ഭയന്നത് സംഭവിച്ചു; ചൈനയുടെ ദേശീയ സുരക്ഷ നിയമ പ്രകാരം ഹോങ്കോങ്ങിൽ ആദ്യ അറസ്റ്റ്
text_fieldsബെയ്ജിങ്: ഹോങ്കോങ് ജനത എന്തിനെയാണോ ഭയപ്പെട്ടത് അതു സംഭവിച്ചു. തങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യം എന്നെന്നേക്കുമായി ഇല്ലാതാക്കുന്ന ചൈനയുടെ ദേശീയ സുരക്ഷ നിയമത്തിന് കീഴിൽ പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി.
ഹോങ്കോങ്ങിനെ ബ്രിട്ടൻ ചൈനക്ക് കൈമാറിയതിെൻറ 23ാം വാർഷിക ദിനത്തിൽ കോസ്വേ ബേ നഗരത്തിൽ നടന്ന സ്വതന്ത്ര ജനാധിപത്യ വാർഷിക റാലിയിൽ പങ്കെടുത്തവർക്കെതിരെയാണ് കിരാത നിയമം പൊലീസ് നടപ്പാക്കിയത്. ഹോങ്കോങ് സ്വതന്ത്ര പതാകയേന്തിയ പ്രക്ഷോഭകനെതിരെ ‘പ്രതിഷേധ നിരോധന നിയമം’ ചുമത്തിയായിരുന്നു അറസ്റ്റ്. 40 ദിവസം മുമ്പ് കൊണ്ടു വന്ന ദേശീയ സുരക്ഷ നിയമം ചൊവ്വാഴ്ച ചൈനീസ് സർക്കാർ അംഗീകരിച്ച് ഒരു ദിവസം പിന്നിടും മുമ്പാണ് ഹോങ്കോങ് ജനതയുടെ സ്വാതന്ത്ര്യത്തിനു മേൽ പൊലീസ് കരിനിഴൽ വീഴ്ത്തിയത്.
കോവിഡ് ലോക്ഡൗൺ കർശനമാക്കിയ നഗരത്തിൽ 50ൽ അധികം പേർ കൂട്ടം കൂടാൻ പാടില്ലെന്ന നിയമം ലംഘിച്ച് നൂറുകണക്കിനു പേരായിരുന്നു പ്രക്ഷോഭ രംഗത്തുണ്ടായിരുന്നത്.
‘അന്ത്യംവരെ എതിർക്കുക, ഹോങ്കോങ്ങിന് സ്വാതന്ത്ര്യം നൽകുക’ എന്ന മുദ്രാവാക്യവുമായി എത്തിയ പ്രക്ഷോഭകർക്കു നേെര പൊലീസ് ജലപീരങ്കിയും കുരുമുളുക് സ്പ്രേയും പ്രയോഗിച്ചു. 70പേർ അറസ്റ്റിലായിട്ടുണ്ടെന്നും ഇതിൽ രണ്ടുപേർക്കെതിരെയാണ് ദേശീയ സുരക്ഷ നിയമം ചുമത്തിയതെന്നും പ്രക്ഷോഭകർ ആരോപിച്ചു.
പ്രതിഷേധ നിരോധന നിയമപ്രകാരം മൂന്നുവർഷം മുതൽ ആജീവനാന്ത തടവുശിക്ഷ വരെ നൽകാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
പ്രതിഷേധവുമായി യു.എസ്
ദേശീയ സുരക്ഷ നിയമം ഹോങ്കോങ്ങിൽ ബാധകമാക്കിയ ചൈനയുടെ നടപടിക്കെതിരെ മനുഷ്യാവകാശ സംഘടനകളും യു.എസും രംഗത്തെത്തി. ചൈനയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു. 1997ൽ ഹോങ്കോങ്ങിനെ ബ്രിട്ടൻ കൈമാറുേമ്പാൾ 50 വർഷം സ്വതന്ത്രമായി നിലനിൽക്കാൻ അനുവദിക്കുമെന്ന് ചൈന ഉറപ്പു നൽകിയിരുന്നു. എന്നാൽ, 23 വർഷം മാത്രമാണ് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ വാഗ്ദാനവുമായി ബ്രിട്ടൻ
30 ലക്ഷത്തോളം വരുന്ന ഹോങ്കോങ് നിവാസികൾക്ക് യു.കെയിൽ താമസമുറപ്പിക്കാനും പൗരത്വത്തിന് അപേക്ഷിക്കാനും അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ചൈന കൊണ്ടുവന്ന പുതിയ സുരക്ഷ നിയമം ഹോങ്കോങ്ങിെൻറ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തിയിരിക്കുകയാണ്.
ബ്രിട്ടെൻറ മുൻ കോളനിയായ ഹോങ്കോങ്ങിൽ ഈ നിയമം പ്രതികൂലമായി ബാധിക്കുന്നവരെ സഹായിക്കും. ബ്രിട്ടീഷ് പാസ്പോർട്ടുള്ള മൂന്നര ലക്ഷം പേർക്കും പാസ്പോർട്ടിന് അർഹതയുള്ള 26 ലക്ഷം പേർക്കും അഞ്ചു വർഷത്തേക്ക് യു.കെയിൽ വരാം. തുടർന്നുള്ള വർഷങ്ങളിൽ അവർക്ക് പൗരത്വത്തിന് അപേക്ഷിക്കാമെന്നും ജോൺസൺ പറഞ്ഞു.
ഇടപെടേണ്ടെന്ന് ചൈന
എന്നാൽ, വിമർശനങ്ങൾ തള്ളിയ ചൈനീസ് വിദേശകാര്യ മന്ത്രാലയം ലോക രാജ്യങ്ങളോട് നിഷ്പക്ഷമായി നിലകൊള്ളാൻ അഭ്യർഥിച്ചു.
ഹോേങ്കാങ്ങിൽ വിദേശ രാജ്യങ്ങളുടെ ഇടപെടൽ അംഗീകരിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് സാവോ ലിജിയാൻ ബെയ്ജിങ്ങിൽ വാർത്ത സമ്മേളനത്തിനിടെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.