'വാക്സിന്‍ പാസ്‌പോര്‍ട്ട്'; കോവിഷീല്‍ഡിന്റെ കാര്യത്തില്‍ അംഗരാജ്യങ്ങള്‍ക്ക് സ്വന്തം നിലക്ക് തീരുമാനമെടുക്കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍
text_fieldsബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഷീല്‍ഡ് ഉള്‍പ്പെടെയുള്ള വാക്‌സിനുകള്‍ക്ക് ഗ്രീന്‍ പാസ് നല്‍കുന്ന കാര്യത്തില്‍ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാമെന്ന് അധികൃതര്‍. ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡിന്റെ അംഗീകാരത്തിനായുള്ള അപേക്ഷ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിക്ക് തിങ്കളാഴ്ച വരെയും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യയിലെ കോവിഷീല്‍ഡിന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ അംഗീകാരം ലഭിച്ചിട്ടില്ല. അതിനാല്‍, വാക്‌സിനെടുത്തവര്‍ക്ക് യൂറോപ്പില്‍ തടസമില്ലാത്ത സഞ്ചാരാനുമതി നല്‍കുന്ന 'വാക്‌സിന്‍ പാസ്‌പോര്‍ട്ടി'നായുള്ള ഗ്രീന്‍ പാസ് കോവിഷീല്‍ഡിന് ലഭിച്ചിട്ടില്ല. ഇന്ത്യന്‍ യാത്രികര്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് ഇത്.
ആസ്ട്രസെനേക്കയും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ഇതേ വാക്‌സിന്‍ വാക്‌സെവിരിയ എന്ന പേരില്‍ ആസ്ട്രസെനേക്ക യൂറോപ്പില്‍ നല്‍കുന്നുണ്ട്. വാക്‌സെവിരിയക്ക് മാത്രമാണ് ഇ.എം.എ അനുമതിയുള്ളത്. ഇതുകൂടാതെ, മൊഡേണ, ഫൈസര്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിനും ഗ്രീന്‍ പാസ് നല്‍കിയിട്ടുണ്ട്.
ഏറ്റവും ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നതെന്നും ഉടന്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വാക്സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ അഡാര്‍ പൂനാവാല വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.