ബംഗ്ലാ വിജയത്തിന് അരനൂറ്റാണ്ട്; ബംഗ്ലാദേശുമായുള്ള സൗഹൃദത്തിന് എന്നും മുൻഗണനയെന്ന് രാഷ്ട്രപതി
text_fieldsന്യൂഡൽഹി-ധാക്ക: ഇന്ത്യയുടെ യുദ്ധ ചരിത്രത്തിലെ ധീര വിജയത്തിെൻറ അരനൂറ്റാണ്ട് പ്രൗഢ ഗംഭീരമായി ആഘോഷിച്ച് രാജ്യം. ബംഗ്ലാദേശിെൻറ പിറവിയിലേക്ക് നയിച്ച, പാകിസ്താനെതിരായ 1971ലെ ഇന്ത്യയുടെ യുദ്ധ വിജയത്തിെൻറ 50ാം വാർഷികദിനമായ വ്യാഴാഴ്ച ബംഗ്ലാദേശ് സ്വാതന്ത്ര്യ സമര സേനാനികൾക്കും ഇന്ത്യൻ സായുധ സേനയ്ക്കും പാർലമെൻറ് ആദരാഞ്ജലിയർപ്പിച്ചു.
ധാക്കയിൽ നടന്ന വിക്ടറി ഡേ പരേഡിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത രാഷ്ട്രപതി രാം നാഥ് കോവിന്ദ്, 1971ലെ വിമോചന യുദ്ധത്തിനും സ്വാതന്ത്ര്യ പോരാട്ടത്തിനും ഓരോ ഇന്ത്യക്കാരെൻറയും ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ടെന്ന് പറഞ്ഞു. ബംഗ്ലാദേശുമായുള്ള സൗഹൃദത്തിന് ഇന്ത്യ എന്നും ഉയർന്ന പരിഗണന കൊടുത്തിട്ടുണ്ട്. ധാക്കയുമായുള്ള സൗഹൃദത്തിെൻറ സകല സാധ്യതകളും സാക്ഷാത്കരിക്കാൻ കഴിയുന്നതെല്ലാം ചെയ്യാൻ ന്യൂഡൽഹി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിനെ മോചിപ്പിച്ച ജനകീയ യുദ്ധത്തിന് കാരണമായ ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദ അടിത്തറക്ക് ചരിത്രം എന്നും സാക്ഷിയായിരിക്കും.
വിജയ് ദിവസിനോട് അനുബന്ധിച്ച് ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം സമർപ്പിച്ചു. രാജ്യത്തുടനീളം പ്രയാണം നടത്തി മടങ്ങിയെത്തിയ നാല് വിജയ ദീപശിഖകൾ പ്രധാനമന്ത്രി സ്മാരക ജ്വാലയിൽ ലയിപ്പിച്ചു. ബംഗ്ലാദേശിലെ സ്വാതന്ത്ര്യ സമര സേനാനികളും ഇന്ത്യൻ സേനയും കാട്ടിയ മാതൃകാപരമായ ധീരതയെ ലോക്സഭയിൽ സ്പീക്കർ ഓം ബിർള അനുസ്മരിച്ചു. യുദ്ധത്തിൽ രാജ്യത്തെ നയിച്ച അന്തരിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പുകഴ്ത്തി കോൺഗ്രസ് അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു. 1971ൽ സേന പ്രകടിപ്പിച്ച അചഞ്ചലമായ കരുത്തും ധീരതയും ഇപ്പോഴും രാജ്യം അഭിമാനത്തോടെ ഓർമിക്കുകയാണെന്ന് രാജ്യസഭയിൽ അധ്യക്ഷൻ എം. വെങ്കയ്യ നായിഡു പറഞ്ഞു. ബംഗ്ലാദേശുമായി ഇന്ത്യക്ക് ആഴമേറിയ ബന്ധമുണ്ടെന്നും സൗഹാർദം കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും മൂന്ന് സേനകളുടെയും മേധാവികളും ദേശീയ യുദ്ധസ്മാരകത്തിൽ നടന്ന ചടങ്ങിൽ പെങ്കടുത്തു.
സ്വാതന്ത്ര്യ സുവർണ ജൂബിലി നിറവിൽ ബംഗ്ലാദേശ്
ധാക്ക: സ്വാതന്ത്ര്യത്തിെൻറ സുവർണ ജൂബിലി നിറവിൽ ബംഗ്ലാദേശ്. പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിെൻറ 50ാം വാർഷിക ആഘോഷങ്ങളിൽ ഇന്ത്യൻ രാഷ്ട്രപതി വിശിഷ്ടാതിഥിയായി പങ്കെടുത്തു. ബംഗ്ലാദേശ് പ്രസിഡൻറ് എം. അബ്ദുൽ ഹമീദും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും മന്ത്രിമാരും നയതന്ത്രജ്ഞരും മറ്റ് വിശിഷ്ടാതിഥികളും വീക്ഷിച്ച വിജയദിന പരേഡിൽ മൂന്ന് ഇന്ത്യൻ സേനകളിലെ 122 അംഗ സംഘവും പങ്കാളികളായി. ആദ്യ ത്രിദിന ബംഗ്ലാദേശ് സന്ദർശനത്തിനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും ഭാര്യ സവിതയെയും ബംഗ്ലാദേശ് രാഷ്ട്രപതി അബ്ദുൽ ഹമീദും പ്രധാനമന്ത്രി ഹസീനയും ചേർന്നാണ് സ്വീകരിച്ചത്. ആഘോഷങ്ങളിൽ പങ്കെടുത്ത ഏക വിദേശ രാഷ്ട്രത്തലവനും ഇന്ത്യൻ രാഷ്ട്രപതി ആയിരുന്നു.
റഷ്യ, ഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്നുള്ള സൈനിക സംഘങ്ങളും യു.എസും മെക്സിക്കോയും അയച്ച സൈനിക നിരീക്ഷക സംഘങ്ങളും പരേഡിൽ പങ്കെടുത്തു. ബംഗ്ലാദേശിന് സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇതാദ്യമായാണ് വിദേശ സൈനികർ വിജയദിന ചടങ്ങിൽ പങ്കെടുക്കുന്നത്. ഒരു സൈനിക ബാൻഡ് ഉൾപ്പെടെ 122 അംഗങ്ങളുള്ള, പരേഡിലെ ഏറ്റവും വലിയ സംഘമായിരുന്നു ഇന്ത്യയുടേത്. വിജയദിന പരേഡിൽ ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ ടി. ആശാ ജ്യോതിർമയി ബംഗ്ലാദേശ് വ്യോമസേനയിലെ സ്കൈ ഡൈവർമാർക്കൊപ്പം സംയുക്ത പ്രകടനം നടത്തി. വിമോചന യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സേനാംഗങ്ങളോടുള്ള ആദരസൂചകമായി നടത്തിയ പാരാ ജംപിൽ പാരാട്രൂപ്പർ ജ്യോതിർമയി ത്രിവർണ പതാകയുമേന്തി. ബംഗ്ലാദേശിലെ കര-നാവിക-വ്യോമ സേനകൾ, അർധസൈനിക വിഭാഗങ്ങൾ, സൈനികേതര സേവനങ്ങൾ, മന്ത്രാലയങ്ങൾ എന്നിവയുടെ 23 സംഘങ്ങളാണ് പരേഡിൽ അണിചേർന്നത്. ദേശീയ പരേഡ് ചത്വരത്തിൽ സായുധസേന പ്രതിരോധ ഉപകരണങ്ങളും ആയുധങ്ങളും പ്രദർശിപ്പിച്ചു, ഒപ്പം മാർച്ച്പാസ്റ്റും വ്യോമാഭ്യാസ പ്രകടനങ്ങളും അരങ്ങേറി.
നേരത്തെ പ്രസിഡൻറ് ഹമീദും പ്രധാനമന്ത്രി ഹസീനയും സാവറിലുള്ള ദേശീയ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് വിമോചന യുദ്ധരക്തസാക്ഷികൾക്ക് ആദരാഞ്ജലിയർപ്പിച്ചു.
സർക്കാർ ഇന്ദിരയെ അവഗണിച്ചു –കോൺഗ്രസ്
ന്യൂഡൽഹി: വിജയദിന ആഘോഷവേളയിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ അനുസ്മരിക്കാതെ സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ്. ആഘോഷവേളയിൽ ബംഗ്ലാദേശിെൻറ വിമോചനത്തിലുള്ള ഇന്ദിര ഗാന്ധിയുടെ പങ്ക് സർക്കാർ തിരിച്ചറിയാത്തതും പേരുപോലും പറയാത്തതും നിർഭാഗ്യകരമാണെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
50ാം വാർഷികം ഇന്ത്യ ആഘോ ഷിക്കുേമ്പാൾ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പങ്ക് ബി. ജെ.പി സർക്കാർ അവഗണിച്ചെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തിനായി 32 വെടിയുണ്ടകൾ ഏറ്റുവാങ്ങിയ അവരുടെ പേരുപോലും ന്യൂഡൽഹിയിൽ നടന്ന 1971 യുദ്ധ വാർഷിക പരിപാടിയിൽ പരാമർശിച്ചില്ലെന്നും ഡെറാഡൂണിൽ ഉത്തരഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യവെ അദ്ദേഹം ആരോപിച്ചു. മുന്നണിയിൽനിന്ന് നയിച്ച ഇന്ദിര ഗാന്ധിയെ പേരെടുത്ത് പറയാതെ ബി.ജെ.പി സർക്കാർ രാഷ്ട്രീയക്കളിയിൽ മുഴുകുകയാണെന്ന് കോൺഗ്രസ് മുഖ്യ വക്താവ് രൺദീപ് സുർജേവാലയും ആരോപിച്ചു.
50ാം വിജയദിനത്തിൽ പ്രധാനമന്ത്രിയും സർക്കാർ പ്രതിനിധികളും 1971ലെ യുദ്ധത്തിലെ 'ഉരുക്കുവനിത' ഇന്ദിര ഗാന്ധിയുടെ പേരുപോലും പരാമർശിക്കാത്തത് അവരുടെ സങ്കുചിത മനസ്സിന് ഉദാഹരണമാണെന്ന് സുർജേവാല ട്വീറ്റ് ചെയ്തു. സ്ത്രീവിരുദ്ധ ബി.ജെ.പി സർക്കാറിെൻറ വിജയദിന ആഘോഷങ്ങളിൽനിന്ന് നമ്മുടെ ഒരേയൊരു വനിത പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ ഒഴിവാക്കിയെന്ന് പ്രിയങ്ക ഗാന്ധിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.