ഹ്രസ്വകാല പണപ്പെരുപ്പം നേരിടാൻ പുതിയ നടപടി സ്വീകരിച്ച് ശ്രീലങ്ക
text_fieldsകൊളംബോ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി ചെറുക്കുന്നതിനായി ഇന്ധന-ഗതാഗത വിലകൾ വർധിപ്പിച്ച് ശ്രീലങ്കൻ സർക്കാർ. എന്നാൽ ഈ വർധനവ് ഹ്രസ്വകാലത്തേക്ക് മാത്രമായിരിക്കുമെന്ന് സർക്കാർ അറിയിച്ചു.
പെട്രോൾ വില 20 മുതൽ 24 ശതമാനം വരെയും ഡീസൽ വില 35 മുതൽ 38 ശതമാനം വരെയും ഉയരുമെന്ന് ഊർജ മന്ത്രി കാഞ്ചന വിജേശേഖര ട്വിറ്റ് ചെയ്തു. പെട്രോൾ ലിറ്ററിന് 420 രൂപയും ഡീസൽ 400 രൂപയുമാണ് പുതുക്കിയ വില. ഇതനുസരിച്ച് ഗതാഗതവും മറ്റ് സേവന നിരക്കുകളും പരിഷ്കരിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്ധനത്തിന്‍റെ ഉപയോഗം കുറക്കുന്നതിനും ഊർജ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനും വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കും. സ്ഥാപന മേധാവിയുടെ നിർദേശപ്രകാരം മാത്രമേ പൊതുമേഖലാ ഉദ്യോഗസ്ഥർ ഓഫിസിൽ നിന്ന് ജോലി ചെയ്യേണ്ടതുള്ളുവെന്നും വിജേശേഖര പറഞ്ഞു.
ശ്രീലങ്കയുടെ വാർഷിക പണപ്പെരുപ്പം മാർച്ചിലെ 21.5 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 33.8 ശതമാനമായി ഉയർന്നെന്ന് തിങ്കളാഴ്ച സർക്കാർ പുറത്തുവിട്ട കണക്കുകളിൽ നിന്ന് വ്യക്തമാണ്.
വിദേശ നാണ്യത്തിന്‍റെ രൂക്ഷമായ ക്ഷാമവും ഇറക്കുമതി സ്തംഭിച്ചതും ഇന്ധനത്തിന്‍റെയും മരുന്നുകളുടെയും ദൗർലഭ്യത്തിനും തുടർച്ചയായുള്ള പവർകട്ടുകൾക്കും കാരണമായി. ഇതോടെ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിലാണ് ശ്രീലങ്ക. വില വർധനവ് ഹൃസ്വകാല ബുദ്ധിമുട്ടുകൾക്ക് കാരണമാവുമെങ്കിലും സർക്കാരിന്‍റെ വരുമാനം വർധിപ്പിക്കുന്നതിന് ഇന്ധന വില വർധനവും വൈദ്യുതി വില വർധനവും അനിവാര്യമാണെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.