കൈക്കൂലി കേസിൽ അദാനിക്കും അനന്തരവൻ സാഗറിനും സമൻസ് അയച്ച് യു.എസ് മാർക്കറ്റ് റെഗുലേറ്റർ; 21 ദിവസത്തിനുള്ളിൽ മറുപടി ബോധിപ്പിക്കണം
text_fieldsവാഷിംങ്ടൺ: സോളാർ വൈദ്യുത കരാറുകൾക്കായി 265 മില്യൺ യു.എസ് ഡോളർ (2,200 കോടി രൂപ) കൈക്കൂലി നൽകാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ നിലപാട് വിശദീകരിക്കാൻ അദാനി ഗ്രൂപ് സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനിക്കും അനന്തരവൻ സാഗറിനും സമൻസ് അയച്ച് യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ (എസ്.ഇ.സി). 21 ദിവസത്തിനകം എസ്.ഇ.സിക്ക് മറുപടി നൽകാനാണ് നിർദേശം.
അദാനിയുടെ അഹമ്മദാബാദിലെ ‘ശാന്തിവൻ’ ഫാം വസതിയിലേക്കും സഹോദരപുത്രൻ സാഗറിന്റെ അതേ നഗരത്തിലെ വസതിയിലേക്കും ആണ് സമൻസ് അയച്ചത്. ‘ഈ സമൻസ് അയച്ച് 21 ദിവസത്തിനുള്ളിൽ അറ്റാച്ച് ചെയ്തിരിക്കുന്ന പരാതിയുടെമേലോ അല്ലെങ്കിൽ ഫെഡറൽ റൂൾസ് ഓഫ് സിവിൽ റൂൾ -12ന് കീഴിലുള്ള ഒരു പ്രമേയത്തിന്റെ മേലോ ഉള്ള മറുപടി താങ്കൾ എസ്.ഇ.സിക്ക് നൽകണ’മെന്ന് നവംബർ 21ന് ന്യൂയോർക്ക് ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് കോടതി വഴി അയച്ച നോട്ടീസിൽ പറയുന്നു. പ്രതികരിച്ചില്ലെങ്കിൽ ഉപേക്ഷ കാണിച്ചതായി വിധി പുറപ്പെടുവിക്കും. നിങ്ങളുടെ ഉത്തരമോ പ്രമേയമോ കോടതിയിൽ ഫയൽ ചെയ്യണമെന്നും അത് കൂട്ടിച്ചേർത്തു.
62 കാരനായ ഗൗതം അദാനിയും അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ ഡയറക്ടറായ അനന്തരവൻ സാഗർ അദാനിയും ഉൾപ്പെടെ ഏഴ് പ്രതികളും ലാഭകരമായ സൗരോർജ്ജ വിതരണ കരാറുകൾ 20 വർഷത്തിലധികം കാലത്തേക്ക് 200 കോടി ഡോളർ ലാഭം പ്രതീക്ഷിക്കുന്ന വ്യവസ്ഥകളിൽ നേടാൻ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് 265 മില്യൺ യു.എസ് ഡോളർ കൈക്കൂലി നൽകാൻ സമ്മതിച്ചതായി ബുധനാഴ്ച ന്യൂയോർക്ക് കോടതിയിൽ മുദ്രവെച്ച കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച അദാനി സാധ്യമായ എല്ലാ നിയമ വഴികളും തേടുമെന്ന് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.