മാലദ്വീപിൽ അടിയന്തരാവസ്ഥ
text_fieldsമാലെ: സർക്കാറിനെതിരെ പ്രതിപക്ഷപ്രക്ഷോഭം ശക്തമായതോടെ മാലദ്വീപിൽ അടിയന്തരാവസ്ഥ. പ്രസിഡൻറ് അബ്ദുല്ല യമീൻ 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി അദ്ദേഹത്തിെൻറ അടുത്ത സഹായി അസിമ ശുക്കൂറാണ് ഒൗദ്യോഗിക ടെലിവിഷനിലൂടെ അറിയിച്ചത്.
അടിയന്തരാവസ്ഥ നിലവിൽവന്നതോടെ ആരെയും മുൻകൂർ അനുമതിയില്ലാതെ അറസ്റ്റ് ചെയ്ത് തടങ്കലിലിടാൻ സുരക്ഷ വിഭാഗത്തിന് അധികാരം ലഭിക്കും. സംശയമുള്ള ആരെയും അറസ്റ്റ് ചെയ്യാനും അധികാരം നൽകി. മുൻ പ്രസിഡൻറ് അടക്കമുള്ള രാഷ്ട്രീയതടവുകാരെ മോചിപ്പിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് സർക്കാർ നടപ്പാക്കാത്തതിനെതിരെ വൻ പ്രതിഷേധവുമായി രംഗത്തുള്ള പ്രതിപക്ഷത്തെ അടിച്ചമർത്തുകയാണ് നടപടിയുടെ ലക്ഷ്യം.
വെള്ളിയാഴ്ചയാണ് മുൻ പ്രസിഡൻറ് മുഹമ്മദ് നശീദ് അടക്കമുള്ളവരെ വിചാരണ ചെയ്യുന്ന നടപടി ഭരണഘടനവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചത്. ജയിലിൽ കഴിയുന്ന ഒമ്പത് പാർലമെൻറ് അംഗങ്ങളെ മോചിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു. വിധി നടപ്പാക്കിയാൽ പാർലമെൻറിൽ യമീൻ സർക്കാറിെൻറ ഭൂരിപക്ഷം നഷ്ടപ്പെടുമെന്നതിനാലാണ് അദ്ദേഹം ഉത്തരവ് പാലിക്കാൻ വിസമ്മതിക്കുന്നത്. ഇതിനുപുറമെ, യമീെൻറ പാർട്ടിയിൽനിന്ന് വിഘടിച്ച 12 എം.പിമാരുടെ അംഗത്വം വ്യാഴാഴ്ച സുപ്രീംകോടതി പുനഃസ്ഥാപിച്ചിരുന്നു. ഇതോടെ 85 അംഗ സഭയിൽ പ്രതിപക്ഷത്തിനാണ് മുൻതൂക്കം.
കോടതി ഉത്തരവ് നടപ്പാക്കണമെന്ന് പ്രതിപക്ഷത്തിനുപുറമെ അന്താരാഷ്ട്രസമൂഹവും ആവശ്യപ്പെെട്ടങ്കിലും അബ്ദുല്ല യമീൻ വഴങ്ങിയിട്ടില്ല. രണ്ടാം തവണയാണ് അബ്ദുല്ല യമീൻ അടിയന്തരാവസ്ഥയേർപ്പെടുത്തുന്നത്. തനിക്കെതിരെ വധശ്രമം നടന്നതായി പറഞ്ഞ് 2015 നവബറിൽ സമാനനടപടി സ്വീകരിച്ചിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ രണ്ടുദിവസത്തിനകം പ്രസിഡൻറ് പാർലമെൻറിനെ അറിയിക്കണമെന്നാണ് നിയമമെങ്കിലും പാർലമെൻറ് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. അനിശ്ചിതകാലത്തേക്കാണ് പാർലമെൻറിനെ മരവിപ്പിച്ചത്. സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ മാലദ്വീപിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാരോട് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.