ആസ്ട്രേലിയക്കു നേരെ സൈബർ ആക്രമണം; പിന്നിൽ ചൈനയെന്ന് ആരോപണം
text_fieldsമെൽബൺ: ആസ്ട്രേലിയയിലെ സർക്കാർ സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ആസൂത്രിതമായി സൈബർ ആക്രമണം നടന്നതായി പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. സർക്കാർ വെബ്സൈറ്റുകൾ, ടെലികോം സ്ഥാപനങ്ങൾ, ധന ഇടപാട് സംവിധാനങ്ങൾ, വ്യാപാര സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾ, ആരോഗ്യ, വിദ്യാഭ്യാസ സംവിധാനങ്ങൾ, അവശ്യ സേവന സർവിസുകൾ തുടങ്ങി സകല മേഖലകളിലും ആക്രമണം നടന്നുവെന്ന് വെള്ളിയാഴ്ച വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി വെളിപ്പെടുത്തി.
പ്രധാന വ്യക്തി വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് അവകാശപ്പെട്ട അദ്ദേഹം, പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ പ്രമുഖ കമ്പനികളോട് നിർദേശിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. എന്നാൽ, ഏതെങ്കിലും രാജ്യത്തിെൻറ പേരെടുത്ത് പറയാൻ പ്രധാനമന്ത്രി തയാറായിട്ടില്ല. ഇത്തരം വലിയ സൈബര്‍ ഓപ്പറേഷനുകള്‍ നടത്താന്‍ ശേഷിയുള്ള ഒരുപാട് രാജ്യങ്ങളൊന്നും ഇല്ലെന്നും മോറിസണ്‍ പറഞ്ഞു
അതേസമയം, ആക്രമണത്തിന് പിന്നിൽ ചൈനയാണെന്ന് ആസ്ട്രേലിയൻ സൈബർ വിദഗ്ധർ ആരോപിച്ചു. ഒരു രാജ്യത്തിെൻറ സഹായത്തോടെ മാത്രമെ സങ്കീർണമായ രീതിയിൽ ആക്രമണം നടത്താൻ കഴിയൂവെന്നാണ് വിലയിരുത്തൽ. സ്പിയര്‍ ഫിഷിങ് രീതി ഉപയോഗിച്ച് ഇ മെയില്‍ വഴിയാണ് സുപ്രധാന വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തുന്നതെന്ന് സെക്യൂരിറ്റി തലവന്മാര് പറഞ്ഞു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര തർക്കങ്ങളും നിലനിൽക്കുന്നുണ്ട്. ചൈനയിലെ പ്രമുഖ ടെലികോം കമ്പനിയായ വാവേക്ക് 5ജി പരീക്ഷണത്തിന് ആസ്ട്രേലിയ അനുമതി നിഷേധിച്ചിരുന്നു. ഇതോടൊപ്പം കോവിഡ് വൈറസ് വ്യാപനത്തിെൻറ യഥാർഥ കാരണം ചൈന പുറത്തുവിടണമെന്ന് അമേരിക്കക്കൊപ്പം ആസ്ട്രേലിയയും ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് ആസ്ട്രേലിയൻ ഉൽപന്നങ്ങൾക്ക് വലിയ തോതിൽ ഇറക്കുമതി ചുങ്കം ചുമത്തിയാണ് ചൈന തിരിച്ചടിച്ചത്. ആസ്ട്രേലിയയിൽ നിന്നുള്ള ബീഫ് ഇറക്കുമതിയും ചൈന നിർത്തിയിരുന്നു. 2019ൽ ആസ്ട്രേലിയൻ പാർലമെൻറ് രഹസ്യങ്ങളും ചൈനീസ് ഹാക്കർമാർ ചോർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.