മൂന്നു രാജ്യങ്ങളിലേക്ക് മാലിദ്വീപ് പ്രതിനിധികളെ അയച്ചു; ഇന്ത്യയിലേക്കില്ല
text_fieldsമാലെ: രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് മാലദ്വീപ് ഭരണകൂടം നീക്കം തുടങ്ങി. പ്രതിസന്ധി വിശദീകരിക്കുന്നതിനും സഹായം അഭ്യർഥിക്കുന്നതിനും ചൈന, പാകിസ്താൻ, സൗദി അറേബ്യ എന്നീ മൂന്നു രാജ്യങ്ങളിലേക്ക് പ്രസിഡൻറ് അബ്ദുല്ല യമീൻ പ്രത്യേക പ്രതിനിധികളെ അയച്ചു. അതേസമയം, ഏറ്റവും അടുത്ത അയൽ രാജ്യമായ ഇന്ത്യയിലേക്ക് മാലിദ്വീപ് ഭരണകൂടം പ്രതിനിധിയെ അയച്ചിട്ടില്ല.
ഇന്ത്യ സന്ദർശിക്കാനുള്ള പ്രത്യേക പ്രതിനിധിയുടെ നീക്കത്തോട് അനുകൂലമായല്ല ഇന്ത്യ പ്രതികരിച്ചതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഇന്ത്യയുടെ നിലപാട് നിരാശപ്പെടുത്തിയെന്ന് ഇന്ത്യയിലെ മാലിദ്വീപ് അംബാസഡർ അഹമ്മദ് മുഹമ്മദ് എൻ.ഡി ടിവിയോട് പറഞ്ഞു. മാലിദ്വീപും ഇന്ത്യയും അയൽ രാജ്യങ്ങളാണെന്നും ചൈനയെക്കാൾ ഇന്ത്യയോട് വിവരങ്ങൾ ചർച്ച ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും അംബാസഡർ വ്യക്തമാക്കി.
അതേസമയം, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ പര്യടനത്തിനുള്ള തയാറെടുപ്പിലും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സൗദി സന്ദർശനത്തിലും ആയതിനാലാണ് മാലിദ്വീപ് പ്രതിനിധിയുടെ വരവിനെ പിന്തുണക്കാത്തതെന്നും വിവരമുണ്ട്. യു.എ.ഇ, ഒമാൻ, ഫലസ്തീൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനായി പ്രധാനമന്ത്രി വെള്ളിയാഴ്ച യാത്ര തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.