'ഭക്ഷണവും വെള്ളവും കുറവാണ്, ഞങ്ങളെ സഹായിക്കണം...'; കൈ നീട്ടി മലയാളികൾ
text_fieldsബങ്കറിൽ ഭീതിയോടെ
ഖർകീവിൽനിന്ന് അരവിന്ദ്
''കൈയിലുള്ള ഭക്ഷണവും വെള്ളവും തീരാറായി. പുറത്ത് കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. പ്രദേശത്ത് നിരന്തരം ഷെല്ലിങ് നടക്കുന്നുണ്ട്. സമീപത്തെ ഖർകീവ് വിമാനത്താവളത്തിലടക്കം സ്ഫോടനമുണ്ടായെന്നാണറിവ്. ഹോസ്റ്റലിനു താഴെയുള്ള ബങ്കറിൽ ഭീതിയോടെ കഴിയുകയാണ് ഞങ്ങൾ''. യുക്രെയ്നിലെ ഖർകീവിൽ താമസിക്കുന്ന വിദ്യാർഥിയും തലയോലപ്പറമ്പ് സ്വദേശിയുമായ അരവിന്ദ് എസ്. കുമാർ ആശങ്ക 'മാധ്യമ'ത്തോടു പങ്കുവെച്ചു. ഖർകീവ് ദേശീയ മെഡിക്കൽ സർവകലാശാലയിലെ രണ്ടാംവർഷ മെഡിക്കൽ വിദ്യാർഥിയാണ് അരവിന്ദ്.
വ്യാഴാഴ്ചയാണ് ഞാൻ അടക്കമുള്ള വിദ്യാർഥികളോട് ഏജന്റ് ബങ്കറിലേക്ക് മാറാൻ നിർദേശിച്ചത്. അത്യാവശ്യം ഭക്ഷണവും വെള്ളവും കരുതിയിട്ടുണ്ട്. ഭക്ഷണം തീർന്നുപോയാലോ എന്നു കരുതി സൂക്ഷിച്ചാണ് ഉപയോഗിക്കുന്നത്.
തീർന്നാൽ വാങ്ങാനും കഴിയില്ല. കടകളും സൂപ്പർമാർക്കറ്റുകളുമെല്ലാം അടച്ചു. പുറത്തിറങ്ങരുതെന്നാണ് ഏജന്റുമാരുടെ നിർദേശം. രാവിലെ കുളിക്കാനും പ്രാഥമികാവശ്യങ്ങൾക്കും ഹോസ്റ്റൽ മുറികളിലെത്തിയിരുന്നു. അതുകഴിഞ്ഞ് വീണ്ടും ബങ്കറിലേക്ക് മടങ്ങി. വൈദ്യുതി വിച്ഛേദിക്കപ്പെടുമെന്ന് മുന്നറിയിപ്പുണ്ട്. എന്നാൽ, ഇതുവരെ പ്രശ്നമില്ല. വീട്ടുകാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. സർവകലാശാലയിൽ അധികപേരും വടക്കേ ഇന്ത്യക്കാരാണ്.
മലയാളികൾ അമ്പതോളം പേരേ ഉള്ളൂ. ഹോസ്റ്റലിൽനിന്ന് 20 മിനിറ്റുകൊണ്ട് സഞ്ചരിക്കാവുന്ന ദൂരത്തിലാണ് ഖർകീവ് ഇന്റർനാഷനൽ വിമാനത്താവളം. റഷ്യയുടെ അതിർത്തി പ്രദേശമായതിനാൽ ഒഴിപ്പിക്കൽ ദുഷ്കരമാണെന്നാണ് ഏജന്റുമാർ പറയുന്നത്. അതേസമയം ഏജന്റുമാരല്ലാതെ തങ്ങൾക്ക് നിർദേശം തരാനോ മറ്റു വിവരങ്ങൾ കൈമാറാനോ ആരും ബന്ധപ്പെടുന്നില്ല.
ഇന്റർനെറ്റ് പതുക്കെ ആയതിനാൽ പുറത്തെ വിവരങ്ങൾ അറിയാനാകുന്നില്ല. വിദ്യാർഥികൾ നിറഞ്ഞതോടെ ബങ്കറിൽ വായു മലിനപ്പെട്ടുതുടങ്ങി. യുദ്ധസാഹചര്യം അറിഞ്ഞപ്പോൾതന്നെ 27ന് നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അതിനുമുമ്പ് യുദ്ധം തുടങ്ങി. ഇന്ത്യൻ എംബസി അധികൃതർ ഉടൻ എത്തുമെന്ന പ്രതീക്ഷയിലാണ് പുറംലോകത്തുനിന്ന് ഒറ്റപ്പെട്ട് കഴിയുന്ന ഞങ്ങൾ.
ഉറക്കം മൈനസ് രണ്ട് ഡിഗ്രി തണുപ്പിൽ
ഖർകീവിൽനിന്ന് അക്ഷയ
'വ്യാഴാഴ്ച രാത്രി ഉറങ്ങിയത് മെട്രോ സ്റ്റേഷനിലെ മൈനസ് രണ്ട് ഡിഗ്രി തണുപ്പിലാണ്. ബ്ലാങ്കറ്റുകളും ജാക്കറ്റുകളും ഉപയോഗിച്ചാണ് തണുപ്പിനെ അതിജീവിച്ചത്'. ഖർകീവ് ദേശീയ മെഡിക്കൽ സർവകലാശാലയിലെ രണ്ടാംവർഷ മെഡിക്കൽ വിദ്യാർഥിയും ചങ്ങനാശ്ശേരി സ്വദേശിനിയുമായ അക്ഷയയുടേതാണ് വാക്കുകൾ.
മെട്രോ സ്റ്റേഷന് സമീപത്തെ ഫ്ലാറ്റിലാണ് ഞാനും കൊല്ലത്തുനിന്നുള്ള അഞ്ജലി, എറണാകുളത്തുനിന്നുള്ള ദീപ്തി, ഡൽഹിയിൽനിന്നുള്ള ഗ്രീഷ്മ എന്നിവരും താമസിക്കുന്നത്. യുദ്ധം തുടങ്ങിയതോടെ മറ്റുള്ളവർക്കൊപ്പം ഞങ്ങളും മെട്രോ സ്റ്റേഷനിലേക്ക് മാറി. ഭൂഗർഭ സ്റ്റേഷനായതിനാൽ സുരക്ഷിതമാണ്. എന്നാൽ, ഭക്ഷണവും വെള്ളവും കുറവാണ്. തൽക്കാലത്തേക്കുള്ള ഭക്ഷണമേ കൈയിലുള്ളൂ.
ഇത് തീർന്നാൽ വേറെ വഴിയില്ല. ഇന്ത്യൻ എംബസി ഗൂഗ്ൾ ഫോം വഴി ലൊക്കേഷൻ ചോദിച്ചറിയുന്നുണ്ട്. എന്നാൽ, ഇവിടെനിന്ന് മാറ്റുമോ നാട്ടിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കുമോ എന്നൊന്നും വ്യക്തമാക്കുന്നില്ല. റഷ്യൻ അതിർത്തിയോട് ചേർന്നാണ് ഞങ്ങളുള്ളത്. അതിർത്തി കടക്കണമെങ്കിൽ 12 മണിക്കൂർ റോഡ് മാർഗം യാത്രചെയ്യണം. ഇപ്പോഴത്തെ സാഹചര്യത്തിൽ പുറത്തിറങ്ങുന്നതുപോലും അപകടമാണ്.-അക്ഷയ പറഞ്ഞുനിർത്തി.
പാലങ്ങൾ തകർന്നു, കരമാർഗം അടഞ്ഞു...
ഖർകീവിൽനിന്ന് ക്രിസ്റ്റീന ബെൻ, അലീന ബെൻ
മൈനസ് രണ്ട് ഡിഗ്രി തണുപ്പ് അനുഭവപ്പെടുന്ന സ്ഥലത്ത് സർവകലാശാല അധികൃതരുടെ പെട്ടെന്നുള്ള അറിയിപ്പിനെ തുടർന്ന് പുതപ്പുപോലുള്ള സാധനങ്ങൾ ഒന്നും എടുക്കാനാകാതെ രക്ഷപ്പെടുകയായിരുന്നു. ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ ലഭിക്കാത്ത സ്ഥിതിയാണ്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും എംബസി അധികൃതർ ഫോൺ എടുക്കുന്നില്ല. -വയനാട് പനമരം ഗ്രാമപഞ്ചായത്തംഗം മഠത്തിൽ പറമ്പിൽ ബെന്നി ചെറിയാന്റെ മക്കളായ ക്രിസ്റ്റീന ബെൻ, അലീന ബെൻ എന്നിവർ 'മാധ്യമ'ത്തോട് പറഞ്ഞു.
പതിനഞ്ചോളം മലയാളി വിദ്യാർഥികളും നിരവധി യുക്രെയ്ൻ വാസികളുമാണ് വ്യാഴാഴ്ച വൈകീട്ടു മുതൽ ജീവൻ പണയംവെച്ച് കഴിയുന്നത്. ഞങ്ങൾക്ക് കരമാർഗം മറ്റു രാജ്യത്ത് എത്തണമെങ്കിൽ പത്തു മണിക്കൂറിലധികം സമയമെടുക്കും. പാലങ്ങൾ തകർത്തതിനാൽ അതിനും സാധ്യമല്ലാത്ത സ്ഥിതിയിലാണ്. ക്രിസ്റ്റീന എം.ബി.ബി.എസ് അഞ്ചാം വർഷവും അലീന മൂന്നാം വർഷവും പഠിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.