അനിശ്ചിതത്വങ്ങൾക്കിടെ ബ്രെക്സിറ്റ് ചർച്ച തുടങ്ങി
text_fieldsബ്രസൽസ്: ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിടുന്നതിനായുള്ള ഒൗദ്യോഗിക ചർച്ച തുടങ്ങി. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്യുടെ ബ്രെക്സിറ്റ് നയം എങ്ങനെയുള്ളതാവുമെന്ന ആശങ്കക്കിടെയാണ് നടപടികളുടെ തുടക്കം. തെരേസ കഠിന ബ്രെക്സിറ്റ് നയം ഒഴിവാക്കണമെന്ന് വ്യാപകമായി ആവശ്യമുയർന്നിരുന്നു. ബ്രസൽസിൽ ബ്രിട്ടിഷ് ബ്രെക്സിറ്റ് മന്ത്രി ഡേവിഡ് ഡേവിസും യൂറോപ്യൻ യൂനിയനിലെ ചീഫ് നെഗോഷ്യേറ്റർ മൈക്കിൾ ബേണിയറും ആണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ബ്രെക്സിറ്റ് സംബന്ധിച്ച ആശങ്കകൾ അകറ്റുകയാണ് ആദ്യ കടമ്പയെന്ന് ബേണിയർ പറഞ്ഞു.
ബ്രിട്ടൻ ഇ.യു വിട്ടാലും ബ്രിട്ടനിൽ തുടരുന്ന ഇ.യു പൗരന്മാരുടെ നിലനിൽപിനെ കുറിച്ചാണ് കൂടുതൽ ആശങ്ക. ഇതേക്കുറിച്ച് ബ്രിട്ടീഷ് സർക്കാർ പ്രതികരിച്ചിട്ടില്ല. 30 ലക്ഷം യൂറോപ്യൻ പൗരന്മാർ ബ്രിട്ടനിലുണ്ട്. 10 ലക്ഷം ബ്രിട്ടീഷുകാർ ഇ.യു രാജ്യങ്ങളിലും കഴിയുന്നുണ്ട്. ബ്രെക്സിറ്റിനു ശേഷവും യൂറോപ്യൻ രാജ്യങ്ങളിൽ താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് ഇ.യു നേരത്തേ വാഗ്ദാനം െചയ്തിരുന്നു.
അതിനിടെ, തെരഞ്ഞെടുപ്പിൽ കൺസർവേറ്റിവ് പാർട്ടിക്ക് കേവലഭൂരിപക്ഷം ലഭിക്കാത്തത് ബ്രെക്സിറ്റ് ചർച്ചകളെയും ബാധിക്കുമെന്ന് ഇ.യു നേതാക്കൾ ഭയക്കുന്നുണ്ട്. ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാർട്ടിയുടെ അഭിപ്രായംതേടി മാത്രമേ തെരേസക്ക് ചർച്ച മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ. അതിനിടെ, കേവലഭൂരിപക്ഷം തികക്കാൻ ഡി.യു.പി തെരേസയെ പിന്തുണക്കുമോയെന്നും ആശങ്ക നിലനിൽക്കുന്നുണ്ട്. അത്തരം സാഹചര്യത്തിൽ ചർച്ച എങ്ങുമെത്താതെ പരാജയപ്പെടാനാണ് കൂടുതൽ സാധ്യത. 2019 മാർച്ച് 29 ന് നടപടികൾ പൂർത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.