സ്വതന്ത്ര രാഷ്ട്രം: പുതിയ പദ്ധതി സമർപ്പിച്ച് ഫലസ്തീൻ അതോറിറ്റി
text_fieldsറാമല്ല: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പശ്ചിമേഷ്യൻ പദ്ധതി തള്ളിയ ഫലസ്തീൻ അതോറിറ്റി രാജ്യാന്തര മധ്യസ്ഥർക്ക് മുമ്പാകെ പുതിയ പദ്ധതി സമർപ്പിച്ചു. ഇസ്രായേൽ അധീനതയിലുള്ള വെസ്റ്റ് ബാങ്കും കിഴക്കൻ ജറുസലമും ഗാസയും ഉൾപ്പെടുന്ന സൈനിക നിയന്ത്രണമില്ലാത്ത പരമാധികാര ഫലസ്തീൻ രാഷ്ട്രം എന്നതാണ് ഫലസ്തീൻ അതോറിറ്റിയുടെ പദ്ധതിയുെട കാതൽ.
വിദേശ മാധ്യമപ്രവർത്തകരുമായി ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഇശ്തയ്യ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാജ്യാന്തര മധ്യസ്ഥർ മുമ്പാകെ പുതിയ പദ്ധതി സമർപ്പിച്ച വിവരം അറിയിച്ചത്. സ്വതന്ത്രവും പരമാധികാരവും സൈനിക നിയന്ത്രണവുമില്ലാത്ത, കിഴക്കൻ ജറുസലം തലസ്ഥാനമായ ഫലസ്തീൻ രാജ്യമാണ് ലക്ഷ്യം. നിർദ്ദിഷ്ട ഫലസ്തീൻ രാജ്യവും ഇസ്രായേലും തമ്മിലുള്ള അതിർത്തി പരിഷ്കരണത്തിനും അതുപോലെ ഭൂമി കൈമാറ്റം ചെയ്യുന്നതിനും ഉതകുന്നതാണ് പദ്ധതിയെന്നും മുഹമ്മദ് ഇശ്തയ്യ വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭ, യൂറോപ്യൻ യൂനിയൻ, അമേരിക്ക, റഷ്യ അടക്കമുള്ള രാജ്യങ്ങളുടെ പൊതുവേദിയാണ് ഫലസ്തീനും ഇസ്രായേലിനും ഇടയിൽ സമാധാന ചർച്ചകൾ നടത്തുന്നത്. അധിനിവേശ വെസ്റ്റ് ബാങ്കിലെ ജോർദാൻ താഴ്വരയിലെ അനധികൃത പാർപ്പിട നിർമാണം അടക്കമുള്ളവക്ക് അനുമതി നൽകുന്ന തരത്തിലുള്ളതാണ് ട്രംപ് പ്രഖ്യാപിച്ച വിവാദ പദ്ധതി. ട്രംപിന്‍റെ പദ്ധതി ഫലസ്തീൻ അതോറിറ്റി അടക്കം ഫലസ്തീൻ സംഘടനകൾ തള്ളികളഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.