അലപ്പോയില്‍ ആശുപത്രികള്‍ക്കുനേരെ ആക്രമണം; ആറു മരണം
text_fieldsഡമസ്കസ്: സിറിയന്‍ നഗരമായ അലപ്പോയില്‍ ആശുപത്രികള്‍ക്കുനേരെ സൈന്യത്തിന്‍െറ വ്യോമാക്രമണം. ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു.ബശ്ശാര്‍ സൈന്യത്തിന്‍െറ തുടരെയുള്ള ആക്രമണങ്ങളില്‍ നാമാവശേഷമായ നഗരത്തില്‍ ഇനി ആറു ആശുപത്രികള്‍ മാത്രമാണ് ശേഷിക്കുന്നത്. ചൊവ്വാഴ്ച അര്‍ധരാത്രിയും ബുധനാഴ്ച പുലര്‍ച്ചെ നാലു മണിക്കുമാണ് ആക്രമണങ്ങളുണ്ടായത്.
അലപ്പോ നഗരത്തിലെ ഭക്ഷ്യവിതരണ കേന്ദ്രത്തിനു നേരെയും ഷെല്ലാക്രമണമുണ്ടായി. നിരവധി പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ നിരീക്ഷക സംഘങ്ങള്‍ അറിയിച്ചു. അതിനിടെ സിറിയന്‍ സര്‍ക്കാര്‍ അലപ്പോയില്‍ മാരകമായ രാസായുധം പ്രയോഗിച്ചതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ആരോപിച്ചു. സര്‍ക്കാറിനെതിരെ നടപടി സ്വീകരിക്കാന്‍ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് യു.എന്‍ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു.
വിമതര്‍ക്കെതിരായ ആക്രമണത്തില്‍ സിറിയന്‍ സര്‍ക്കാറിന് നല്‍കുന്ന പിന്തുണക്കെതിരെ റഷ്യക്ക് യു.എസിന്‍െറ താക്കീതു നല്‍കി.
ആക്രമണത്തില്‍നിന്ന് പിന്മാറിയില്ളെങ്കില്‍ റഷ്യയുമായുള്ള എല്ലാ ബന്ധങ്ങളും യു.എസ് അവസാനിപ്പിക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കി. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിനെ ഫോണില്‍ വിളിച്ചാണ് ജോണ്‍ കെറി ഇക്കാര്യം അറിയിച്ചത്.
യു.എസും റഷ്യയും ചേര്‍ന്ന് ആഹ്വാനംചെയ്ത വെടിനിര്‍ത്തല്‍ ലംഘിക്കപ്പെട്ടതിന് പിന്നാലെ അലപ്പോയില്‍ സര്‍ക്കാറും റഷ്യയും ആക്രമണം ശക്തമാക്കിയതാണ് യു.എസ് നിലപാട് കടുപ്പിക്കാന്‍ കാരണം.
രാസായുധപ്രയോഗം നിര്‍ത്തിയില്ളെങ്കില്‍ സൈനികനടപടിയുമായി രംഗത്തിറങ്ങുമെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ നേരത്തേ ഭീഷണി മുഴക്കിയിരുന്നെങ്കിലും, ബശ്ശാര്‍ ഭരണകൂടം രാസായുധപ്രയോഗം തുടരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.