കാബൂളിൽ വിദേശ എംബസികൾക്കുസമീപം ചാവേർ സ്ഫോടനം; 95 മരണം
text_fieldsകാബൂൾ: രക്തച്ചൊരിച്ചിൽ ഒടുങ്ങാതെ അഫ്ഗാനിസ്താൻ. തലസ്ഥാന നഗരിയായ കാബൂളിൽ വിദേശ എംബസികൾക്ക് സമീപമുണ്ടായ ചാവേർ സ്ഫോടനത്തിൽ ചുരുങ്ങിയത് 95 പേർ കൊല്ലപ്പെട്ടു. 150ലേറെ പേർക്ക് പരിക്കേറ്റതായും അഫ്ഗാനിസ്താൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിരവധി സർക്കാർ ഏജൻസികളും വിദേശ എംബസികളും പ്രവർത്തിക്കുന്ന മേഖലയിൽ സ്ഫോടക വസ്തുക്കൾ നിറച്ച ആംബുലൻസ് പൊട്ടിത്തെറിക്കുകയായിരുന്നു. നിരവധി പേർ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ശനിയാഴ്ച നഗരത്തിൽ തിരക്കേറിയ സമയത്തായിരുന്നു സംഭവം. ആക്രമണത്തിെൻറ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു. യൂറോപ്യൻ യൂനിയെൻറയും പീസ് കൗൺസിലിെൻറയും ഒാഫിസുകളും സ്ഫോടനം നടന്ന സ്ഥലത്ത് പ്രവർത്തിക്കുന്നുണ്ട്.
ചെക്പോസ്റ്റിനു സമീപം വാഹനമെത്തിയപ്പോഴാണ് പൊട്ടിത്തെറിയുണ്ടായതെന്നു സംഭവസ്ഥലത്തുണ്ടായിരുന്ന അഫ്ഗാൻ പാർലമെൻറംഗം മിർവാഇസ് യാസിനി അറിയിച്ചു.ചെക്പോയൻറിലൂടെ പൊലീസിനെ കബളിപ്പിച്ച് ആംബുലൻസിലാണ് ആക്രമി എത്തിയതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. പൊലീസ് വളഞ്ഞപ്പോൾ ബെൽറ്റുബോംബ് ധരിച്ച ആക്രമി പൊട്ടിത്തെറിക്കുകയായിരുന്നു. കാബൂളിൽ കഴിഞ്ഞയാഴ്ച 18 പേരുടെ ജീവനെടുത്ത ആക്രമണത്തിനു പിന്നാലെയാണീ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.