ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
text_fieldsകൊളംബോ: സാമ്പത്തികത്തകർച്ചയെ തുടർന്നുണ്ടായ ജനകീയ പ്രക്ഷോഭത്തിൽ പിടിച്ചുനിൽക്കാനാവാതെ ശ്രീലങ്കൻ പ്രസിഡന്റ് ഗോടബയ രാജപക്സ രാജ്യം വിട്ടു. മാലദ്വീപിലേക്കു കടന്ന ഗോടബയ അവിടെ നിന്ന് സിങ്കപ്പൂരിലേക്ക് പോയതായാണ് വിവരം. ബുധനാഴ്ച രാവിലെ സൈനികവിമാനത്തിലായിരുന്നു അദ്ദേഹം മാലദ്വീപിലേക്ക് രക്ഷപ്പെട്ടത്. ഇതിനു പിന്നാലെ താൽക്കാലിക പ്രസിഡന്റായി പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ചുമതലയേറ്റു. തുടർന്ന് അദ്ദേഹം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എല്ലാ കക്ഷികൾക്കും സ്വീകാര്യനായ പ്രധാനമന്ത്രിയെ നാമനിർദേശം ചെയ്യാൻ വിക്രമസിംഗെ സ്പീക്കർ മഹിന്ദ യാപ അബേവർധനയോട് ആവശ്യപ്പെട്ടു.
രാജിവെക്കാതെയാണ് ഗോടബയ രാജ്യംവിട്ടത്. പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭകർ പ്രതിഷേധം ശക്തമാക്കിയതോടെ മിക്ക സ്ഥലങ്ങളിലും സൈന്യത്തെ വിന്യസിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറൻ പ്രവിശ്യയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. സമാധാനം നിലനിർത്താൻ സാധ്യമായതെല്ലാം ചെയ്യാൻ റനിൽ വിക്രമസിംഗെ സുരക്ഷസേനക്കും പൊലീസിനും നിർദേശം നൽകി. പ്രസിഡന്റ് തന്നെയാണ് ഭരണഘടനപ്രകാരം പ്രധാനമന്ത്രിക്ക് ചുമതല കൈമാറിയതെന്ന് സ്പീക്കർ അറിയിച്ചു.
73കാരനായ ഗോടബയ ഭാര്യക്കും രണ്ടു സുരക്ഷ ഉദ്യോഗസ്ഥർക്കുമൊപ്പമാണ് മാലദ്വീപിലേക്കു രക്ഷപ്പെട്ടത്. പ്രസിഡന്റ് രാജ്യംവിട്ടെന്ന വാർത്ത പ്രചരിച്ചതിനു പിന്നാലെ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ രാജി ആവശ്യപ്പെട്ട് കൊളംബോയിലെ അദ്ദേഹത്തിന്റെ ഓഫിസിനു സമീപം ദേശീയ പതാകയുമായി തടിച്ചുകൂടിയ പ്രക്ഷോഭകർക്കുനേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. എന്നാൽ, ബാരിക്കേഡ് മറികടന്ന ആയിരക്കണക്കിന് പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് ഇരച്ചുകയറി. പ്രക്ഷോഭകർ പ്രധാനമന്ത്രിയുടെ ഓഫിസിനു സമീപം എത്തിയതോടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
രാജിവെക്കാൻ തയാറാണെന്ന് റനിൽ വിക്രമസിംഗെ നേരത്തേ അറിയിച്ചിരുന്നു. സ്പീക്കറുടെ വസതിക്കു സമീപവും പ്രക്ഷോഭകർ ഒത്തുകൂടിയിട്ടുണ്ട്. താൽക്കാലിക പ്രസിഡന്റായ വിക്രമസിംഗെക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ അധികാരമില്ലെന്ന് പ്രതിപക്ഷനേതാവ് സജിത്ത് പ്രേമദാസ പറഞ്ഞു.
ജനം ഓഫിസ് വളഞ്ഞതിനെ തുടർന്ന് ശ്രീലങ്കൻ സർക്കാറിന്റെ ടെലിവിഷൻ ചാനലായ 'രൂപവാഹിനി' സംപ്രേഷണം നിർത്തിയെങ്കിലും പിന്നീട് പുനരാരംഭിച്ചു. മറ്റൊരു സർക്കാർ ടി.വി ചാനലും മണിക്കൂറോളം സംപ്രേഷണം നിർത്തിവെച്ചു. മാസങ്ങളായി അവശ്യവസ്തുക്കളുടെ കടുത്ത ക്ഷാമം നേരിടുന്ന ശ്രീലങ്കയിൽ ശനിയാഴ്ചയാണ് ജനം പ്രസിഡന്റിന്റെ കൊട്ടാരം കൈയേറിയത്. ഇതിന് തൊട്ടുമുമ്പ് രാജപക്സയെ സൈന്യം അജ്ഞാതകേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. പ്രസിഡന്റ് രാജിവെച്ചാൽ മാത്രമേ കൊട്ടാരം വിടുകയുള്ളൂവെന്നാണ് പ്രക്ഷോഭകരുടെ നിലപാട്..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.