സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചു; ബംഗ്ലാദേശിൽ ജമാഅത്തെ ഇസ്‍ലാമി നേതാവ് അറസ്റ്റിൽ
text_fieldsധാക്ക: ബംഗ്ലാദേശിലെ ഏറ്റവും വലിയ ഇസ്‍ലാമിക കക്ഷിയുടെ തലവനെ അറസ്റ്റ് ചെയ്തതായി പൊലീസ്. പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാജിയാവശ്യപ്പെട്ട് നടക്കുന്ന പ്രതിപക്ഷ പ്രക്ഷോഭത്തിന്റെ ഭാഗമാകുമെന്ന് അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് അറസ്റ്റ്. ധാക്കയിൽ വെച്ചാണ് ജമാഅത്തെ ഇസ്‍ലാമി അമീർ ശഫീഖുർ റഹ്മാനെ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഏതെല്ലാം വകുപ്പുകളാണ് ഇദ്ദേഹത്തിന്റെ പേരിൽ ചുമത്തിയതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. സർക്കാർ വിരുദ്ധ പ്രക്ഷോഭം നടത്തിയ ബി.എൻ.പി നേതാക്കൾക്കെതിരെ സംഘർഷത്തിനു പ്രേരണ നൽകിയെന്നാരോപിച്ച് കേസെടുത്തതിനു പിന്നാലെയാണ് ഇദ്ദേഹത്തിന്റെ അറസ്റ്റ്.
രാജ്യത്തെ മൂന്നാമത്തെ രാഷ്ട്രീയ പാർട്ടിയാണ് ജമാഅത്തെ ഇസ്‍ലാമി. 2012 മുതൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പാർട്ടിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കുന്നതാണ് സർക്കാർ നടപടിയെന്ന് അറസ്റ്റിനെ അപലപിച്ച ജമാഅത്തെ ഇസ്‍ലാമി വക്താവ് പറഞ്ഞു. 15 വർഷമായി നടക്കുന്ന പാർട്ടിയെ അടിച്ചമർത്താനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ തുടർച്ചയാണിതെന്ന് ജമാഅത്തെ ഇസ്‍ലാമിയുടെ പബ്ലിസിറ്റി സെക്രട്ടറി മതിയുർ റഹ്മാൻ അകാന്ദ് പറഞ്ഞു. വർഷങ്ങൾക്കു മുമ്പ് രാജ്യത്തെ മുഖ്യപ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ(ബി.എൻ.പി) സഖ്യകക്ഷിയായിരുന്നു ജമാഅത്തെ ഇസ്‍ലാമി. 2001 മുതൽ 2006 വരെ ഈ സഖ്യമാണ് ബംഗ്ലാദേശിൽ ഭരണത്തിലിരുന്നത്.
2009ൽ ഹസീന പ്രധാനമന്ത്രിയായപ്പോൾ, ജമാഅത്തെ ഇസ്‍ലാമിയുടെ മുഴുവൻ നേതാക്കളെയും അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ബംഗ്ലാദേശ് വിമോനചന യുദ്ധകാലത്തെ യുദ്ധക്കുറ്റങ്ങളാണ് ചുമത്തിയത്. യുദ്ധക്കുറ്റങ്ങളിൽ അഞ്ച് നേതാക്കളുടെ വധശിക്ഷ നടപ്പാക്കുകയും ചെയ്തു. വധശിക്ഷക്കു പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച നൂറുകണക്കിന് പാർട്ടി പ്രവർത്തകരെ വെടിവെച്ചു കൊല്ലുകയും നിരവധിയാളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.ബംഗ്ലാദേശിൽ ഹസീന രാജിവെച്ച് സുതാര്യവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ബി.എൻ.പിയുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.