ഹാമിഷ് ഹാർഡിങ്, ഷെഹ്സാദ ദാവൂദ്, മകൻ സുലൈമാൻ... ടൈറ്റാനിക് കാണാൻപോയ ശതകോടീശ്വരന്മാൻ ഇവരാണ്
text_fieldsലോകത്തെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഒരു തിരോധാനമാണിപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. ദക്ഷിണ അറ്റ്ലാന്റിക് കടലിൽ മുങ്ങിയ ആഡംബരക്കപ്പൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്‌ക്കിടെ അപ്രത്യക്ഷമായ അന്തർവാഹിനിയാണ് വാർത്തകൾക്ക് അടിസ്ഥാനം. ഈ അന്തർവാഹനിയിലെ യാത്രക്കാർ പാക്, ബ്രിട്ടീഷ് ശതകോടീശ്വരന്മാരായിരുന്നു. അഞ്ച് യാത്രികരുമായി കടലിന്റെ അടിത്തട്ടിലേക്ക് നീങ്ങിയ, ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് എന്ന സ്വകാര്യ കമ്പനിയുടെ ‘ടൈറ്റൻ’ എന്ന അന്തർവാഹിനിയാണ് കാണാതായത്.
അന്തർവാഹിനിക്കുള്ളിൽ ഇനി ഏതാനും മണിക്കൂറുകൾ കഴിയാനുള്ള ഓക്സിജനാണ് ബാക്കിയുള്ളതെന്നാണ് വിവരം. ഇത് തീരും മുൻപേ യാത്രികരെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. ഞായറാഴ്ചയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനായി അഞ്ച് യാത്രികരുമായി അന്തർവാഹിനി യാത്ര തിരിച്ചത്. രണ്ട് മണിക്കൂറിനുള്ളിൽ അന്തർവാഹിനിയുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
അറ്റ്‌ലാന്റിക് സമുദ്രത്തിൽ, സമുദ്രോപരിതലത്തിൽനിന്ന് ഏകദേശം 3,800 മീറ്റർ (12,500 അടി) താഴെയാണ് ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങളുള്ളത്. കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡിൽനിന്ന് ഏതാണ്ട് 3700 മൈൽ അകലെയാണത്. ഈ അവശിഷ്ടങ്ങൾ കാണുന്നതിനായി പ്രത്യേകം നിർമിച്ച അന്തർവാഹിനികൾ ഉപയോഗിച്ചു തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. കോടീശ്വരൻമാരായ വിനോദസഞ്ചാരികളും സമുദ്ര വിഷയങ്ങളിൽ താൽപര്യമുള്ള വിദഗ്ധരും ഗവേഷകരുമാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താറുള്ളത്. ഒരാൾക്ക് 2.5 ലക്ഷം യുഎസ് ഡോളറാണ് (രണ്ടു കോടിയിലധികം ഇന്ത്യൻ രൂപ) ഇതിനു ചെലവു വരിക.
വി.ഐ.പി യാത്രക്കാർ
ഏതാണ്ട് 21 അടി നീളമുള്ള അന്തർവാഹിനിയിലാണ് ഞായറാഴ്ച രാവിലെ അഞ്ചംഗ സംഘം യാത്ര തിരിച്ചത്. രണ്ടു മണിക്കൂറിനുള്ളിൽ ഈ അന്തർവാഹിനിയുമായുള്ള ബന്ധം നഷ്ടപ്പെട്ടതായാണ് അധികൃതർ അറിയിക്കുന്നത്. ‘പോളാർ പ്രിൻസ്’ എന്ന ഗവേഷണ കപ്പലിലേക്കാണ് അന്തർവാഹിനിയിൽനിന്നുള്ള സിഗ്നലുകൾ ലഭിച്ചിരുന്നത്. ഈ കപ്പലുമായുള്ള ബന്ധമാണ് അന്തർവാഹിനിക്ക് നഷ്ടമായത്.
പാക്കിസ്ഥാനിലെ പ്രശസ്തനായ വ്യവസായിയും മകനുമാണ് അന്തർവാഹിനിയിലെ യാത്രക്കാരിൽ രണ്ടു പേരെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കറാച്ചി ആസ്ഥാനമായുള്ള ‘എൻഗ്രോ’ എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അധിപൻ ഷഹ്സാദാ ദാവൂദ്, മകൻ സുലേമാൻ എന്നിവരാണ് അന്തർവാഹിനിയിലുള്ളത്. ഇക്കാര്യം ഇവരുടെ കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ ധനികരുടെ പട്ടികയിൽ സ്ഥിരമായി ഇടംപിടിക്കുന്ന വ്യക്തിയാണ് ഷഹ്സാദയുടെ പിതാവ് ഹുസൈൻ ദാവൂദ്. ഊർജം, കൃഷി, പെട്രോകെമിക്കൽസ്, ടെലി കമ്യൂണിക്കേഷൻ തുടങ്ങിയ വിവിധ മേഖലകളിലായി പടർന്നു കിടക്കുന്ന പ്രസ്ഥാനമാണ് എൻഗ്രോ. കഴിഞ്ഞ വർഷം അവസാനം 10,000 കോടിയോളം രൂപയുടെ വരുമാനം രേഖപ്പെടുത്തിയ കമ്പനിയാണിത്.
ബ്രിട്ടിഷ് വ്യവസായി ഹാമിഷ് ഹാർഡിങ്ങാണ് അന്തർവാഹിനിയിലുള്ള മറ്റൊരാൾ. ആക്‌ഷൻ ഏവിയേഷൻ എന്ന വിമാനക്കമ്പനിയുടെ ഉടമയാണ് അൻപത്തെട്ടുകാരനായ ഹാർഡിങ്. ബഹിരാകാശത്തേക്കും യാത്ര നടത്തിയിട്ടുള്ള ഇദ്ദേഹത്തിന്റെ പേരിൽ മൂന്ന് ഗിന്നസ് റെക്കോർഡുകളുമുണ്ട്. പ്രശസ്ത ഫ്രഞ്ച് ഡൈവർ പോൾ ഹെൻറി നാർജിയോലെറ്റും അന്തർവാഹിനിയിലുള്ളതായി സൂചനയുണ്ട്. യാത്ര പുറപ്പെടും മുൻപ് ഹാർഡിങ് ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലെ സൂചനയാണ് നാർജിയോലെറ്റിന്റെ സാന്നിധ്യത്തെക്കുറിച്ച് വിവരം നൽകുന്നത്. യാത്ര സംഘടിപ്പിച്ച ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് എന്ന കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് സ്റ്റോക്ടൻ റഷാണ് അന്തർവാഹിനിയിലെ അഞ്ചാമനെന്നാണ് വിവരം.
മാധ്യമപ്രവർത്തകനായ സി.ബി.എസിന്‍റെ ഡേവിഡ് പോഗ് കഴിഞ്ഞ വർഷം ഈ മുങ്ങിക്കപ്പലിൽ സഞ്ചരിച്ച് ടൈറ്റാനിക് അവശിഷ്ടങ്ങൾ കണ്ടിരുന്നു. പുറത്തുനിന്നുള്ളവരുടെ സഹായം കൂടാതെ മുങ്ങിക്കപ്പലിന് അകത്തുള്ളവർക്ക് രക്ഷപ്പെടൽ അസാധ്യമാണെന്ന് ഇദ്ദേഹം പറയുന്നു. കപ്പലിന്‍റെ പ്രവേശന കവാടം പുറത്തുനിന്ന് ബോൾട്ടുകളിട്ട് അടച്ചിട്ടുണ്ടാകും. മുങ്ങിക്കപ്പലിനൊപ്പം പോകുന്ന മറ്റൊരു കപ്പലുണ്ടാകും. ഇത് തൊട്ടുമുകളിലുണ്ടെങ്കിൽ അടിയിൽ നിന്നുകൊണ്ട് മുങ്ങിക്കപ്പലിൽ നിന്ന് ടെക്സ്റ്റ് മെസേജുകൾ അയക്കാനാകും. അല്ലാത്തപക്ഷം, സമുദ്രത്തിനടിയിൽ ജി.എപി.എസ്, റേഡിയോ സർവിസുകൾ ലഭിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
നാലു വർഷത്തോളമായി ഇത്തരം ടൈറ്റാനിക് യാത്രകൾ സജീവമാണ്. സമുദ്രാന്തർ ഭാഗം കേന്ദ്രീകരിച്ച് ഗവേഷണം നടത്തുന്ന വിദഗ്ധർ, ശാസ്ത്രജ്ഞർ, ചലച്ചിത്ര പ്രവർത്തകർ തുടങ്ങിയവരുടെ കൂട്ടായ്മയിൽ രൂപമെടുത്ത കമ്പനിയാണ് ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ്. 2021ൽ തുടങ്ങിയ കമ്പനിയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ യാത്രയാണ് ഇപ്പോൾ നടന്നത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി എട്ടു ദിവസത്തെ പാക്കേജാണ് കമ്പനി നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.