോളം ഗസ്സക്കാരെ ക്രൂരമായി കൊന്നൊടുക്കി 422 ദിവസമായി തുടരുന്ന യുദ്ധത്തിനെതിരെ ഇസ്രായേലിൽ പ്രതിഷേധം വ്യാപിക്കുന്നു. യുദ്ധത്തിലൂടെ ബന്ദിമോചനമെന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിൽ സൈന്യം പരാജയപ്പെട്ട പശ്ചാത്തലത്തിൽ ഹമാസുമായി ധാരണയിലെത്തണമെന്നാണ് ഇസ്രായേലികൾ ആവശ്യപ്പെടുന്നത്. ബന്ദികളെ മോചിപ്പിക്കുന്നതിന് ഹമാസുമായി ചർച്ച നടത്തി യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇസ്രായേലിലെ പൊതുജനങ്ങളിൽ ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നതെന്ന് ഇസ്രായേലി മാധ്യമമായ ചാനൽ 12 നടത്തിയ സർവേ റിപ്പോർട്ടിൽ പറഞ്ഞു. 71% പേരാണ് ഇതിനെ പിന്തുണച്ചത്. അതേസമയം, 15 ശതമാനം പേർ കരാറിനെ എതിർത്തു. 14% പേർ അഭിപ്രായം വ്യക്തമാക്കിയില്ല.
ഒക്ടോബറിൽ ഒക്ടോബറിൽ ഇസ്രായേൽ അസോസിയേഷൻ ഓഫ് റേപ്പ് ക്രൈസിസ് സെൻ്റർ നടത്തിയ മറ്റൊരു സർവേയിൽ 59 ശതമാനം പേർ മാത്രമായിരുന്നു ബന്ദിമോചന, യുദ്ധം നിർത്തൽ കരാറിനെ അനുകൂലിച്ചിരുന്നത്. അന്ന് 33 ശതമാനം പേർ എതിർത്തിരുന്നു. എന്നാൽ, രണ്ടുമാസത്തിനിപ്പുറം ഇതിൽ വൻ വ്യത്യാസമാണ് വന്നത്.
അതേസമയം, ഗസ്സയിൽനിന്ന് ഫലസ്തീനികളെ ആട്ടിപ്പായിച്ച് അവിടെ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് 33 ശതമാനം ഇസ്രായേലികൾ ആവശ്യപ്പെട്ടു. ചാനൽ 12 നടത്തിയ അഭിപ്രായ സർവേയിലാണ് ഇത്. 51% പേർ ഇതിനെ എതിർത്തു. 16% പേർ വിട്ടുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.