വിദേശ ജോലിക്ക് പോകാനുള്ള കുറഞ്ഞ പ്രായം 21 ആയി കുറച്ച് ശ്രീലങ്ക
text_fieldsകൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്ക സ്ത്രീകൾക്ക് വിദേശ ജോലിക്ക് പോകാനുള്ള കുറഞ്ഞ പ്രായം 21 ആയി കുറച്ചു. പാപ്പരായ സമ്പദ്വ്യവസ്ഥക്ക് ഉണർവേകാൻ വിദേശനാണ്യം സമ്പാദിക്കുന്നത് പ്രോത്സാഹിപ്പിക്കാനാണ് നടപടി. 2013 മുതൽ സൗദി അറേബ്യയിലേക്ക് 25 ഉം, മറ്റ് രാജ്യങ്ങളിലേക്ക് 23 വയസ്സുമായിരുന്നു പ്രായപരിധി. ഇതാണ് സർക്കാർ ചൊവ്വാഴ്ച ഇളവ് വരുത്തിയത്.
തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതായി വക്താവ് ബന്ദുല ഗുണവർധന മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിദേശത്ത് ജോലി ഏറെനാളായി രാജ്യത്തിന്റെ വിദേശനാണ്യത്തിന്റെ പ്രധാന ഉറവിടമാണ്. പ്രതിവർഷം 700 കോടി ഡോളറാണ് ഈ വഴി ലഭിച്ചിരുന്നത്. എന്നാൽ കോവിഡ് കാരണം 2021ൽ 540 കോടി ഡോളറായി കുറഞ്ഞു. ഈ വർഷം 350 കോടി ഡോളറിൽ താഴെയാകുമെന്നാണ് കരുതുന്നത്. 2.2 കോടി ജനങ്ങളുള്ള ശ്രീലങ്കയിൽ 16 ലക്ഷത്തിലധികം ആളുകൾ വിദേശ ജോലിക്കാരാണ്.
ഇന്ധന പ്രതിസന്ധി കാരണം ശ്രീലങ്കയുടെ പാർലമെന്റ് സമ്മേളനങ്ങൾ നാല് ദിവസത്തിൽനിന്ന് ഈ ആഴ്ച രണ്ട് ദിവസമായും കുറച്ചു. പ്രസിഡന്റിന്റെ വിപുലമായ അധികാരങ്ങൾ വെട്ടിക്കുറക്കുന്ന ഭരണഘടനാ പരിഷ്കാരങ്ങളും ശ്രീലങ്കൻ മന്ത്രിസഭ പാസാക്കി. ശ്രീലങ്കക്ക് 57.5 ലക്ഷം ഡോളറിന്റെ അധിക ധനസഹായം യു.എസ് പ്രഖ്യാപിച്ചു.
കഴിഞ്ഞയാഴ്ച 60 ലക്ഷം ഡോളറിന്റെ ഗ്രാന്റും 12 കോടി ഡോളറിന്റെ വായ്പയും പ്രഖ്യാപിച്ചിരുന്നു. അടിയന്തര ഭക്ഷ്യ, ആരോഗ്യ ആവശ്യങ്ങൾ പരിഹരിക്കാൻ ആസ്ട്രേലിയ അഞ്ചു കോടി ഡോളറിന്റെ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.