മാലദ്വീപില്‍ അടിയന്തരാവസ്ഥ
text_fieldsമാലെ: ഭീകരവിരുദ്ധ നിയമപ്രകാരം ശിക്ഷിക്കപ്പെട്ട മുന്‍ പ്രസിഡന്‍റ് മുഹമ്മദ് നശീദിന്‍െറ അന്യായ തടങ്കലിനെതിരെ പ്രതിപക്ഷ പ്രക്ഷോഭറാലി നടക്കാനിരിക്കെ മാലദ്വീപില്‍ പ്രസിഡന്‍റ് അബ്ദുല്ല യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദേശീയസുരക്ഷയെ മുന്‍നിര്‍ത്തിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 30 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ. അടിയന്തരവാസ്ഥ പ്രഖ്യാപിച്ചതോടെ സംശയിക്കുന്ന ആരെയും കസ്റ്റഡിലെടുക്കാന്‍ സുരക്ഷാസേനക്ക് കഴിയും.
തലസ്ഥാനമായ മാലെയിലാണ് പ്രക്ഷോഭറാലി നടത്താന്‍ മുഖ്യ പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എം.ഡി.പി) തീരുമാനിച്ചിരുന്നത്. തട്ടിക്കൊണ്ടുപോകല്‍, ബന്ദിയാക്കല്‍, കോടതിക്കുമുമ്പാകെ ഹാജരാകുന്നതില്‍ വീഴ്ചവരുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് നശീദിനെ ഭീകരവിരുദ്ധ നിയമപ്രകാരം ശിക്ഷിച്ചത്. തടവിനെതിരെ യു.എന്‍ അടക്കമുള്ള അന്താരാഷ്ട്രസംഘടനകള്‍ രംഗത്തുവന്നിരുന്നു. മുഹമ്മദ് നശീദിനെ തടവിലാക്കിയതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് ദ്വീപുരാഷ്ട്രത്തെ അടിയന്തരാവസ്ഥയിലേക്ക് നയിച്ചിരിക്കുന്നത്.
മാലദ്വീപില്‍ അടുത്തിടെയായി രാഷ്ട്രീയസംഘട്ടനങ്ങള്‍ക്ക് വേദിയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ പ്രസിഡന്‍റിനുനേരെ വധശ്രമം നടന്നിരുന്നു. സെപ്റ്റംബര്‍ 28നാണ് അബ്ദുല്ല യമീന്‍ സഞ്ചരിച്ചിരുന്ന ബോട്ടില്‍ സ്ഫോടനമുണ്ടായത്. സംഭവത്തില്‍ യമീന്‍ രക്ഷപ്പെട്ടെങ്കിലും ഭാര്യക്കും രണ്ട് അംഗരക്ഷകര്‍ക്കും പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വൈസ് പ്രസിഡന്‍റ് അഹ്മദ് അദീബിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞദിവസം പ്രസിഡന്‍റിന്‍െറ ഒൗദ്യോഗിക വസതിക്കുസമീപം സ്ഫോടകവസ്തു കണ്ടത്തെിയിരുന്നു. ഇത് പൊലീസ് നിര്‍വീര്യമാക്കി. കൂടാതെ, രണ്ടു നഗരങ്ങളില്‍നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടത്തെി. തുടര്‍ന്നാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള തീരുമാനമെടുത്തത്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അധികാരമോഹം വെച്ചുപുലര്‍ത്തുന്നവരാണ് തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത്. സംശയമുള്ളവരെ അറസ്റ്റ് ചെയ്യാന്‍ സുരക്ഷാസൈനികര്‍ക്ക് നിര്‍ദേശം നല്‍കിയതായും യമീന്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.